കൽപറ്റ സീറ്റ് വിവാദം: ലീഗ് ജില്ല സെക്രട്ടറിക്ക് യു.ഡി.എഫിൽ വിമർശം
text_fieldsകൽപറ്റ: കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ കൽപറ്റയിൽ മത്സരിച്ചേക്കുമെന്ന വാർത്ത വന്നതോടെ മണ്ഡലത്തിൽ അവകാശവാദം ഉന്നയിച്ച ലീഗ് ജില്ല സെക്രട്ടറി യഹ്യാഖാനെതിരെ ജില്ല യു.ഡി.എഫ് നേതൃയോഗത്തിൽ വിമർശം. പ്രസ്താവനയിൽ ജില്ല ലീഗ് പ്രസിഡൻറ് പി.പി.എ കരീം അസംതൃപ്തി പ്രകടിപ്പിച്ചു. അനവസരത്തിൽ അഭിപ്രായം പറയുന്നത് മുന്നണിക്ക് ഗുണം ചെയ്യില്ലെന്നും നേതൃത്വത്തിെൻറ തീരുമാനമാണ് പ്രധാനമെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
അഭിപ്രായപ്രകടനത്തിൽ ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.കെ. അഹ്മദ് ഹാജിയും അമർഷം പ്രകടിപ്പിച്ചു. കെ.പി.സി.സി. നിർവാഹക സമിതിയംഗം പി.പി. ആലി, മുസ്ലിം ലീഗ് പ്രതിനിധി പി.പി. അയൂബ്, കേരള കോൺഗ്രസ് സംസ്ഥാന വർക്കിങ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ എന്നിവർ പ്രസ്താവനയെ അപലപിച്ചു. ജില്ല ലീഗ് ഹൗസിലായിരുന്നു യോഗം. യു.ഡി.എഫ് ജില്ല ചെയർമാനും മുസ്ലിം ലീഗ് ജില്ല പ്രസിഡൻറുമായ പി.പി.എ കരീം യോഗത്തിൽ സംബന്ധിച്ചില്ല. കൺവീനർ എൻ.ഡി. അപ്പച്ചൻ പങ്കെടുത്തിരുന്നു. കോഴിക്കോട്, വയനാട് ജില്ലകളിലെ ഒരു മണ്ഡലത്തിൽ മുല്ലപ്പള്ളി ഇറങ്ങുമെന്ന അഭ്യൂഹം പരന്നതോടെ കൽപറ്റയാണ് കൂടുതൽ സുരക്ഷിതം എന്ന വിലയിരുത്തൽ ശക്തിപ്പെട്ടു. എന്നാൽ, കൽപറ്റയിൽ ലീഗിെൻറ അവകാശവാദം തുറന്നു പറയുകയായിരുന്നു യഹ്യാഖാൻ.
രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ മത്സരം എന്ന അനുകൂല സാഹചര്യം മുല്ലപ്പള്ളി കാണുന്നുണ്ട്. രാഹുൽ ജനവരി 28ന് വയനാട് സന്ദർശിക്കും. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും രാഹുൽ യു.ഡി.എഫ് പ്രവർത്തകരും നേതാക്കളുമായി സംവദിക്കും. യു.ഡി.എഫ് തീരുമാനം അനുസരിച്ച് മുന്നോട്ടുപോകും. എന്നാൽ, അഭിപ്രായം വ്യക്തിപരമാണെന്ന് യഹ്യാഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.