കായിക മേഖലയിലെ നിക്ഷേപം 2027ല്‍ 100 ബില്യണാകുമെന്ന് കല്യാണ്‍ ചൗബേ
text_fieldsതിരുവനന്തപുരം: 2020ല്‍ രാജ്യത്തെ കായിക മേഖലയിലെ നിക്ഷേപം 27 ബില്യണ്‍ ആയിരുന്നെങ്കില്‍ 2027 ആകുമ്പോഴേക്കും അത് 100 ബില്യണായി മാറുമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബേ. കേരള രാജ്യാന്തര കായിക ഉച്ചകോടിയുടെ രണ്ടാം ദിവസം സ്‌പോട്‌സ് ഇക്കോണമി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1990ലും 95ലും കേരളം സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാല്‍പന്തുകളിയുടെ ആവേശം ഇന്നും ഉണ്ട് എന്നത് അത്ഭുതപ്പെടുത്തുന്നു. ബീച്ച് ഫുട്‌ബോള്‍, പാരാ ഫുട്‌ബോള്‍, ഇന്ത്യന്‍ വിമന്‍ ഫുട്‌ബോള്‍ ലീഗ് എന്നിവയില്‍ കേരളമാണ് കിരീടം ചൂടിയതെന്നും പറഞ്ഞു.
സമൂഹത്തില്‍ സ്‌പോട്‌സിന്റെ പ്രാധാന്യം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് ജനങ്ങളുടെ ക്ഷേമം ശാരീരിക ക്ഷമതയിലൂടെ ഉറപ്പാക്കുന്ന കായിക നയമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം വി.കെ രാമചന്ദ്രന്‍ പറഞ്ഞു. ഇന്നത്തെ കാലത്ത് സ്‌പോട്‌സിന് സമ്പദ് വ്യവസ്ഥയില്‍ വലിയ സ്വാധീനമാണുള്ളത്. സേവനം, ആരോഗ്യം, വികസനം, സാമ്പത്തികം, സാംസ്‌കാരികം, ടൂറിസം എന്നീ മേഖലകളിലെല്ലാം കായികരംഗത്തിന് വിപുലമായ സംഭാവനകള്‍ നല്‍കാനാകും.
ചൈനയും കാനഡയും സ്‌പോട്‌സ് ഇക്കോണമിയില്‍ ഏറെ മുന്നോട്ടുപോയി. ചൈനയില്‍ കായിക മേഖലയ്ക്ക് മാത്രമായി പൊതുനയമുണ്ട്. പൊതുജനാരോഗ്യവും കായിക മേഖലയും, ദേശീയ ശാരീരികക്ഷമതാ പരിപാടി, അന്താരാഷ്ട്ര രംഗത്തില്ലാത്ത കായിക താരങ്ങള്‍ക്കും അര്‍ഹിക്കുന്ന പരിഗണ നല്‍കുക അങ്ങനെ വിപുലമായ പദ്ധതികളാണ് ചൈന നടപ്പാക്കുന്നത്. അതുകൊണ്ട് അവരുടെ സമ്പദ് വ്യവസ്ഥയുടെ പ്രധാനഘടകമായി സ്‌പോട്‌സ് മാറിയെന്നും സ്‌പോട്‌സിലെ വെല്ലുവിളികള്‍ സമ്പദ് വ്യവസ്ഥയുടേത് കൂടി ആയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിന് കായിക രംഗത്തെ കുറിച്ച് വളരെ വിശദമായ റോഡ്മാപ്പാണുള്ളത്. എല്ലാ ജില്ലകളിലും സ്‌പോട്‌സ് കോംപ്‌ളക്‌സസ് സ്ഥാപിച്ചു. സ്‌പോട്‌സ് വകുപ്പും പൊതു-ഉന്നതവിദ്യാഭ്യാസ വകുപ്പും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ കായിക പരിപാടികളും പൊതുജനപങ്കാളിത്തത്തോടെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത എന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ ഫുട്‌ബോള്‍ മേഖലയില്‍ അനന്തമായ സാധ്യതകളാണുള്ളതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് അംമ്പയര്‍ കെ.എന്‍ രാഘവന്‍ ചൂണ്ടിക്കാട്ടി. ക്രൗഡ് ഫണ്ടിംഗിന്റെ സഹായത്തോടെ കൂടുതല്‍ കൂട്ടയോട്ടങ്ങള്‍ സംഘടിപ്പിക്കണം. ആരോഗ്യമുള്ള സമൂഹം കെട്ടിപ്പടുത്താന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
കായിക രംഗത്തെ സമ്പദ് വ്യവസ്ഥയുടെ 85 ശതമാനം ഇക്കോണമിയും ക്രിക്കറ്റില്‍ നിന്നാണെന്നും മറ്റ് കായിക ഇനങ്ങള്‍ കൂടുതല്‍ ജനപ്രീയമാക്കിയാല്‍ വരുമാനം വര്‍ദ്ധിക്കുമെന്നും കേരള അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് അന്‍വര്‍ അമീന്‍ ചേലാട്ട് വ്യക്തമാക്കി. പ്രവാസികള്‍ കായിക മേഖലയില്‍ നിക്ഷേപം നടത്തണമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.