ഉള്ളുലഞ്ഞ് കാനം എന്ന രണ്ടക്ഷരം
text_fieldsവാഴൂർ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിടവാങ്ങുമ്പോൾ വാഴൂരിന് നഷ്ടമായത് കാനമെന്ന പേരിനൊപ്പം മാത്രമല്ല ഹൃദയത്തിലും ചേർത്തുവെച്ച നേതാവിനെ. കാനം എന്ന രണ്ടക്ഷരം ഒരു വ്യക്തിയുടെ പേരായി എഴുതിച്ചേർക്കപ്പെട്ടത് രാജേന്ദ്രൻ നേതൃത്വം കൊടുത്ത രാഷ്ട്രീയ പോരാട്ടങ്ങളുടെ പിന്തുടർച്ചയായാണ്. 1950 നവംബർ 10ന് കൊച്ചു കളപുരയിടത്തിൽ വി.കെ. പരമേശ്വരൻ നായരുടെയും ടി.കെ. ചെല്ലമ്മയുടെയും മൂത്ത മകനായി ജനിച്ച കാനം വിദ്യാർഥി പ്രസ്ഥാനത്തിൽകൂടിയാണ് രാഷ്ട്രീയത്തിലെത്തിയത്. പിതാവ് മുണ്ടക്കയം കൂട്ടിക്കൽ താളുങ്കൽ എസ്റ്റേറ്റിലെ സൂപ്പർവൈസറായിരുന്നു. ബാല്യകാലപഠനം കൂട്ടിക്കൽ സ്കൂളിലായിരുന്നു. പിന്നീട് വാഴൂർ എസ്.വി.ആർ.വി എൻ.എസ്.എസ് സ്കൂളിൽ പഠിക്കുമ്പോൾ എ.ഐ.എസ്.എഫ് യൂനിറ്റ് രൂപവത്കരിച്ചാണ് രാഷ്ടീയപ്രവർത്തനം ആരംഭിച്ചത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. വാഴൂർ എൻ.എസ്.എസ് കോളജിലും കോട്ടയം ബസേലിയസ് കോളജിലുമായി കലാലയ പഠനം. 23ാമത്തെ വയസ്സിൽ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയുമായി. ഇക്കാലത്ത് കമ്യൂണിസം പഠിക്കാൻ റഷ്യയിൽ പോകാനും അവസരം ലഭിച്ചു.
22ാമത്തെ വയസ്സിൽ സി.പി.ഐയുടെ സംസ്ഥാന എക്സിക്യൂട്ടിവിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു കാനം. പിന്നീടും കേരളത്തിൽ ഇത്രയും പ്രായം കുറഞ്ഞ ആരും സംസ്ഥാന എക്സിക്യൂട്ടിവിൽ എത്തിയിട്ടില്ല. അക്കാലത്ത് വെളിയം ഭാർഗവൻ, എം.എൻ. ഗോവിന്ദൻ നായർ, ഇ. ചന്ദ്രശേഖരൻ നായർ, ഡി. ഉണ്ണിരാജ, എൻ.ഇ. ബൽറാം എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. ഇത് ഇദ്ദേഹത്തിലെ കമ്യൂണിസ്റ്റുകാരനെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. കാനത്തിനെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ടി.വി. തോമസായിരുന്നു. രാഷ്ടീയഗുരുവായി കണ്ടതും ടി.വി. തോമസിനെതന്നെ. രണ്ടുതവണ എം.എൽ.എയായി വാഴൂർ നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്തു. പൊൻകുന്നത്ത് വിദ്യാഭ്യാസ ജില്ല ഓഫിസ് കൊണ്ടുവന്നത് ഇക്കാലയളവിലാണ്. വാഴൂർ ഗവ. പ്രസിന്റെ പണി പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിച്ചു. 1984ൽ അദ്ദേഹം പ്രതിപക്ഷ എം.എൽ.എ ആയിരിക്കുമ്പോൾ കാഞ്ഞിരപ്പാറ സാലി വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 13 ദിവസം നടത്തിയ നിരാഹാരം കേരളമാകെ ശ്രദ്ധിച്ചു. സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. 1984ൽ ഏറ്റവും നല്ല എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ ലൈബ്രറി അക്കാലത്ത് ഏറ്റവും കൂടുതൽ ഉപയോഗിച്ച സാമാജികനായിരുന്നു കാനം. നിയമസഭാ സാമാജികർ അവതരിപ്പിച്ച നാടകത്തിലെ മികച്ച നടനായി കാനം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് തൊട്ടുമുമ്പ് നവംബറിലാണ് കാനത്തിലുള്ള വീട്ടിൽ വന്നുമടങ്ങിയത്. തിരുവനന്തപുരത്ത് മകനൊപ്പമായിരുന്നു താമസം. ഇതോടെ കാനത്തെ വീട് അടഞ്ഞുകിടക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.