സ്വപ്നം സഫലം; ആദരവിന് നിൽക്കാതെ കമലാസനൻ വിടവാങ്ങി
text_fieldsകോഴിക്കോട്: എരഞ്ഞിപ്പാലം സരോജ് വിഹാറിൽ കമലാസനൻ വിടവാങ്ങിയത് പതിറ്റാണ്ടോളം മനസ്സിൽ സൂക്ഷിച്ച സ്വപ്നം യാഥാർഥ്യമായതിന്‍റെ ചാരിതാർഥ്യത്തിൽ. മൂന്നരക്കോടിയോളം രൂപ വിലമതിക്കുന്ന തന്‍റെ ഭൂസ്വത്ത് സൗജന്യമായി സർക്കാറിന് വിട്ടുനൽകിയിട്ടും ഏറ്റെടുക്കുന്നതിലെ കാലതാമസം ഇദ്ദേഹത്തിന്‍റെ വേദനയായിരുന്നു. ഒടുക്കം സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട് ദിവസങ്ങൾക്കം അദ്ദേഹം യാത്രയായി.
വെസ്റ്റ്ഹിൽ ടെക്നിക്കൽ സ്കൂളിലെ റിട്ട. അധ്യാപകൻ എരഞ്ഞിപ്പാലം സരോജ് വിഹാറിൽ എൻ. കമലാസനനും ഭാര്യ ചാലപ്പുറം ഗണപത് ഗേൾസ് സ്കൂൾ റിട്ട. എച്ച്.എം സി.കെ. സരോജിനിയും കൊല്ലം ജില്ലയിലെ വെളിയം കായിലക്ക് സമീപം റോഡരികിലുള്ള തങ്ങളുടെ ഭൂമിയും 10 പേർക്ക് താമസിക്കാവുന്ന വലിയ വീടും പുനരധിവാസകേന്ദ്രം തുടങ്ങാൻ സർക്കാറിന് കൈമാറാൻ തീരുമാനിച്ചിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ഏകമകൾ പ്രിയയുടെ സംരക്ഷണം ലക്ഷ്യമിട്ടായിരുന്നു തീരുമാനം. ഭൂമിയും വീടും വിട്ടുനൽകാനുള്ള താൽപര്യം കമലാസനൻ 2016 നവംബറിൽ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. തുടർന്ന് സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥർ വീടും സ്ഥലവും പരിശോധിച്ച് പുനരധിവാസ കേന്ദ്രം തുടങ്ങാൻ തീരുമാനിച്ച് സർക്കാറിലേക്ക് എഴുതുകയും 2017 ഫെബ്രുവരി ഏഴിന് ഭൂമി ഏറ്റെടുക്കാൻ കൊല്ലം കലക്ടർക്ക് കത്തയക്കുകയും ചെയ്തു. പിന്നീട് കൊട്ടാരക്കര അഡീഷനൽ തഹസിൽദാറുടെ നിർദേശപ്രകാരം കമലാസനൻ ഭൂമിസംബന്ധമായ മുഴുവൻ അവകാശവും വിട്ടുനൽകി, ലാൻഡ് റീലിങ്ക്വിഷ്മെൻറ് ഫോറത്തിൽ ഒപ്പിട്ട് 2017 ഏപ്രിലിൽ കൊല്ലം ആർ.ഡി.ഒക്ക് നൽകി. എന്നാൽ, ആർ.ഡി.ഒ ഓഫിസിലെ ചില ഉദ്യോഗസ്ഥർ ഇടപെട്ട് ഫയൽ പൂഴ്ത്തിയതോടെ എല്ലാം അട്ടിമറിഞ്ഞു. ഇതുസംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയതോടെ ഭൂമി ഏറ്റെടുക്കാനുള്ള നടപടി വീണ്ടും തുടങ്ങിയെങ്കിലും ഒച്ചിന്‍റെ വേഗതയിലാണ് കാര്യങ്ങൾ മുന്നോട്ടുപോയത്. വർഷങ്ങൾക്കിപ്പുറം ഇക്കഴിഞ്ഞ ജൂലൈ 26നാണ് 'പ്രിയ ഹോം' എന്ന പേരിൽ മാനസിക ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കുള്ള പുനരധിവാസ കേന്ദ്രം സർക്കാർ ആരംഭിച്ചതും മന്ത്രി ആർ. ബിന്ദു നാടിന് സമർപ്പിച്ചതും. മാതൃകയായ ദമ്പതികളെ ആഗസ്റ്റ് അഞ്ചിന് എരഞ്ഞിപ്പാലത്തെ വീട്ടിലെത്തി സർക്കാർതലത്തിൽ ആദരിക്കാനിരിക്കെയാണ് കമലാസനന്‍റെ വിയോഗം.
കമലാസനന്‍റെ സ്വപ്നത്തിനൊത്ത് പ്രിയ ഹോമിനെ ഉയർത്താൻ പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കുമെന്ന് മന്ത്രി ആർ. ബിന്ദു അനുശോചനത്തോടൊപ്പം ഫേസ്ബുക്കിൽ കുറിച്ചു. സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി സി.എച്ച്. കണാരന്‍റെ മകൾ സരോജിനിയുടെ ഭർത്താവും സാന്ത്വന പ്രവർത്തകനുമായ കമലാസനന്‍റെ നിര്യാണത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അനുശോചിച്ചു.
വെളിയം സ്വദേശിയായ കമലാസനൻ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചതോടെ കോഴിക്കോട്ടാണ് താമസം. വിരമിച്ചശേഷം പാലിയേറ്റിവ് രംഗത്ത് സജീവമാവുകയും സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.