ബി.ജെ.പിയെ പുകഴ്ത്തിയ ഖമറുന്നീസ മാപ്പു ചോദിച്ചു; ലീഗ് നടപടി ഒഴിവായി VIDEO
text_fieldsമലപ്പുറം: ബി.ജെ.പിയെ പുകഴ്ത്തി സംസാരിച്ച വനിത ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നീസ അൻവറിനെതിരെ നടപടിയുണ്ടാകില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ബി.ജെ.പി തിരൂർ മണ്ഡലം കമ്മിറ്റിയുടെ പാർട്ടി ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത് വ്യാഴാഴ്ച ഖമറുന്നീസ ബി.ജെ.പിയെ പുകഴ്ത്തി സംസാരിച്ചതാണ് വിവാദമായത്. തുടർന്ന് ഖമറുന്നീസയോട് നേതൃത്വം വെള്ളിയാഴ്ച വിശദീകരണം ചോദിച്ചു. നാക്കുപിഴ സംഭവിച്ചെന്നും മാപ്പ് നൽകണമെന്നും ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് രേഖാമൂലം വിശദീകരണം നൽകിയതിനെ തുടർന്നാണ് നടപടി ഒഴിവാക്കിയതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തെറ്റുകൾ ആവർത്തിക്കില്ലെന്ന് ഖമറുന്നീസ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിക്ക് വേണ്ടി തെറ്റ് തിരുത്തുന്ന ആളുകളുടെ നിലപാട് സ്വീകരിക്കുകയെന്നതാണ് പാർട്ടി നയം. ഇ.ടി. മുഹമ്മദ് ബഷീർ എം.പിയോട് ചോദിച്ചതിന് ശേഷമല്ലേ അവർ പരിപാടിയിൽ പങ്കെടുത്തതെന്ന ചോദ്യത്തിന് ഇ.ടിയോട് ചോദിച്ചതായി അറിയില്ലെന്നും ഇക്കാര്യം അവർ രേഖാമൂലം വ്യക്തമാക്കിയിട്ടില്ലെന്നും കെ.പി.എ മജീദ് പറഞ്ഞു. ബി.ജെ.പിയെ കുറിച്ച് മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് ഖമറുന്നീസ അൻവർ വിവാദ പരാമർശം നടത്തിയതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി വ്യക്തമാക്കി.
സംഭവം വിവാദമായതോടെ ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും നിയുക്ത എം.പിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. സംഭവം ഗൗരവമുള്ളതാണെന്നും ഫണ്ട് നൽകുന്നതും പുകഴ്ത്തി സംസാരിക്കലും രണ്ടായി കാണുന്നതായും വിശദീകരണം ചോദിക്കുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. ഇതിന് പിറകെയാണ് കെ.പി.എ. മജീദ് പാർട്ടി നിലപാട് അറിയിച്ചത്.
വ്യാഴാഴ്ചയാണ് ബി.ജെ.പി തിരൂർ മണ്ഡലം കമ്മിറ്റിയുടെ പാർട്ടി ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത് ഖമറുന്നീസ അൻവർ ബി.ജെ.പിയെ പുകഴ്ത്തി സംസാരിച്ചത്. കേരളത്തിലും പുറത്തും അതിവേഗം വളരുന്ന പാർട്ടിയാണ് ബി.ജെ.പിയെന്നും നാടിെൻറ വികസനത്തിനും നന്മക്കുമായി ധാരാളം കാര്യങ്ങൾ ചെയ്യാൻ അവർക്ക് സാധിക്കട്ടെ എന്നുമായിരുന്നു വനിത ലീഗ് സംസ്ഥാന അധ്യക്ഷയുടെ പ്രതികരണം. തിരൂരിലെ ഖമറുന്നീസ അൻവറിെൻറ വീട്ടിലായിരുന്നു ചടങ്ങ്.
രണ്ടായിരം രൂപ സംഭാവനയായി ബി.ജെ.പി തിരൂർ മണ്ഡലം പ്രസിഡൻറ് പ്രദീപ്കുമാറിന് നൽകുകയുമുണ്ടായി. അതിനിടെ ഫണ്ട് നൽകിയത് പാർട്ടിയുടെ അറിവോടെയും സാമൂഹിക പ്രവർത്തകയെന്ന നിലയിലുമാണെന്ന് ചാനലുകളോട് പ്രതികരിച്ചതിന് ശേഷമാണ് തെറ്റുപറ്റിയെന്ന വിശദീകരണം അവർ പാർട്ടിക്ക് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.