കലോത്സവ കോഴ: നൃത്ത പരിശീലകർക്ക് ഹൈകോടതിയുടെ മുൻകൂർ ജാമ്യം
text_fieldsകൊച്ചി: കേരള സർവകലാശാല കലോത്സവ കോഴക്കേസിൽ രണ്ടും മൂന്നും പ്രതികളായ നൃത്തപരിശീലകർക്ക് മുൻകൂർ ജാമ്യം. കാസർകോട് സ്വദേശി ജോമെറ്റ് മൈക്കിൾ, മലപ്പുറം സ്വദേശി സൂരജ് എന്നിവർക്കാണ് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഇവർക്കെതിരായ വിശ്വാസവഞ്ചനക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി.എസ്. ഡയസിന്‍റെ ഉത്തരവ്.
ഹരജിക്കാർ പരിശീലിപ്പിച്ച ടീമിനാണ് മാർഗംകളിയിൽ ഒന്നാം സ്ഥാനം. ഇവർ വിധികർത്താവിന് കോഴ നൽകിയെന്ന പരാതിയിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് കേസെടുക്കുകയും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുകയും ചെയ്തു. ആരോപണം തെറ്റാണെന്നും രാഷ്ട്രീയ സമ്മർദമാണ് പിന്നിലെന്നുമാണ് ഹരജിക്കാരുടെ വാദം. ഹരജി പരിഗണിക്കവെ ഒന്നാം പ്രതിയായ വിധികർത്താവ് പി.എൻ. ഷാജി ജീവനൊടുക്കിയ വിവരം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
വെള്ളിയാഴ്ച ഹരജി പരിഗണിക്കവെ, ഹരജിക്കാരുടെ സ്വാധീനത്തിലാണ് തിരിമറി നടന്നതെന്ന് സർക്കാർ വാദിച്ചു. വിധി കർത്താവിനെ നിയമിച്ചത് സർവകലാശാലയല്ലേ എന്നും ഹരജിക്കാർക്കെതിരെ വിശ്വാസ വഞ്ചനക്കുറ്റം എങ്ങനെ നിലനിൽക്കുമെന്നും കോടതി ആരാഞ്ഞു. തുടർന്നാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.