കാനം കയറിച്ചെന്നിടത്തെല്ലാം പാർട്ടി വളർന്നു
text_fieldsവിദ്യാർഥി സംഘടനയുടെയും യുവജന പ്രസ്ഥാനത്തിന്റെയും കരുത്തിലൂടെയാണ് കാനം രാജേന്ദ്രനെന്ന തലപ്പൊക്കമുള്ള നേതാവ് കേരള രാഷ്ട്രീയത്തിൽ വളർന്നത്. എ.ഐ.എസ്.എഫിൽനിന്ന് എ.ഐ.വൈ.എഫിന്റെ സംസ്ഥാന നേതൃനിരയിലേക്ക് അദ്ദേഹമെത്തുന്നത് പൊടുന്നനെയാണ്. അക്കാലത്താണ് കാനം രാജേന്ദ്രനെന്ന 24കാരനെ ഞാൻ ആദ്യമായി പരിചയപ്പെട്ടത്. 1974ൽ അദ്ദേഹം എ.ഐ.വൈ.എഫിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് ജില്ല സെക്രട്ടറിയായിരുന്ന ഞാൻ കണ്ണൂരിലേക്ക് ക്ഷണിച്ചു.
അന്ന് കണ്ണൂരിൽ എ.ഐ.വൈ.എഫിന് വലിയ സംഘടന ബലവും ആൾബലവും ഇല്ല. അദ്ദേഹം പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ ഇരുപത്തഞ്ചിൽ താഴെപേർ മാത്രമാണ് തെക്കേ ബസാറിലുണ്ടായിരുന്നത്. എന്നാൽ, ഒന്നര മണിക്കൂർ നീണ്ട അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ആയിരങ്ങൾ തടിച്ചുകൂടി. രാഷ്ട്രീയം പറയാൻ മാത്രമല്ല അത് അവതരിപ്പിക്കാനുള്ള ശൈലിയും അദ്ദേഹത്തിൽനിന്ന് കണ്ടുപഠിക്കേണ്ടതായിരുന്നു. എ.ഐ.വൈ.എഫിന്റെ വളർച്ചയുടെ സുപ്രധാനവേരായിരുന്നു കാനം. 1980ലാണ് ഞാൻ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റായത്. അതിന് മുമ്പുതന്നെ സംഘടനക്ക് സംസ്ഥാനത്ത് മേൽവിലാസം ഉണ്ടാക്കിക്കൊടുക്കുന്നത് കാനമായിരുന്നെന്ന് അടിയുറച്ച് പറയാനാകും. കാനം കയറിച്ചെന്നിടത്തെല്ലാം പാർട്ടിയും വളർന്നു. അത് വിദ്യാർഥി പ്രസ്ഥാനമായാലും യുവജനപ്രസ്ഥാനമായാലും ട്രേഡ് യൂനിയൻ രംഗത്തായാലും.
ധീരനും ദീർഘദർശിയുമായ രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. ഏത് പ്രതിസന്ധിയെയും മുറിച്ചുകടക്കാനുള്ള ആർജവവും തന്റേടവും അദ്ദേഹത്തിനുണ്ടായിരുന്നു. സ്വന്തം നിലപാടുകൾ പാർട്ടി സഖാക്കളെ ബോധ്യപ്പെടുത്താനുള്ള അപാര കഴിവിനുടമയായിരുന്നു അദ്ദേഹം. സി.കെ. ചന്ദ്രപ്പന് മരിച്ചപ്പോള് സി.പി.ഐ സെക്രട്ടറി സ്ഥാനത്തേക്ക് കാനം വേണമെന്നായിരുന്നു ഭൂരിഭാഗം ജില്ല നേതാക്കളുടെയും അഭിപ്രായം. തർക്കങ്ങളുണ്ടായി... ഒടുവിൽ സമവായമെന്ന നിലയിലാണ് കേന്ദ്ര നേതൃത്വം ഇടപെട്ട് എന്നെ സംസ്ഥാന സെക്രട്ടറി പദവിയിലിരുത്തിയത്. എന്നോട് അദ്ദേഹത്തിന് ഒരുപരിഭവവും ഉണ്ടായിരുന്നില്ല. ആ രണ്ടുവർഷവും എന്റെ തോളോട് തോൾ ചേർന്ന് പാർട്ടിയെ ശക്തിപ്പെടുത്താൻ കാനം ശ്രമിച്ചു.
എൽ.ഡി.എഫ് യോഗത്തിലും ഞങ്ങൾ ഒരുമിച്ചായിരുന്നു പങ്കെടുത്തിരുന്നത്. 2015ൽ അദ്ദേഹം പാർട്ടി സെക്രട്ടറിയായി. മരിക്കുന്നതും പാർട്ടി സെക്രട്ടറിയായി തന്നെ. എൽ.ഡി.എഫ് പ്രവർത്തനങ്ങളിൽ മരവിപ്പുണ്ടായ ഘട്ടങ്ങളിലൊക്കെ നേതൃത്വത്തെ ശക്തമായി തിരിച്ചുകൊണ്ടുവരാൻ അദ്ദേഹത്തിന്റെ ഓരോ പ്രസ്താവനകളും സഹായകരമായി.പ്രമേഹത്തെ തുടർന്ന് വിരൽ മുറിക്കുന്ന ഘട്ടത്തിൽ അദ്ദേഹം കുലിങ്ങിയില്ല. എന്നാൽ കാലുമുറിക്കുന്ന ഘട്ടത്തിൽ ഒന്ന് ഉലഞ്ഞു. ഞാൻ ആശുപത്രിയിലെത്തി ഒരുപാട് ആശ്വസിപ്പിച്ചു. നമ്മൾ കമ്യൂണിസ്റ്റുകാരല്ലേ, എന്ത് വന്നാലും പൊരുതേണ്ടവരല്ലേ. അതിന് അദ്ദേഹം നൽകിയ മറുപടി, ശരി നോക്കാം എന്നായിരുന്നു. ശനിയാഴ്ച അദ്ദേഹത്തെ കാണാനുള്ള ഒരുക്കത്തിനിടയിലാണ് മരണവിവരം അറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.