കല്ലാര്‍കുട്ടി അണക്കെട്ടില സ്ലൂയീസ് വാൽവ് തുറന്നു; നാലു പവർ ഹൗസുകളുടെ പ്രവർത്തനം നിർത്തി
text_fieldsഅടിമാലി: കല്ലാർകുട്ടി അണക്കെട്ടിലെ അറ്റകുറ്റപ്പണിക്കായി സ്ലൂയിസ് വാൽവ് തുറന്നു. വെളളിയാഴ്ച രാവിലെ11 നാണ് തുറന്നത്. ഇതോടെ അണക്കെട്ടിലെ വെള്ളം പൂർണ്ണമായി വറ്റി. നേര്യമംഗലം, പന്നിയാർ, ചെങ്കുളം, ലോവർ പെരിയാർ വൈദ്യുതി നിലയങ്ങളുടെ ഉല്പാദനം നിർത്തി വെച്ചു.
തകരാറിലായ സ്ലൂയിസ് വാൽവ് തുറന്ന് ശരിയാക്കുകയാണ് ലക്ഷ്യം. ഇതിന് മുൻപ് 2009ലാണ് സ്ലൂയിസ് വാൽവ് പൂർണ്ണമായി തുറന്നത്. തകരാറിലായ റാക് ട്രാഷ് മാറ്റി സ്ഥാപിക്കാനാണിത്. വെള്ളിയാഴ്ച മുതൽ 11 ദിവസത്തേക്കാണ് ഡാം തുറന്നിടുക. പന്നിയാർ, ചെങ്കുളം നിലയങ്ങളിൽ ഉല്പാദനത്തിന് ശേഷമുള്ള വെള്ളമാണ് കല്ലാർകുട്ടി അണക്കെട്ടിൽ എത്തുക.
ഇത്തരത്തിൽ വെള്ളം എത്താതിരിക്കാനാണ് ഈ പവർ ഹൗസുകൾ പ്രവർത്തനം നിർത്തിവെക്കാൻ കാരണം. നേര്യമംഗലം നിലയത്തിലേക്ക് വെള്ളം എത്തിക്കുന്ന ഡാമാണ് കല്ലാർകുട്ടി. ഇവിടെ നിന്നും ലോവർ പെരിയാർ അണക്കെട്ടിലേക്ക് വെള്ളം എത്തും. ഇതാണ് കരിമണൽ നിലയത്തിന്‍റെ ഉല്പാദനം നിർത്താൻ കാരണം.
2009 -ൽ തുറന്ന് ടണൽ ഉൾപ്പെടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഈ സമയം ഡാമിൽ അടിഞ്ഞ വൻ മണൽ ശേഖരം മുതിരപ്പുഴയാറും പെരിയാറും നിറച്ചിരുന്നു. ഇത് ലോവർ പെരിയാർ നിലയത്തിന്‍റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. 2018 -ൽ പ്രളയവും ഈ വൈദ്യുതി നിലയങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു.
തകരാറിലായ സ്ലൂയിസ് വാൽവ് തുറക്കുന്നതിൽ വകുപ്പിന് ആശങ്കയുണ്ട്. കരിമണൽ 180, നേര്യമംഗലം 77.5, ചെങ്കുളം 51.25, പന്നിയാർ 32 .4 ഉൾപ്പെടെ 341.15 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.