കലോത്സവ തിരക്കിൽനിന്ന് വെള്ളിത്തിരയിലേക്ക്
text_fieldsതൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിെൻറ തിരക്കുകളിൽനിന്ന് ആർ. പാർവതി നേരെ പോകുന്നത് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക്. പാർവതി ആദ്യമായി അഭിനയിക്കുന്ന ‘18ാം പടി’ സിനിമയുടെ ചിത്രീകരണം ജനുവരി പകുതിയോടെ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ‘ഓഗസ്റ്റ് സിനിമാസി’െൻറ ബാനറിൽ ശങ്കർ രാമകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുക. തിരുവനന്തപുരം കഴക്കൂട്ടം അൽ ഉദുമാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്.
സംസ്ഥാന കലോത്സവങ്ങളിൽ വർഷങ്ങളായി പങ്കെടുക്കുന്ന പാർവതിയുടെ സ്വപ്നം സിനിമതന്നെയായിരുന്നു. ‘18ാം പടി’ക്ക് അഭിനേതാക്കളെ തിരഞ്ഞെടുക്കുന്ന ഓഡിഷന് പോയ ആദ്യ റൗണ്ടിൽതന്നെ തിരഞ്ഞെടുത്തു. പുതുമുഖങ്ങളെവെച്ച് ഒരുക്കുന്ന ചിത്രത്തിൽ ക്യാരക്ടർ റോൾ ആണ്. തിരുവനന്തപുരം പ്രധാന ലൊക്കേഷനായ ചിത്രം പഠനത്തെ ബാധിക്കില്ലെന്നും വരാനിരിക്കുന്ന വാർഷിക പരീക്ഷയുടെ സമയത്ത് ഷൂട്ടിങ് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നും പാർവതി പറഞ്ഞു. കണ്ണൂരിൽ നടന്ന കലോത്സവത്തിൽ കുച്ചിപ്പുടിയിൽ മൂന്നാം സ്ഥാനം ഉണ്ടായിരുന്നു. ഇക്കുറി കഥകളിയിൽ എ ഗ്രേഡുണ്ട്.
തൃശൂരിലെ കലോത്സവം മറക്കാനാവാത്ത അനുഭവമാണ്. ഹയർ സെക്കൻഡറി വിഭാഗം കേരളനടനത്തിനുശേഷം നേരെ പോയത് പ്രഥമശുശ്രൂഷ കേന്ദ്രത്തിലേക്കായിരുന്നു. ഛർദിച്ച് അവശയായതോടെ പ്രഥമശുശ്രൂഷ നൽകി ജില്ല ആശുപത്രിയിലേക്ക് മാറ്റി. വൈകീട്ടുവരെ ചികിത്സ നൽകിയശേഷമാണ് ഡിസ്ചാർജ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയും കരാറുകാരനുമായ പ്രസന്നകുമാറാണ് അച്ഛൻ, അമ്മ രാധിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.