Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രുതിയെ തനിച്ചാക്കി...

ശ്രുതിയെ തനിച്ചാക്കി ജെൻസൻ യാത്രയായി; പ്രാർഥനകൾ വിഫലം

text_fields
bookmark_border
jenson sruthi
cancel

കൽപറ്റ: പ്രാർഥനകൾ വിഫലം, ശ്രുതിയെ തനിച്ചാക്കി ജെൻസൻ മടങ്ങി. വാഹനാപകടത്തിൽ പരിക്കേറ്റ് അതീവ ​ഗുരുതരാവസ്ഥയിൽ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ തുടരുന്നതിനിടയാണ് മരണം. മുണ്ടക്കൈ ഉരുൾപൊട്ടലിൽ മാതാപിതാക്കളടക്കമുള്ള ഉറ്റവരെ നഷ്ടപ്പെട്ട ചൂരൽമല സ്വദേശി ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെൻസൻ.

ചൊവ്വാഴ്ച കൽപറ്റക്കടുത്തുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ജെൻസൻ ആശുപത്രിയിൽ വെന്റി​ലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ പ്രാർഥനകളെല്ലാം വിഫലമാക്കിക്കൊണ്ട് രാത്രിയോടെ ജെൻസന്‍റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ചൂരൽമലയിലെ സ്കൂൾ റോഡിലായിരുന്നു ശ്രുതിയുടെ വീട്. ഉരുൾപൊട്ടലിൽ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവർ മരിച്ചിരുന്നു. പിതാവിന്‍റെ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേരെയാണ് ദുരന്തത്തിൽ നഷ്ടമായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി. ശ്രുതിയുടെ അച്ഛൻ കെട്ടുപണിക്കാരനും അമ്മ ഷോപ്പിൽ ജോലി ചെയ്യുകയുമായിരുന്നു.

മേപ്പാടി പഞ്ചായത്തിലെ പത്താം വാർഡ് മുൻ മെമ്പർ കൂടിയായിരുന്നു അമ്മ. കൽപറ്റ എൻ.എം.എസ്.എം ഗവ കോളജിൽ രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയായിരുന്നു സഹോദരി ശ്രേയ. ഉരുൾപൊട്ടലിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ അച്ഛനെയും അനിയത്തിയേയും തിരിച്ചറിഞ്ഞ് സംസ്കാര ചടങ്ങുകൾ നടത്താനായി. എന്നാൽ ഡി.എൻ.എ പരിശോധനയുടെ ഫലം വന്ന ശേഷമാണ് അമ്മയെ തിരിച്ചറിഞ്ഞത്.

ശ്രുതിയുടെ കല്യാണത്തിന് കരുതിയിരുന്ന 15 പവൻ സ്വർണവും നാലു ലക്ഷം രൂപയും വീടടക്കം ഉരുൾ കൊണ്ടുപോയി. രണ്ട് മത വിഭാഗങ്ങളിൽ നിന്നുള്ള ശ്രുതിയും ജെൻസനും സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് വിവാഹനിശ്ചയത്തിലെത്തിയത്. ഈ ഡിസംബറിൽ നടത്താനിരുന്ന വിവാഹം ശ്രുതിയുടെ ഉറ്റവർ എല്ലാവരും ദുരന്തത്തിൽ മരണപ്പെട്ടതിനാൽ നേരത്തെ ആക്കാൻ തീരുമാനിക്കുകയായിരുന്നു. കല്യാണം രജിസ്റ്റർ ചെയ്യാനായിരുന്നു ഇരുവർക്കും ആഗ്രഹം.

ഇതിനിടെയാണ് വാഹനാപകടം അവളുടെ ജീവിതത്തിൽ വീണ്ടും ഇരുൾ പടർത്തിയത്. കൽപറ്റക്കടുത്ത വെള്ളാരംകുന്നിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ ഇരുവരും സഞ്ചരിച്ച ഒമ്നി വാനും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജെൻസന് തലക്ക് ഗുരുതരമായി പരിക്കേറ്റത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലായിരുന്നു ജെൻസൻ.

കോഴിക്കോട്ടുനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് വരുകയായിരുന്ന ‘ബട്ടർഫ്ലൈ’ ബസുമായി ജെൻസൻ ഓടിച്ച വാൻ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൽപറ്റ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് വാൻ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. നിസ്സാര പരിക്കേറ്റ ​ശ്രുതിയടക്കമുള്ള എട്ടുപേർ കൽപറ്റ സ്വകാര്യ ആശുപ​ത്രിയിൽ ചികിത്സയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SruthiKalpetta accidentJenson
News Summary - Kalpetta accident Jenson passed in meppadi hospital
Next Story