കണ്ടക്ടർമാർക്ക് ‘സുഖ ജോലി’; ബസുകൾക്ക് ഡിപ്പോയിൽ വിശ്രമം
text_fieldsകൽപറ്റ: കണ്ടക്ടർമാരെ മറ്റു ജോലികൾക്ക് നിയമിക്കരുതെന്ന കെ.എസ്.ആർ.ടി.സി എം.ഡിയുടെ ഉത്തരവ് വ്യാപകമായി ലംഘിക്കപ്പെടുന്നു. ബസിൽ പോകാതെ ഡിപ്പോയിലെ മറ്റു ചുമതലകൾ കണ്ടക്ടർമാർക്ക് നൽകിയതായാണ് വിജിലൻസ് കണ്ടെത്തൽ. ഇതോടെ പല റൂട്ടുകളിലും കണ്ടക്ടർമാരില്ലാതെ ട്രിപ് മുടങ്ങുന്നത് വ്യാപകമായിരിക്കുകയാണ്.
ഭരണകക്ഷി അനുകൂല സംഘടനയിലുള്ളവരെയാണ് സ്വാധീനമുപയോഗിച്ച് കണ്ടക്ടർ ജോലിക്ക് നിയോഗിക്കാതെ സ്റ്റേഷൻ മാസ്റ്ററായും മറ്റും കുടിയിരുത്തുന്നത്. സ്റ്റേഷൻ മാസ്റ്ററായി ജോലി ചെയ്യുന്നവർ ആവശ്യത്തിനുള്ളപ്പോഴാണ് കെ.എസ്.ആർ.ടി.സിക്ക് നഷ്ടം വരുത്തുന്നരീതിയിൽ കണ്ടക്ടർമാരെ മാറ്റിവിന്യസിക്കുന്നത്. ഒരോ ഭരണത്തിലും അവർക്ക് അനുകൂലമായ സംഘടനകൾ ഇത്തരത്തിൽ ജോലി മാറ്റിനൽകുന്നത് പതിവാണ്. ഇത്തവണയും ഇതിന് മാറ്റമില്ലെന്ന് പരാതിയെതുടർന്നുള്ള അന്വേഷണത്തിൽ കെ.എസ്.ആർ.ടി.സി വിജിലൻസ് സ്ക്വാഡിന് ബോധ്യപ്പെട്ടു.
വയനാട് കൽപറ്റ ഡിപ്പോയിൽ കണ്ടക്ടർമാരെ മാറ്റിനിയമിച്ചിട്ടുണ്ടെന്ന പരാതിയെതുടർന്ന് കോഴിക്കോട് സോണൽ ഒാഫിസർ വിജിലൻസ് സ്ക്വാഡിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. അന്വേഷണത്തിെൻറ അടിസ്ഥാനത്തിൽ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടുവെന്നും റിപ്പോർട്ട് സോണൽ ഒാഫിസർക്ക് കൈമാറുമെന്നുമാണ് വിജിലൻസ് സ്ക്വാഡ് അധികൃതരിൽനിന്നുള്ള വിവരം.
കൽപറ്റ ഡിപ്പോയിൽ അഞ്ച് സ്േറ്റഷൻ മാസ്റ്റർമാർ നിലവിലുള്ളപ്പോഴാണ് കണ്ടക്ടർമാരെകൂടി ഈ ജോലിയിൽ വിന്യസിപ്പിച്ചത്. ഇതിന് ചുമതലയുള്ള ഉദ്യോഗസ്ഥർ അറിഞ്ഞുകൊണ്ടാണ് ഇത്തരമൊരു നടപടിയുണ്ടായതെന്നാണ് പരാതി. കണ്ടക്ടർമാരുടെ അഭാവംമൂലം കൽപറ്റയിൽനിന്നുള്ള ഉൾനാടൻ സർവിസുകളടക്കം നിർത്തിവെക്കുക പതിവായിട്ടുണ്ട്.
നല്ല വരുമാനമുള്ള സർവിസുകളാണ് ഇത്തരത്തിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം മുടങ്ങിക്കിടക്കുന്നത്. ഇതോടെ മിക്ക ബസുകളും സർവിസ് നടത്താതെ ഡിപ്പോയിൽ വിശ്രമിക്കുകയാണ്. സംസ്ഥാനത്തെ മറ്റു ഡിപ്പോകളിലും ഇത്തരത്തിൽ ‘സുഖജോലി’ നയിക്കുന്നവർ ഉണ്ടെന്ന പരാതിയും വ്യാപകമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.