ഗാന്ധിജി എഴുതി; ‘നിന്റെ ത്യാഗമാണ് ഇനി നിന്റെ ആഭരണം’...
text_fieldsവടകര: ഇന്ത്യൻസ്വാതന്ത്ര്യത്തിന് 70 വയസ്സായി. ഈ വേളയിൽ നാടോർക്കുന്ന ധീരസ്മരണകളേറെയാണ്. ഇവിടെയാണ് 16കാരിയുടെ മഹത്തായ ത്യാഗത്തെക്കുറിച്ച് പറയാനുള്ളത്. രാജ്യം വാഴ്ത്തിയ ത്യാഗമാണത്. പിൽക്കാലത്ത് കൗമുദി ടീച്ചർ എന്നറിയപ്പെട്ട അവർ മരണംവരിക്കുന്നതുവരെ ഗാന്ധിയൻ മാർഗങ്ങളിലൂടെ സഞ്ചരിച്ചു. ത്യാഗത്തിെൻറ സുവർണമുദ്ര ചാർത്തിയ കൗമുദി ടീച്ചറുടെ ജന്മശതാബ്ദി വർഷമാണിത്. നൂറാം ജന്മദിനം ഇക്കഴിഞ്ഞ 17-ന് ആഘോഷങ്ങളുമില്ലാതെ കടന്നുപോയി. ആ ത്യാഗത്തിന് സാക്ഷ്യംവഹിച്ച വടകരയിൽ, പിന്നീട് സബർമതി സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ ചില പരിപാടികൾ നടന്നു.
1934 ജനുവരി 14നാണ് ചരിത്രത്തിൽ ഇടംപിടിച്ച ആ സംഭവം. ഹരിജനോദ്ധാരണത്തിന് ഫണ്ട് കണ്ടെത്തുന്നതിനായാണ് ഗാന്ധിജി കേരളത്തിലെത്തിയത്. വടകര കോട്ടപറമ്പിൽനടന്ന ചടങ്ങ്. സ്വർണാഭരണവിഭൂഷിതരായ സ്ത്രീകളെ നോക്കി ഗാന്ധിജി പറഞ്ഞു. ‘നമ്മുടെ നാട് ദരിദ്രരാജ്യങ്ങളിലൊന്നാണ്. വയറുനിറച്ച് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം വളരെക്കുറവ്. പിന്നെ, വസ്ത്രത്തിെൻറയും ആഭരണത്തിെൻറയും കഥ പറയാനുണ്ടോ? നിങ്ങളിവിടെ ആവശ്യത്തിലേറെ ആഭരണങ്ങളണിഞ്ഞാണ് വന്നിരിക്കുന്നത്. നാടിെൻറ അവസ്ഥയനുസരിച്ച് നിങ്ങൾ കാണിക്കുന്നത് ശരിയാണോ?
ഞാൻ പറയുന്നത് നിങ്ങൾക്ക് മനസ്സിലാവുന്നുണ്ടെങ്കിൽ അധികമെന്ന് നിങ്ങൾക്ക് ബോധ്യമുള്ള ആഭരണങ്ങളിലൊരു പങ്ക് എന്നെ ഏൽപ്പിക്കുക. നിങ്ങളുടെ ദയാവായ്പുകൊണ്ട് ഒരു വയറെങ്കിലും നിറഞ്ഞെങ്കിൽ, അതിലും വലിയൊരു പുണ്യം ലഭിക്കാനുണ്ടോ?... ആയിരങ്ങൾ പ്രസംഗം കേട്ടുകൊണ്ടിരിക്കുന്നു. ഇതിനിടയിൽ നിന്ന് 16കാരിയായ കൗമുദി വേദിയിലേക്ക് കയറി.തെൻറ ഒരു സ്വർണവള ഉൗരി ഗാന്ധിജിയെ ഏൽപ്പിച്ചു.
തുടർന്ന് ഗാന്ധിജിയോട് കൈയൊപ്പ് ആവശ്യപ്പെട്ടു. ഗാന്ധിജി സന്തോഷത്തോടെ കൈയൊപ്പ് ചാർത്താൻ ഒരുങ്ങവെ അവൾ അടുത്ത വള ഉൗരി. ഗാന്ധിജി പറഞ്ഞു.
‘രണ്ട് വള വേണ്ട, ഒന്നുമതി...’ അവൾ കഴുത്തിലെ സ്വർണമാലയും ഉൗരിനൽകി. ഉടൻ, ഗാന്ധിജി ചോദിച്ചു- ‘മാതാപിതാക്കൾ സമ്മതിച്ചിട്ടുണ്ടോ..?’ ഉത്തരം നൽകാതെ കമ്മലും അഴിച്ചു. ആഭരണങ്ങൾക്കായി അച്ഛനോട് വാശി പിടിക്കുമോ എന്ന ഗാന്ധിജിയുടെ ചോദ്യത്തിന് കൗമുദി ഒരിക്കലും ഇല്ലെന്ന് മറുപടി നൽകി. ‘ആഭരണമില്ലാത്ത പെൺകുട്ടിയെ വേണ്ടെന്ന് ഭർത്താവായി വരുന്നയാൾ നിർബന്ധം പിടിച്ചാലോ...’ എന്നായി ഗാന്ധിജി. അങ്ങനെ ഒരാളെ വേണ്ടെന്ന് പറയുമെന്നായിരുന്നു മറുപടി. പിന്നെ, ഗാന്ധിജി കൗമുദിയുടെ ഓട്ടോഗ്രാഫിൽ എഴുതി. ‘നിെൻറ ത്യാഗമാണ് ഇനി നിെൻറ ആഭരണം...’. ആ സംഭവത്തിനുശേഷം അവർ ആഭരണം ധരിച്ചിട്ടില്ല.
ഈ ത്യാഗത്തെക്കുറിച്ച് ഗാന്ധിജി പിന്നീട് പലയിടത്തായി പറഞ്ഞു. ‘കൗമുദി കീ ത്യാഗ്’എന്ന പേരിൽ എഴുതി. ഈ ലേഖനം ഹിന്ദിപാഠ പുസ്തകത്തിെൻറ ഭാഗമായപ്പോൾ സ്വന്തം കഥ കുട്ടികളെ പഠപ്പിക്കാനും കൗമുദിക്ക് ഭാഗ്യം ലഭിച്ചു. ഗാന്ധിജിയുടെ നിർദേശപ്രകാരം ഹിന്ദി പഠിച്ചു. 1938ൽ കണ്ണൂർ ഗവ. ഹൈസ്കൂളിൽ ഹിന്ദി അധ്യാപികയായി. കസ്തൂർബാ ഗാന്ധിജിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നടത്തിയ മിശ്രഭോജനമടക്കമുള്ള ഒട്ടേറെ പ്രവർത്തനങ്ങളിലും പങ്കാളിയായി. 1917 മേയ് 17-ന് കടത്തനാട് കോലത്തിരി രാജവംശത്തിലെ രാമവർമരാജയുടെയും ചിറക്കൽ കൊട്ടാരത്തിലെ ദേവകി കെട്ടിലമ്മയുടെയും മകളായാണ് ജനനം. കടത്തനാട് രാജാസ് സ്കൂളിലും വടകര ബി.ഇ.എമ്മിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 92ാം വയസ്സിൽ 2009 ആഗസ്റ്റ് നാലിനായിരുന്നു അന്ത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.