ഖമറുന്നിസ അൻവറിനെ നീക്കി; കെ.പി. മറിയുമ്മക്ക് ചുമതല VIDEO
text_fieldsമലപ്പുറം: ബി.ജെ.പി ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് ഖമറുന്നിസ അന്‍വറിനെ വനിത ലീഗ് അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കി. അഡ്വ. കെ.പി. മറിയുമ്മക്കാണ് ചുമതല. മാപ്പപേക്ഷ സ്വീകരിച്ച് നടപടിയൊഴിവാക്കിയതിന് പിറകെയാണ് അണികളുടെയും നേതാക്കളുടെയും സമ്മർദം കണക്കിലെടുത്തുള്ള പുതിയ തീരുമാനം.
മാപ്പപേക്ഷക്ക് ശേഷവും സാമൂഹികമാധ്യമങ്ങളിലൂടെ ബി.ജെ.പിക്ക് ഫണ്ട് കൈമാറിയത് അവർ ന്യായീകരിച്ചെന്നും ഇതിനെതിരെ പരാതി ലഭിച്ചതാണ് നടപടിക്ക് കാരണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് അറിയിച്ചു. വനിത ലീഗ് ജില്ല കമ്മിറ്റികൾ ഒരു മാസത്തിനകം പുനഃസംഘടിപ്പിക്കും. വ്യാഴാഴ്ചയാണ് ഖമറുന്നിസ അൻവർ തിരൂരിലെ വീട്ടിൽവെച്ച് ബി.ജെ.പി ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത്. ചടങ്ങിന് ശേഷം മാധ്യമങ്ങൾക്ക് മുമ്പാകെ ബി.ജെ.പിയെ പ്രശംസിക്കുകയുമുണ്ടായി.
സംഭവം വിവാദമായതോടെ നാക്ക് പിഴയാണെന്ന് കാണിച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറിന് മാപ്പപേക്ഷ നൽകിയതിനെതുടർന്ന് നടപടികളിൽനിന്ന് ഒഴിവാക്കുകയുമുണ്ടായി. എന്നാൽ, ഇതിന് ശേഷവും ബി.ജെ.പിയെ സംബന്ധിച്ച് പറഞ്ഞ കാര്യങ്ങൾ നിഷേധിക്കാൻ തയാറായിട്ടിെല്ലന്ന് കെ.പി.എ. മജീദ് വാർത്തകുറിപ്പിൽ പറയുന്നു. ഇതാണ് അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കാനുള്ള കാരണമായി ലീഗ് നേതൃത്വം കാണുന്നത്.
അതേസമയം, അണികളിൽനിന്നും നേതാക്കളിൽനിന്നുമുണ്ടായ എതിർപ്പാണ് നടപടിക്ക് കാരണമെന്നാണ് സൂചന. ബി.ജെ.പിക്കെതിരെ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന പ്രഖ്യാപനങ്ങൾക്കിടെയാണ് ലീഗിന് ക്ഷീണം ചെയ്യുന്ന സമീപനം വനിത ലീഗ് അധ്യക്ഷയിൽ നിന്നുണ്ടായത്.
ഇത് പാർട്ടി നേതാക്കളും അണികളും വ്യക്തമാക്കിയിരുന്നു. ഖമറുന്നിസയുടെ നടപടി ഗൗരവമുള്ളതാണെന്നായിരുന്നു ദേശീയ ജനറൽ സെക്രട്ടറിയും നിയുക്ത എം.പിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. വനിത ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദും ഖമറുന്നിസ അന്‍വറിനെതിരെ രംഗത്തെത്തി. മറ്റു നേതാക്കളും നേതൃത്വത്തോട് അതൃപ്തി അറിയിക്കുകയുണ്ടായി. നടപടി ഒഴിവാക്കിയ നേതൃത്വത്തിനെതിരെ നവമാധ്യമങ്ങളിൽ അണികളുടെ പ്രതിഷേധവും ശക്തമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.