രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം: കൽപ്പറ്റ ഡി.വൈ.എസ്.പിക്ക് സസ്‍പെൻഷൻ
text_fieldsകൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ നടപടികളുമായി സംസ്ഥാന സർക്കാർ. കൽപ്പറ്റ ഡി.വൈ.എസ്.പി എം.ഡി. സുനിലിനെ സസ്‍പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. എ.ഡി.ജി.പി മനോജ് എബ്രഹാമിനാണ് അന്വേഷണച്ചുമതല. അന്വേഷണത്തിന്റെ ഭാഗമായി മനോജ് എബ്രഹാം തിങ്കളാഴ്ച വയനാട്ടിലെത്തുമെന്നാണ് റിപ്പോർട്ട്.
ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി എം.പി ഇടപ്പെടുന്നില്ലെന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ ഓഫീസിന് നേരെ അക്രമം ഉണ്ടായത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ എം.പിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമാവുകയായിരുന്നു. ഓഫീസിലെ ജീവനക്കാരേയും എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചു.
തുടർന്ന് ഓഫീസ് ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സി.പി.എം നേതൃത്വവും മുഖ്യമന്ത്രിയും ഓഫീസ് ആക്രമണത്തെ അപലപിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
മോദിക്കും പിണറായിക്കും കത്തയച്ചിരുന്നു -രാഹുൽ ഗാന്ധി
ന്യൂഡൽഹി: ദേശീയ പാർക്കുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവക്കു ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലകളുടെ പരിപാലനത്തിന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രതികൂലമായി ബാധിക്കുന്ന വയനാട്ടിലെ പ്രാദേശിക സമൂഹങ്ങളുടെയും അവരുടെ ജീവനോപാധികളുടെയൂം ദുഃസ്ഥിതി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചിരുന്നതായി വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. പരിസ്ഥിതിലോല മേഖലയുടെ കുറഞ്ഞ വീതി സംബന്ധിച്ച വ്യവസ്ഥ ഇളവ് ചെയ്യണമെന്ന് കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതി മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട് -രാഹുൽ ഗാന്ധി പറഞ്ഞു.
വിദ്യാർഥി സംഘടന പ്രവർത്തിക്കേണ്ടത് ഇങ്ങനെയല്ല -യെച്ചൂരി
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വയനാട് ഓഫിസ് അടിച്ചുതകർത്ത സംഭവത്തെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അപലപിച്ചു. ഒരു വിദ്യാർഥി സംഘടന പ്രവർത്തിക്കേണ്ട രീതി ഇതല്ല. ഒരു രാഷ്ട്രീയ നേതാവിന്റെയും എം.പിയുടെയും ഓഫിസിൽ അതിക്രമം കാണിച്ചല്ല പ്രതിഷേധിക്കേണ്ടത്; വിയോജിപ്പുകൾ പ്രകടിപ്പിക്കേണ്ടത് -യെച്ചൂരി പറഞ്ഞു.
അപലപിച്ച് മുഖ്യമന്ത്രിയും ഇടത് കൺവീനറും
തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസിനുനേരെ എസ്.എഫ്.ഐ നടത്തിയ അതിക്രമത്തെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും. സംഭവത്തെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായപ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ സർക്കാർ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. എന്താണ് നടന്നതെന്ന് പരിശോധിക്കും.
തിരിച്ചടിക്കാൻ ശേഷിയും നട്ടെല്ലും കോൺഗ്രസിനുണ്ട് -കെ. സുധാകരന്‍
കൊച്ചി: രാഹുല്‍ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ തിരിച്ചടിക്കാനുള്ള കപ്പാസിറ്റിയും നട്ടെല്ലും കോൺഗ്രസിനുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എഫ്.ഐ ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രിയുടെ നടപടി സ്വാഗതാർഹമാണ്. അതിൽ ആത്മാർഥതയുണ്ടെങ്കിൽ അക്രമികൾക്ക് വഴിയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം.
എസ്.എഫ്.ഐയുടേത് തെണ്ടിത്തരവും തെമ്മാടിത്തരവും ചന്തയിലെ കുട്ടികൾ പോലും ചെയ്യാത്ത പ്രവൃത്തിയുമാണ്.
അണികളെ സി.പി.എം നിലക്കുനിര്‍ത്തുന്നില്ലെങ്കില്‍ ജനാധിപത്യ രീതിയില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും. അദ്ദേഹം പറഞ്ഞു.
എസ്.എഫ്.ഐ പ്രകടനം വേണ്ടത് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് –സതീശൻ
പേരാവൂർ (കണ്ണൂർ): ബഫർ സോൺ വിഷയത്തിൽ എസ്.എഫ്.ഐക്കാർ പ്രകടനം നടത്തേണ്ടത് രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്കല്ല, മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലേക്കാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പേരാവൂരിൽ യു.ഡി.എഫ് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.സംരക്ഷിത വനമേഖലകളുടെയും ദേശീയ ഉദ്യാനങ്ങളുടെയും പരിധിയിൽ ഒരു കി.മീ. ബഫർ സോൺ നിശ്ചയിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ്. മുഖ്യമന്ത്രിക്കുനേരെ വിരൽചൂണ്ടുന്ന സ്വർണക്കള്ളക്കടത്ത് കേസ് വഴിതിരിച്ചുവിടാൻ കേരളത്തിൽ രണ്ടാം കലാപാഹ്വാനമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടക്കുന്നത്.
രക്തസാക്ഷികളെ സൃഷ്ടിച്ച് സ്വർണക്കള്ളക്കടത്ത് കേസ് വഴിതിരിച്ചുവിടാൻ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടക്കുകയാണ്. മുഖ്യമന്ത്രിയുടെ വിനാശത്തിന് കണ്ണൂരിൽനിന്ന് ഒരാൾ അദ്ദേഹത്തിന്റെ ഓഫിസിൽ ചുമതല ഏറ്റിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
പ്രതിഷേധാർഹം -കുഞ്ഞാലിക്കുട്ടി
മലപ്പുറം: രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസ് ആക്രമിച്ച എസ്.എഫ്.ഐ നടപടി പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ.
രാഹുൽ ഗാന്ധിയെ തകർക്കാൻ ശ്രമിക്കുന്ന സംഘ്പരിവാറിന്‍റെ പണി കേരളത്തിൽ നടത്തുന്നത് സി.പി.എമ്മാണ്.
എസ്.എഫ്.ഐ സമരം ആസൂത്രിതമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.