കണ്ണൂർ ചിരി
text_fieldsകൊല്ലം: ‘കോഴിക്കോടിനെ വെല്ലുവിളിക്കാനാര്?’... ജനുവരി നാലിന് കൊല്ലത്ത് കലോത്സവത്തിന് തിരശ്ശീലയുയർന്നത് മുതലുള്ള ചോദ്യമിതായിരുന്നു. കഴിഞ്ഞ തവണ സ്വന്തം തട്ടകത്തിൽ കിരീടം നേടി സ്വർണക്കപ്പ് നേട്ടം 21 ആക്കിയ കോഴിക്കോട്, ഇത്തവണ 1001 പേരടങ്ങിയ ഏറ്റവും വലിയ സംഘവുമായാണ് കൊല്ലത്തെത്തിയത്. ആദ്യ ദിവസം തന്നെ ആധിപത്യത്തിന്റെ സൂചനകളും നൽകി. എന്നാൽ, കണ്ണൂരും പാലക്കാടും കടുത്ത വെല്ലുവിളി തുടക്കം മുതൽ ഉയർത്തി. മൂന്നാം ദിനമായപ്പോഴേക്കും പത്തിനു മുകളിൽ പോയന്റ് ലീഡോടെ ഒന്നാമതെത്തി.
നാലാം ദിവസം അർധരാത്രി വരെയും കണ്ണൂർ ലീഡ് തുടർന്നിരുന്നു. കഴിഞ്ഞ കലോത്സവങ്ങളിലെല്ലാം അവസാന ദിവസങ്ങളിൽ പോയന്റ് കോഴിക്കോട് വാരിക്കൂട്ടുന്നതായിരുന്നു ദൃശ്യം. കൊല്ലത്തും പതിവ് തുടരുമെന്ന സൂചനയോടെ സമാപന ദിവസമായ തിങ്കളാഴ്ച രാവിലെ കോഴിക്കോട് കണ്ണൂരിനൊപ്പമെത്തി. ഉച്ചയോടെ, ഒരു പോയന്റിന്റെ ലീഡും കോഴിക്കോട് സ്വന്തമാക്കി. ഇതോടെ, ഇത്തവണയും കോഴിക്കോട് തന്നെയെന്നായിരുന്നു എല്ലാവരുടെയും ചിന്ത. എന്നാൽ, അവസാന ലാപ്പിലേക്ക് കടന്നതോടെ കണ്ണൂർ കരുത്തോടെ തിരിച്ചുവന്നു. ഒടുവിൽ മൂന്ന് പോയന്റിന്റെ ലീഡിൽ നാലാം തവണയും സ്വർണക്കപ്പ് സ്വന്തമാക്കി. കോഴിക്കോടിന്റെ മോഹങ്ങൾ വീണുടയുകയും ചെയ്തു.
കലോത്സവ വേദികളിലെ മലബാർ മേഖലയുടെ ആധിപത്യം തുടരുന്നതിന്റെ കാഴ്ചകളായിരുന്നു ഇത്തവണയും. ആദ്യ അഞ്ച് സ്ഥാനങ്ങളും കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, മലപ്പുറം എന്നീ ജില്ലകൾ സ്വന്തമാക്കിയപ്പോൾ ആതിഥേയരായ കൊല്ലത്തിനാണ് ആറാം സ്ഥാനം. ഹൈസ്കൂൾ വിഭാഗത്തിൽ 96ഉം ഹയർ സെക്കൻഡറിയിൽ 105ഉം ഇനങ്ങളിലായിരുന്നു മത്സരം. അറബിക്, സംസ്കൃതം കലോത്സവങ്ങളിൽ 19 ഇനങ്ങളിലും മത്സരം നടന്നു. 16 വർഷത്തിനുശേഷം കൊല്ലത്ത് വിരുന്നെത്തിയ കലോത്സവം 24 വേദികളിലായാണ് അരങ്ങേറിയത്.
അറബിക് കലോത്സവം: ഒന്നാംസ്ഥാനം പങ്കിട്ട് മലപ്പുറവും കണ്ണൂരും
കൊല്ലം: ലോകം നേരിടുന്ന ഫാഷിസവും ഗസ്സയിലെ വിലാപവും സമകാലിക സാമൂഹിക സാഹചര്യങ്ങളുമൊക്കെ ചർച്ചയായ അറബിക് കലോത്സവത്തിൽ 95 പോയന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ട് മലപ്പുറം, കണ്ണൂർ ജില്ലകൾ. സ്കൂൾ വിഭാഗത്തിൽ 54 പോയന്റുമായി ഇടുക്കി കല്ലാർ ഗവ. എച്ച്.എസ്.എസ് ഒന്നാംസ്ഥാനക്കാരായി. ദേശീയ-അന്തർദേശീയ തലങ്ങളിൽ വേട്ടയാടപ്പെടുന്നവരുടെ ശബ്ദമായി മാറിയ വേദികളിൽ സാമൂഹിക-സാംസ്കാരിക മേഖലകളിലെ ജീർണതകൾ ചർച്ച ചെയ്യപ്പെട്ടു. അറബിക് പദ്യം ചൊല്ലൽ മുതൽ നാടകം വരെ വേദികളിൽ കൃത്യമായ നിലപാടുകളാണ് വിദ്യാർഥികൾ അറിയിച്ചത്.
93 വീതം പോയന്റുകൾ നേടി പാലക്കാട്, കാസർകോട് ജില്ലകൾ രണ്ടാംസ്ഥാനത്തെത്തി. 91 പോയന്റുകളുമായി തിരുവനന്തപുരം, കൊല്ലം, വയനാട് ജില്ലകൾ മൂന്നാംസ്ഥാനക്കാരായി. കോഴിക്കോട്- 90, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകൾ 89 പോയന്റ് വീതം, ഇടുക്കി- 79, പത്തനംതിട്ട-73 പോയന്റ് എന്നിങ്ങനെയാണ് നേടിയത്. 49 പോയന്റ് നേടിയ കോട്ടയം ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്.എസ് ആണ് സ്കൂൾ വിഭാഗത്തിൽ രണ്ടാമത്. 44 പോയന്റുള്ള പത്തനംതിട്ട കോന്നി ഇരവൺ പി.എസ്.വി പി.എം എച്ച്.എസ്.എസ് സ്കൂൾ മൂന്നാംസ്ഥാനവും നേടി.
ആവേശമായി മമ്മൂട്ടി
കൊല്ലത്തിനാവേശമായി എത്തിയ മമ്മൂട്ടിയെ കാണാൻ ആശ്രാമം മൈതാനത്തെത്തിയത് പതിനായിരങ്ങൾ. മണിക്കൂറുകൾ കാത്തുനിന്ന ജനാവലി വൻ ആരവത്തോടെയാണ് താരത്തെ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ഓരോ വാക്കിനും വൻ കൈയടി നിറഞ്ഞു. പ്രസംഗത്തിലൂടെ കൊല്ലത്തുകാരെ പുകഴ്ത്തിയ മമ്മൂട്ടി, ട്രോഫികൾ വാങ്ങാൻ വേദിയിലെത്തിയ ഓരോ കുട്ടിയെയും നോക്കി പുഞ്ചിരിച്ചും കൈകൊടുത്തും സജീവമായി.
ഇടക്ക് സെൽഫിയെടുക്കാനെത്തിയവരെയും നിരാശരാക്കിയില്ല. എന്നാൽ, ഏറ്റവും ഒടുവിൽ കണ്ണൂരിന് കപ്പ് നൽകവെ, വേദിയിലുണ്ടായ വൻ തിരക്കിൽ മമ്മൂട്ടി അസ്വസ്ഥനായി. ആദ്യ ട്രോഫി നൽകി മടങ്ങിയ അദ്ദേഹത്തിനെ സ്വർണക്കപ്പ് കൊടുക്കാൻ മന്ത്രിമാരുൾപ്പെടെ തിരികെ വിളിച്ചു. സ്വർണക്കപ്പ് കൈമാറി ഉടൻ സ്റ്റേജ് വിട്ടിറങ്ങിയ അദ്ദേഹം ഈ തിരക്കിനിടയിൽ സെൽഫിയെടുക്കാൻ ഓടിയെത്തിയയാളെ കൈകൊണ്ട് നീക്കിമാറ്റിയാണ് മടങ്ങിയത്.
മുമ്പന്മാരായി ഗുരുകുലം
കപ്പടിച്ചാണ് ഗുരുകുലത്തിന്റെ മടക്കം, സ്കൂളുകളിലെ മുമ്പന്മാരായി തുടരുന്ന പതിവ് ഇക്കുറിയും പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം തെറ്റിച്ചില്ല. പരിശീലനമില്ലാത്ത ചില നാളുകളായിരുന്നു കലോത്സവ ദിനങ്ങളെന്ന് ചിരിച്ചുകൊണ്ട് വിദ്യാർഥികൾ പറഞ്ഞു. സംഗതി സത്യമാണ്, കലോത്സവമല്ലാത്ത ദിനങ്ങളിലെല്ലാം ഗുരുകുലത്തിന് അതിനായുള്ള പരിശീലനത്തിന്റെ കൂടി നാളുകളാണ്. ഇനി മടക്കം... അടുത്ത കലോത്സവത്തിനായുള്ള തയാറെടുപ്പ്, അതാണ് പതിവെന്ന് സ്കൂൾ പ്രിൻസിപ്പൽ ഡോ. വിജയന് വി. ആനന്ദ് പറയുന്നു. കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളിനുള്ള ബഹുമതിയും പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിനാണ്. 2012ല്‍ തൃശൂരില്‍ നടന്ന 52ാമത് സംസ്ഥാന കലോത്സവത്തിലാണ് ഗുരുകുലം ആദ്യമായി ഒന്നാമതെത്തുന്നത്.
പിന്നീട്, പിറന്നത് ചരിത്രം. തുടര്‍ച്ചയായി പതിനൊന്നാമത്തെ തവണയാണ് ഗുരുകുലം ഖ്യാതി നിലനിര്‍ത്തുന്നത്. 62 വര്‍ഷത്തെ കലോത്സവ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്കൂള്‍ കൂടുതല്‍ പോയന്റ് നേടിയ സ്കൂള്‍ എന്ന പട്ടം തുടര്‍ച്ചയായി നിലനിര്‍ത്തുന്നത്.കപ്പിനപ്പുറം കുട്ടികളെ കലയിലൂടെ നല്ല മനുഷ്യരാക്കുക കൂടിയാണ് ലക്ഷ്യമെന്ന് ഡോ. വിജയൻ പറയുന്നു. ഇനി പരിശീലനങ്ങളുടെയും കാത്തിരിപ്പിന്റെയും ദിനങ്ങളാണ്, അടുത്ത കലോത്സവത്തിനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.