കാട്ടാന ആക്രമണത്തിൽ മരണം; വയനാട് കല്ലൂരിൽ നാട്ടുകാരുടെ പ്രതിഷേധം
text_fieldsസുൽത്താൻ ബത്തേരി: കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് മധ്യവയസ്കൻ മരിച്ചതിന് പിന്നാലെ വയനാട് കല്ലൂരിൽ നാട്ടുകാരുടെ വ്യാപക പ്രതിഷേധം. കല്ലൂർ ടൗണിൽ നാട്ടുകാർ ദേശീയപാത ഉപരോധിക്കുകയാണ്. കല്ലൂർ കല്ലുമുക്ക് മാറോട് കോളനിയിലെ രാജുവാണ് (48) കാട്ടാന ആക്രമണത്തിൽ ഇന്നലെ മരിച്ചത്.
കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, കുടുംബാംഗത്തിന് സ്ഥിരജോലി നൽകണം എന്നീ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്. രാജുവിന്‍റെ സഹോദരന്‍റെ മകൻ ബിജു അഞ്ച് വർഷം മുമ്പ് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് തളർന്നുകിടക്കുകയാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
അതിനിടെ, രാജുവിന്‍റെ വീട്ടിലേക്കെത്തിയ മന്ത്രി ഒ.ആർ. കേളുവിന് നേരെയും പ്രതിഷേധമുണ്ടായി. മന്ത്രിയുടെ വാഹനം തടയാൻ ശ്രമമുണ്ടായി. സർവകക്ഷി യോഗത്തിൽ എല്ലാ കാര്യങ്ങളും ചർച്ചചെയ്യുമെന്നും തീരുമാനമുണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി.
ഞായറാഴ്ച രാത്രി വീടിന് സമീപത്തുവെച്ചാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചക്ക് ശേഷമായിരുന്നു മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.