തീരുമാനമെടുക്കും മുമ്പ് ഖമറുന്നീസ ചോദിച്ചു; എനിക്കൊരു പത്ത് മിനിറ്റ് സമയം തരുമോ?
text_fieldsമലപ്പുറം: 1996 ഏപ്രിലിലെ ഒരു രാത്രി. പത്ത് മണി കഴിഞ്ഞുകാണും. ഖമറുന്നീസ അൻവറിെൻറ തിരൂരിലെ വീട്ടിലേക്ക് ഒരു ഫോൺ കോൾ. 'ഹലോ ഞാൻ കൊരമ്പയിൽ അഹമ്മദ് ഹാജിയാണ്. പാർട്ടി മീറ്റിങ് ഇപ്പോഴാണ് കഴിഞ്ഞത്. കോഴിക്കോട് രണ്ടിലേക്ക് നിങ്ങളെ പരിഗണിക്കുന്നുണ്ട്. എന്താണ് അഭിപ്രായം?' ജീവിതത്തിൽ ഇങ്ങനൊരു ചോദ്യത്തിന് മറുപടി നൽകാൻ അവസരമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
'എനിക്കൊരു പത്ത് മിനിറ്റ് സമയം തരണം' എന്ന് പറഞ്ഞു ഫോൺ വെച്ചു. ഭർത്താവ് ഡോ. മുഹമ്മദ് അൻവറിനോട് കാര്യം പറഞ്ഞു. കണ്ണൂരിലുള്ള പിതാവ് അബ്ദുൽ ഖാദർ ഹാജിയെയും വിളിച്ചു. ഇരുവർക്കും സമ്മതം, സന്തോഷം. മുസ്ലിം ലീഗിെൻറ അറുപതാണ്ട് പിന്നിട്ട നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏക വനിതയുടെ കടന്നുവരവിനാണ് ആ ഫോൺ കോൾ വഴിയൊരുങ്ങിയത്.
ലീഗ് നിയമസഭയിലേക്ക് വനിതയെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച പോലും നടക്കാത്ത കാലം. അപ്രതീക്ഷിതമായി ലഭിച്ച സ്ഥാനാർഥിത്വമായിരുന്നു അന്ന് സാമൂഹിക ക്ഷേമ ബോർഡ് ചെയർപേഴ്സനായിരുന്ന ഖമറുന്നീസയുടെത്. പ്രചാരണത്തിന് ലഭിച്ചത് 28 ദിവസം മാത്രം. ഒന്നര ലക്ഷത്തിലധികം വോട്ടർമാരുള്ള കോഴിക്കോട് രണ്ടിൽ വിശ്രമമില്ലാതെ ഓടിനടന്നു. ഫലം വന്നപ്പോൾ എളമരം കരീമിനോട് 8766 വോട്ടിെൻറ തോൽവി. കേരളത്തിൽ വീശിയ ഇടതുകാറ്റിൽ കോഴിക്കോട് രണ്ടും നിലംപൊത്തിയതാവണം. പിന്നീട് എല്ലാ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ലീഗിെൻറ വനിത സ്ഥാനാർഥിയെക്കുറിച്ച് ചർച്ചകളുണ്ടായി. പക്ഷേ, ഖമറുന്നീസക്ക് പിൻഗാമിയുണ്ടായില്ല.
വനിത ലീഗ് നിലവിൽ വന്നു. പ്രവർത്തനരംഗത്ത് സജീവമായി. തദ്ദേശ സ്ഥാപനങ്ങളിൽ 50 ശതമാനം സംവരണം വന്നതോടെ ലീഗ് പ്രതിനിധികളിൽ പകുതിയിലധികവും വനിതകളായി. നിയമസഭ തെരഞ്ഞെടുപ്പിലും സ്ത്രീകളെ സ്ഥാനാർഥിത്വത്തിലേക്ക് പരിഗണിക്കണമെന്ന് പാർട്ടിയോട് ആവശ്യപ്പെടാറുണ്ടെന്ന് ഖമറുന്നീസ. അത് ഇക്കുറിയും ആവർത്തിച്ചിട്ടുണ്ട്. തന്നെ പരിഗണിക്കേണ്ട. പുതിയൊരാൾ വരട്ടെ.
വനിത സംവരണ ബില്ല് പാസാക്കണമെന്ന് ഒരു പാർട്ടിക്കും താൽപര്യമില്ലാത്തതിനാൽ സ്ത്രീ പ്രാതിനിധ്യത്തിലെ കുറവ് തുടരുമെന്നും ഇവർ പറയുന്നു. ദീർഘകാലം വനിത ലീഗ് സംസ്ഥാന അധ്യക്ഷ, വനിത വികസന കോർപറേഷൻ ചെയർപേഴ്സൻ, സാമൂഹിക ക്ഷേമ ബോർഡ് ചെയർപേഴ്സൻ സ്ഥാനങ്ങൾ വഹിച്ച ഖമറുന്നീസ നിലവിൽ വനിത ലീഗ് ദേശീയ ഉപാധ്യക്ഷയും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.