കൽപറ്റ സീറ്റ് തർക്കം: കലാപക്കൊടി ഉയർത്തി ഐ ഗ്രൂപ്
text_fieldsകൽപറ്റ: തെരഞ്ഞെടുപ്പിൽ കൽപറ്റ സീറ്റിലേക്ക് സജീവമായി പരിഗണിച്ചിരുന്ന കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖിനെ മാറ്റി എ ഗ്രൂപ്പിലെ യുവ നേതാവിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിൽ ഐ ഗ്രൂപ്പിൽ പടയൊരുക്കം. മുൻ ഡി.സി.സി പ്രസിഡൻറുമാരായ പി.വി. ബാലചന്ദ്രൻ, കെ.എൽ. പാലോസ്, ജനറൽ സെക്രട്ടറി സി. അഷ്റഫ് തുടങ്ങിയവർ കൂടിയാലോചന നടത്തി.
ഐ ഗ്രൂപ്പിന് ജില്ലയിൽ കടുത്ത അവഗണനയാണെന്ന് ഇവർ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. സിദ്ദീഖിനെ കൽപറ്റയിൽ ഏറക്കുറെ ഉറപ്പിച്ചെങ്കിലും ക്രിസ്ത്യൻ സ്ഥാനാർഥിയെ നിർത്തണമെന്ന് സഭ സമ്മർദം ശക്തമാക്കിയതോടെയാണ് മറ്റു പേരുകൾ ഉയർന്നുവന്നത്.
സിദ്ദീഖിെന നിലമ്പൂരിൽ മത്സരിപ്പിക്കാനാണ് പുതിയ തീരുമാനം. എ ഗ്രൂപ്പുകാരനായ പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഡി. സജിയുടെ പേരാണ് കൽപറ്റയിൽ പരിഗണിക്കുന്നത്. ഇരിക്കൂർ സീറ്റിലേക്ക് പരിഗണിച്ചിരുന്ന സജീവ് ജോസഫിെൻറ പേരും ഉയർന്നുകേൾക്കുന്നുണ്ട്. ഇതും ഐ ഗ്രൂപ്പിനെ ചൊടിപ്പിച്ചു.
സാധ്യത പട്ടികയിലുണ്ടായിരുന്ന ജില്ലക്കാരായ കെ.പി.സി.സി വൈസ് പ്രസിഡൻറ് റോസക്കുട്ടി, എൻ.ഡി. അപ്പച്ചൻ എന്നിവരെ തള്ളിയാണ് സിദ്ദീഖിനെ കൽപറ്റയിൽ പരിഗണിച്ചിരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കുവേണ്ടി വയനാട് മണ്ഡലം ഒഴിഞ്ഞുകൊടുത്തുവെന്ന പരിഗണനയും സിദ്ദീഖിനുണ്ടായിരുന്നു.
ഇതിനിടെയാണ് ലോക്സഭ മണ്ഡലത്തിലെ ഏതെങ്കിലും ഒരു നിയമസഭ മണ്ഡലത്തിൽ ക്രിസ്ത്യൻ സമുദായംഗത്തെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം സഭ ഉന്നയിക്കുന്നത്. ദീർഘകാലമായി ഐ ഗ്രൂപ്പിനുവേണ്ടി പടനയിച്ച നേതാക്കളാണ് ഇപ്പോൾ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയത്.
മാനന്തവാടിയിൽ എ ഗ്രൂപ് പ്രതിനിധിയായി മത്സരിക്കുന്ന മുൻ മന്ത്രി പി.െക. ജയലക്ഷ്മി കെ.പി.സി.സി ജനറൽ സെക്രട്ടറി കൂടിയാണ്. സുൽത്താൻ ബത്തേരിയിൽ മൂന്നാം തവണയും അങ്കത്തിനിറങ്ങുന്ന ഐ.സി. ബാലകൃഷ്ണൻ ഡി.സി.സി പ്രസിഡൻറ് പദവിയും വഹിക്കുന്നുണ്ട്.
എന്നാൽ, ജില്ലയിലെ തലമുതിർന്ന ഐ ഗ്രൂപ് നേതാക്കൾക്കൊന്നും ഇപ്പോൾ പാർട്ടിയിലും മറ്റും എടുത്തുപറയത്തക്ക പദവികളില്ല. പ്രശ്നത്തിന് പരിഹാരം കാണാൻ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഇടപെടുന്നതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.