കല്ലറ-പാങ്ങോട് സ്വാതന്ത്ര്യസമരം; കൊച്ചപ്പിപ്പിള്ളയെയും പട്ടാളം കൃഷ്ണനെയും തൂക്കിലേറ്റിയിട്ട് 83 വർഷം
text_fieldsപാങ്ങോട്: ഇന്ത്യന്‍ സ്വാതന്ത്ര്യസമര പട്ടികയിലെ 26-ാം സ്ഥാനത്തുള്ള കല്ലറ-പാങ്ങോട് പ്രക്ഷോഭത്തിന്റെ ഭാഗമായി തൂക്കിലേറ്റിയ പട്ടാളം കൃഷ്ണന്റെയും കൊച്ചപ്പിപ്പിള്ളയുടെയും രക്തസാക്ഷിത്വത്തിന് 83 വര്‍ഷം.
1940 ഡിസംബര്‍ 17ന് കൊച്ചപ്പിപ്പിള്ളയെയും 18ന് പട്ടാളം കൃഷ്ണനെയും തൂക്കിലേറ്റുകയായിരുന്നു. പൊലീസ് വെടിയേറ്റ പ്ലാക്കീഴില്‍ കൃഷ്ണപിള്ള, കൊച്ചുനാരായണാനാശാരി, ലോക്കപ്പ് മര്‍ദനത്തിന് ഇരയായ അലിയാരുകുഞ്ഞ്, കല്ലറയില്‍ പൊലീസ് പിടികൂടിയ കുഞ്ഞന്‍ പിള്ള, വാവാകുട്ടി, മുഹമ്മദാലി, പാറ നാരായണന്, പൊലീസിന് കീഴടങ്ങാതെ ജീവനൊടുക്കിയ കല്ലറ പത്മനാഭപിള്ള എന്നിവരൊക്കെ സമര രക്തസാക്ഷികളാണ്.
കല്ലറ ചന്തയിൽ കാർഷിക ഉൽപന്നങ്ങൾക്ക് ചന്ത നടത്തിപ്പുകാരൻ അമിതമായ ചുങ്കം ഏർപ്പെടുത്തിയപ്പോൾ ചോദ്യംചെയ്തവര്‍ക്ക് ക്രൂര മര്‍ദനമേൽക്കേണ്ടിവന്നു. ഇതിനെതിരായ സമരത്തെ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പിന്തുണച്ചു. 1938 സെപ്റ്റംബര്‍ 21ന് നന്ദിയോട് ചന്തക്ക് സമീപം സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യ പ്രാദേശിക യോഗം നടന്നു. തുടർന്ന് കല്ലറയിലും പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്തു. ഈ അവസരത്തിലാണ് ഭരതന്നൂരിൽ കൊച്ചപ്പിപ്പിള്ളയെ അറസ്റ്റ് ചെയ്ത് മർദിച്ചത്. ഇതാണ് കല്ലറ-പാങ്ങോട് കലാപത്തിലേക്കും പൊലീസ് സ്റ്റേഷൻ ആക്രമണത്തിലേക്കും നയിച്ചത്. സംഭവത്തിൽ നാല്പതോളം പേരെ പ്രതികളാക്കിയും കണ്ടാലറിയാവുന്ന മൂവായിരത്തോളം പേര്‍ക്കെതിരെ കേസുമെടുത്തു.
ഭരണാനുകൂലിയായ സെഷന്‍സ് ജഡ്ജി 40 പ്രതികളില്‍ ഏഴുപേരെ വെറുതെവിടുകയും രണ്ടുപേരെ തൂക്കിലേറ്റാനും വിധിച്ചു. സമരത്തിന് ഒരു സ്മാരകം വേണമെന്നും ചരിത്രം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തുണ്ട്.
രക്തസാക്ഷി അനുസ്മരണം ഇന്ന്
പാങ്ങോട്: കല്ലറ-പാങ്ങോട് സമരവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെട്ട കൊച്ചപ്പിപ്പിള്ള, പട്ടാളം കൃഷ്ണന് എന്നിവരെ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരിക്കും. ഞായറാഴ്ച രാവിലെ 10ന് പാങ്ങോട് പഴയ പൊലീസ് സ്റ്റേഷന് മുന്നില്‍ രക്തസാക്ഷികള്‍ക്കായി ചിത്രംവര പ്രണാമത്തോടെയാണ് തുടക്കം. പഞ്ചായത്ത് പ്രസിഡന്റ് എം.എം. ഷാഫി ഉദ്ഘാടനം ചെയ്യും. പു.ക.സ ഏരിയ സെക്രട്ടരി വിഭു പിരപ്പന്‍കോട് അധ്യക്ഷത വഹിക്കും. നാഷിദും സംഘവും ചിത്രം വരക്ക് നേതൃത്വം നൽകും. വൈകീട്ട് മൂന്നിന് കല്ലറ ബസ് സ്റ്റാൻഡില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം കവി വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.