എം.എൽ.എ പടി; കാനം വണ്ടി; മറഞ്ഞത് കോട്ടയത്തിന്റെ കനം
text_fieldsകോട്ടയം: എ.ഐ.എസ്.എഫ് 1970ൽ നടത്തിയ കലാമേളയിൽ ‘രക്തപുഷ്പങ്ങൾ’ എന്ന നാടകത്തിൽ നായകനടനായിരുന്നു കാനം. എന്നാൽ, ജീവിതത്തിൽ അഭിനയത്തെ പൂർണമായി മാറ്റിനിർത്തിയ പച്ച മനുഷ്യനായിരുന്നു കാനത്തിന്റെ രാജേന്ദ്രൻ. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാനത്തെ സമുന്നത പദവിയുടെ പരിവേഷവുമായി എത്തിയപ്പോഴും കാനത്തെ കൊച്ചുകളപ്പുരയിടത്തിൽ വീട്ടിൽ കാത്തുനിന്ന സാധാരണ പാർട്ടി പ്രവർത്തകരുടെ കൂട്ടം ഇതിന് തെളിവായിരുന്നു.
ജനിച്ചത് കൂട്ടിക്കലിലാണെങ്കിലും വളര്‍ന്നതും ജീവിച്ചതുമായ കോട്ടയം വാഴൂരിനു സമീപത്തെ കാനമെന്ന സ്ഥലത്തെ പേരിന്റെ ഇടതുവശത്ത് ചേർത്തുനിർത്തുകയായിരുന്നു അദ്ദേഹം. ഏന്തയാറിലെ മര്‍ഫി സായിപ്പിന്റെ തോട്ടത്തിലെ കണക്കുപിള്ളയായിരുന്ന പിതാവ് പരമേശ്വരന് നായർക്കൊപ്പം തോട്ടം തൊഴിലാളികളുടെ ജീവിതം കണ്ടറിഞ്ഞായിരുന്നു കാനത്തിന്റെ വളര്‍ച്ച. പിൽക്കാലത്ത് തൊഴിലാളി നേതാവായി സി.പി.ഐയുടെ അമരത്തേക്ക് എത്തിയതും ഈ ജീവിതക്കാഴ്ചകളുടെ പിന്‍ബലത്തിലായിരുന്നു.
യുവനേതാവായിരിക്കെ സെന്റ് തോമസ് ബസിന്റെ ലാസ്റ്റ് സർവിസിൽ കോട്ടയത്തുനിന്ന് പതിനാലാം മൈലിൽ ഇറങ്ങി വീട്ടിലേക്ക് നടന്നുപോകുന്ന കാനമാണ് നാടിന്റെ ഓർമകളിൽ ആദ്യം. ഈ ബസ് പിന്നീട് ‘കാനം വണ്ടി’ എന്ന പേരിൽ അറിയപ്പെട്ടതും രാജേന്ദ്രനോടുള്ള ആദരവായി. ‘കാനം വണ്ടി’ എന്നറിയപ്പെട്ട ഈ ബസുമായി ബന്ധപ്പെട്ട ചർച്ചകളിൽ നാട്ടുകാർ കാനം രാജേന്ദ്രന്റെ പേരും ചേർത്തുനിർത്തി. കാനം സഞ്ചരിച്ച ബസാണിതെന്ന് നാട് ഇപ്പോഴും ആവർത്തിക്കുന്നു. പിന്നീട് എം.എൽ.എയായപ്പോൾ കാനം ചന്തക്കവലക്ക് സമീപം സ്റ്റോപ്പിന് എം.എൽ.എ പടിയെന്ന വിശേഷണവും നാട് ചാർത്തിനൽകി. ഇപ്പോഴും കൊടുങ്ങൂർ-കാനം-കാഞ്ഞിരപ്പാറ റൂട്ടിലൂടെ സഞ്ചരിക്കുമ്പോൾ എം.എൽ.എ പടിയെന്ന വിളി കേൾക്കാം.
വാഴൂര്‍ എസ്.വി.ആര്.എന്‍.എസ്.എസ് സ്കൂളിലും കോട്ടയം ബസേലിയസ് കോളജിലുമായി വിദ്യാഭ്യാസം നടത്തിയ കാനം, കേരള കോൺഗ്രസിന്റെ തട്ടകത്തിൽനിന്ന് എ.ഐ.വൈ.എഫിലൂടെയാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. 23ാം വയസ്സില്‍ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായി. 28ാം വയസ്സില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. 1982ല്‍ സ്വന്തം മണ്ഡലമായ വാഴൂരില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചതോടെയാണ് കാനത്തിന്റെ പേര് നാട് കൂടുതലായി അറിഞ്ഞത്.
1982ല്‍ എം.കെ. ജോസഫിനെയും 1987ല്‍ കന്നി മത്സരത്തിനെത്തിയ പി.സി. തോമസിനെയും പരാജയപ്പെടുത്തിയായിരുന്നു കാനത്തിന്റെ നിയമസഭാപ്രവേശം. രാജീവ് ഗാന്ധി വധത്തിനുശേഷമുള്ള 1991ലെ തെരഞ്ഞെടുപ്പില്‍ കാനത്തിന് അടിപതറി. പിന്നീട് 1996ലും 2006ലും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 1996ല്‍ കെ. നാരായണക്കുറുപ്പിനോടും 2006ല്‍ അദ്ദേഹത്തിന്റെ മകന് ജയരാജിനോടുമായിരുന്നു പരാജയം. ഇതും രാഷ്ട്രീയചിത്രത്തിൽ കോട്ടയത്തെ കൗതുകമായി ഇടംപിടിച്ചു. പിന്നാലെ കാനം മത്സരിച്ച വാഴൂർ എന്ന പേരിലുള്ള മണ്ഡലം മറഞ്ഞ് കാഞ്ഞിരപ്പള്ളിയായി.
2006ല്‍ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയായതോടെ, കാനം തട്ടകം തിരുവനന്തപുരത്തേക്ക് പറിച്ചുനട്ടു. പിന്നീട് കോട്ടയത്തിന് അഭിമാനമായി പാർട്ടിയുടെ തലപ്പത്തേക്കുമെത്തി. കിടങ്ങൂർ സ്വദേശിയായ പി.കെ. വാസുദേവൻനായർക്കുശേഷം സി.പി.ഐയുടെ തലപ്പത്തേക്ക് എത്തിയ കോട്ടയംകാരനായിരുന്നു കാനം. തിരുവനന്തപുരത്തേക്ക് തട്ടകം മാറ്റിയെങ്കിലും നാട്ടുഭാഷയിലൂടെ കോട്ടയം ബന്ധം അദ്ദേഹം നിരന്തരം ഓർമിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.