കലോത്സവ വിധികര്‍ത്താക്കള്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാവുമോയെന്ന് ഹൈകോടതി
text_fieldsകൊച്ചി: സ്കൂള്‍ കലോത്സവത്തിലെ വിധികര്‍ത്താക്കള്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കാനാവുമോയെന്ന് ഹൈകോടതി. നിയമം നടപ്പാക്കാവുന്ന പൊതുസേവകരുടെ പട്ടികയില്‍ വരുന്നവരാണോ വിധികര്‍ത്താക്കളെന്നും കോടതി ആരാഞ്ഞു. നടപടി പാടില്ളെങ്കില്‍ അനാവശ്യ കേസ് രജിസ്റ്റര്‍ ചെയ്ത കണ്ണൂര്‍ ഡിവൈ.എസ്.പിക്കെതിരെ നടപടി വേണ്ടി വരുമെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കുച്ചിപ്പുടിയുടെ വിധിനിര്‍ണയച്ചതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ കേസെടുത്തതിനെതിരെ മൂന്നാം പ്രതി കൂടിയായ നൃത്ത അധ്യാപകന്‍ അന്‍ഷാദ് അസീസ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
വിധികര്‍ത്താക്കള്‍ക്കെതിരെ അഴിമതി നിരോധ നിയമപ്രകാരവും ഹരജിക്കാരനെതിരെ ക്രിമിനല്‍ ഗൂഢാലോചന കൂടി ചേര്‍ത്തുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഹരജി പരിഗണിക്കവേയാണ് വിധികര്‍ത്താക്കള്‍ക്കെതിരെ കേസെടുത്തതിന്‍െറ സാധുതയില്‍ കോടതി സംശയം പ്രകടിപ്പിച്ചത്. കലാപരിപാടിയുടെ വിധി നിര്‍ണയത്തിന് എത്തിയ വ്യക്തി എങ്ങനെ അഴിമതി നിരോധ നിയമം ബാധകമായ പൊതുസേവകരുടെ നിര്‍വചനത്തില്‍ വരുമെന്ന് കോടതി ചോദിച്ചു. വിധികര്‍ത്താവിന് പ്രതിഫലം നല്‍കുന്നത് സര്‍ക്കാറാവാം. എന്നാല്‍, സര്‍ക്കാറില്‍നിന്ന് പ്രതിഫലം കൈപ്പറ്റുന്നുവെന്നതു കൊണ്ട് മാത്രം പൊതുസേവകന്‍െറ നിര്‍വചനത്തില്‍ വരില്ല. ഒൗദ്യോഗിക ജോലിയുടെ ഭാഗമായി സര്‍ക്കാറിന്‍െറ പ്രതിഫലം പറ്റുന്നവരാകണം പൊതുസേവകര്‍. നൃത്തം വിലയിരുത്തി മാര്‍ക്കിടുന്നതുമായി ബന്ധപ്പെട്ട ആരോപണത്തിന്‍മേല്‍ പൊതുസേവകരെന്ന നിലയില്‍ അഴിമതി നിരോധ നിയമ പ്രകാരം കേസെടുക്കാനാവില്ല. ഈ സാഹചര്യത്തില്‍ വിധികര്‍ത്താവിന് നല്‍കിയ തുകയുടെ സ്വഭാവവും അഴിമതി നിരോധന നിയമത്തിന്‍െറ പരിധിയില്‍ കേസ് ഉള്‍പ്പെടുമെന്നതിന്‍െറ തെളിവും രണ്ടാഴ്ചക്കകം ഹാജരാക്കാന്‍ ഡിവൈ.എസ്.പിക്ക് കോടതി നിര്‍ദേശം നല്‍കി. അല്ലാത്തപക്ഷം നടപടി നേരിടേണ്ടിവരുമെന്ന് വ്യക്തമാക്കിയ കോടതി കേസിലെ തുടര്‍ നടപടികള്‍ മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.