ഇന്ന് രണ്ടാം തേര്
text_fieldsപാലക്കാട്: പുതിയ കൽപാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രത്തിൽ രഥാരോഹണം വ്യാഴാഴ്ച നടക്കും. രാവിലെ ആറിന് രുദ്രാഭിഷേകം, എട്ടിന് ഉപനിഷദ് പാരായണം, ഒമ്പതിന് വേദപാരായണ സമാപനം, ആശീർവാദ എന്നീ ചടങ്ങുകൾക്കു ശേഷം 10.15നും 11നും ഇടയിൽ രഥാരോഹണം നടക്കും. ഇതോടെ മന്ദക്കര മഹാഗണപതിയും ഗ്രാമപ്രദക്ഷിണത്തിനിറങ്ങും. പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിൽ വൈകീട്ട് കുതിരവാഹന അലങ്കാരവും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിൽ അശ്വവാഹന എഴുന്നള്ളത്തും നടക്കും.
ദേവരഥസംഗമം 15ന്
പാലക്കാട്: മൂന്നാം തേരുത്സവ ദിനമായ 15നാണ് ദേവരഥസംഗമം. അന്ന് സന്ധ്യക്ക് തേരുമുട്ടിയിൽ ദേവരഥങ്ങൾ എത്തുന്നതോടെ കൽപാത്തി കാത്തിരുന്ന ദേവരഥസംഗമമാകും. പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളിൽ രഥാരോഹണം 15നാണ്.
15ന് രഥാരോഹണ ശേഷം ഇരുക്ഷേത്രങ്ങളിലെയും ദേവരഥങ്ങൾ പ്രദക്ഷിണത്തിനിറങ്ങും. പഴയ കൽപാത്തിയിൽ രാവിലെ പൂജകൾക്കുശേഷം 10നും 10.30നും ഇടയിലാണ് രഥാരോഹണം. ചാത്തപുരത്ത് രാവിലെ 10.30നാണ് രഥാരോഹണം.
ദേവരഥങ്ങൾ
പാലക്കാട്: കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ശിവ പാർവതിമാർ, ഗണപതി, വള്ളി ദൈവാന സമേത സുബ്രഹ്മണ്യസ്വാമിയുടെ തേര് എന്നിവയാണ് ഗ്രാമപ്രദക്ഷിണത്തിനായി ഇറങ്ങിയത്. പുതിയ കൽപാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രത്തിൽ ഗണപതിയുടെയും പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിൽ ലക്ഷ്മിനാരായണ പെരുമാളുടെയും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിൽ ഗണപതിയുടെയും തേരാണ് പ്രദക്ഷിണത്തിനിറങ്ങുക.
ഭക്തിയിലാറാടി ഒന്നാം തേരുത്സവം; ഉത്സവലഹരിയിൽ കൽപാത്തി
പാലക്കാട്: കാശിയിൽ പാതിയായ കൽപാത്തിയിൽ വിശാലാക്ഷിസമേത വിശ്വനാഥസ്വാമിയുടെ രഥാരോഹണത്തിന് ഭക്തിയുടെ നിറവിൽ തുടക്കം. വിശാലാക്ഷിസമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ രാവിലെ ഉപനിഷദ് പാരായണം, വേദപാരായണ സമാപനം, വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിക്ക് കല്യാണോത്സവം എന്നീ ചടങ്ങുകൾക്കുശേഷം ഉത്സവമൂർത്തികളെ പുറത്തേക്കെഴുന്നള്ളിച്ചു. വിഘ്നനിവാരണ മൂർത്തിയായ ഗണപതിയാണ് ആദ്യം എഴുന്നള്ളിയത്. തൊട്ടുപിറകെ വള്ളി-ദൈവാനസമേത സുബ്രഹ്മണ്യസ്വാമിയും ശിവപാർവതിമാരും പുറത്തേക്ക് എഴുന്നള്ളി.
11.45ന് രഥാരോഹണത്തോടെ ദേവരഥപ്രദക്ഷിണത്തിന് തുടക്കമായി. തുടർന്ന് വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ ശിവപാർവതിമാരും ഗണപതിയും വള്ളി- ദൈവാനസമേത സുബ്രഹ്മണ്യസ്വാമിയുമാണ് ഭക്തർക്ക് അനുഗ്രഹമേകി തേരിൽ പ്രദക്ഷിണത്തിനിറങ്ങിയത്. തുടർന്ന് പൂജകൾക്കുശേഷം ആരതിയുഴിഞ്ഞതോടെ രഥപ്രയാണത്തിന് തുടക്കമായി.
ആദ്യം ഗണപതിത്തേരാണ് ഇളക്കിനിർത്തിയത്. തുടർന്ന് വള്ളി- ദൈവാനസമേത സുബ്രഹ്മണ്യസ്വാമിയുടെ തേര് വലിച്ച് മുന്നോട്ടു നിർത്തി. തൊട്ടുപിറകെ ഏറ്റവും പിന്നിലായാണ് ശിവപാർവതിമാരുടെ തേര് പ്രയാണത്തിനിറങ്ങിയത്. ഏറ്റവും വലിയ രഥം പ്രദക്ഷിണ വഴിയിലേക്ക് ആനയുടെ സഹായത്താലാണ് നിർത്തിയത്. പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിൽ വൈകീട്ട് മോഹിനി അലങ്കാരവും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിൽ മൂഷികവാഹന അലങ്കാരവും നടന്നു.
സ്ഥാനാർഥി പൊലിമയിൽ ഒന്നാം തേര്
പാലക്കാട്: ആദ്യം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തിയതിയിൽ നടക്കുമായിരുന്നുവെങ്കിൽ കൽപാത്തി ഗ്രാമമുൾപ്പെടുന്ന പാലക്കാടും ബുധനാഴ്ച പോളിങ് ബൂത്തിലേക്ക് പോകുമായിരുന്നു. പക്ഷേ, വോട്ടിങ് തിയതി മാറ്റിയതിനാൽ മൂന്ന് മുന്നണികൾക്കും ആശ്വാസമായി. സ്ഥാനാർഥി പൊലിമയിലായിരുന്നു ഒന്നാം തേരുത്സവം. യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ, എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. പി. സരിൻ, എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാർ എന്നിവരും വി.കെ. ശ്രീകണ്ഠൻ എം.പി, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ഷാഫി പറമ്പിൽ എം.പി, നഗരസഭ ചെയർമാൻ പ്രമീള ശശിധരൻ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തുടങ്ങി നിരവധി നേതാക്കൾ രഥം വലിക്കാനും അല്ലാതെയുമായി കൽപാത്തിയിലെത്തിയിരുന്നു.
കോൺഗ്രസ് നേതാക്കൾ പാദരക്ഷ ധരിച്ച് രഥം വലിച്ചതിനെതിരെ ബി.ജെ.പി
പാലക്കാട്: കൽപാത്തി വിശ്വനാഥ ക്ഷേത്രത്തിലെ രഥോത്സവ ചടങ്ങിൽ ആചാരം പാലിക്കാതെ പാദരക്ഷകൾ ധരിച്ച് രഥം വലിച്ച കോൺഗ്രസ് നേതാക്കളുടെ നടപടിയെ അപലപിച്ച് ബി.ജെ.പി. ഹൈന്ദവ വിശ്വാസങ്ങളോടും ആചാരങ്ങളോടും കോൺഗ്രസിനുള്ള സമീപനത്തിന് തെളിവാണ് ഇതെന്ന് ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാർ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലും വി.കെ. ശ്രീകണ്ഠനും വിശ്വാസി സമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.