കൽപ്പറ്റ ബൈപ്പാസ്: വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് സസ്‍പെൻഷൻ
text_fieldsകൽപ്പറ്റ: വയനാട് ജില്ലയിലെ കൽപറ്റ ബൈപാസ് റോഡിൻറെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ കെ.ആർ.എഫ്.ബി അസിസ്റ്റൻറ് എഞ്ചിനീയർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരെ സസ്പെൻറ് ചെയ്യും. കെ.ആർ.എഫ്.ബി പ്രൊജക്ട് ഡയറക്ടറോടും എക്സിക്യൂട്ടീവ് എഞ്ചീനയറോടും വിശദീകരണം ചോദിക്കുവാനും പൊതുമരാമത്ത് വകുപ്പ് നിർദേശിച്ചു.
വർഷങ്ങളായുള്ള കൽപ്പറ്റ ബൈപാസ് പ്രശ്നം ജൂണ്‍ നാലിന് ജില്ല കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വയനാട് ജില്ലയിലെ ഡി.ഐ.സി.സി യോഗത്തിലെ പ്രധാന അജണ്ടയായിരുന്നു. കല്‍പ്പറ്റ ബൈപാസിന്‍റെ പ്രവൃത്തി നീണ്ടുപോകുന്നത് ജനങ്ങള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നത് യോഗത്തില്‍ പ്രത്യേകമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കകം കുഴികള്‍ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും ആറ് മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കണമെന്നതും ഉള്‍പ്പെടെ കര്‍ശന നിലപാട് സ്വീകരിച്ചു മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരുന്നു. എന്നാൽ യോഗത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്.
കാലാവസ്ഥ അനുകൂലമാകുന്നതിന് അനുസരിച്ച് അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കലക്ടർ ഇതിൻറെ മേൽനോട്ടം നിർവ്വഹിക്കും. റോഡ് ഗതാഗതയോഗ്യമാക്കുന്ന പ്രവൃത്തി അടിയന്തിരമായി നടപ്പിലാക്കിയില്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ജില്ലാ കലക്ടറോട് അഭ്യർഥിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.