കണ്ണീരടക്കാനാവാതെ സന്തതസഹചാരി വിനോദ്
text_fieldsവാഴൂർ: കാനം രാജേന്ദ്രൻ ഓർമയാകുമ്പോൾ കണ്ണീരടക്കാനാവാതെ വിതുമ്പുകയാണ് ഡ്രൈവറായിരുന്ന വിനോദ്. 18 വർഷമായി കാനത്തിനൊപ്പമുള്ള അടൂർ വെള്ളച്ചിറ വിനോദ് കാനത്തിന്റെ വിശ്വസ്തനും മകനെപ്പോലെയുമായിരുന്നു.
പാർട്ടി പരിപാടികളായാലും സ്വകാര്യ ആവശ്യങ്ങളായാലും വിനോദ് ഒപ്പമുണ്ടാകും. കാനത്തിന്റെ വീട്ടിലും വിനോദിന് ഒരു മുറിയുണ്ടായിരുന്നു. യാത്ര പോയാൽ ഇരുവരും കഴിയുന്നത് ഒരേ മുറിയിലാണ്.
കാനത്തിന് ഭക്ഷണം, മരുന്ന്, വസ്ത്രങ്ങൾ തുടങ്ങി എല്ലാം എടുത്തു കൊടുക്കുന്നത് വിനോദായിരുന്നു. എറണാകുളത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മുതൽ മരണം വരെ കാനത്തിനൊപ്പം മുഴുസമയവും വിനോദ് ഉണ്ടായിരുന്നു. എവിടെ പോകണമെങ്കിലും വിനോദ് കൂടെ വേണമെന്ന് കാനത്തിന് നിർബന്ധമായിരുന്നു.
ഡ്രൈവറായി കണ്ടിട്ടില്ല, ഒന്ന് ദേഷ്യപ്പെട്ടിട്ടുപോലുമില്ല. ഒരു മകനെപ്പോലെ പരിഗണിച്ച വലിയ മനുഷ്യന്റെ വേർപാടിലൂടെ നഷ്ടമാകുന്നത് ഒരച്ഛന്റെ സ്നേഹമാണെന്ന് വിനോദ് പറഞ്ഞു.
ആദ്യവസാനം ഒപ്പംനിന്ന് സി.പി.ഐ മന്ത്രിമാർ; അന്തിമോപചാരം അർപ്പിച്ച് പ്രമുഖർ
കോട്ടയം: സി.പി.ഐ നേതൃത്വത്തിനൊപ്പം കാനം രാജേന്ദ്രന്റെ സംസ്കാരച്ചടങ്ങിൽ എൽ.ഡി.എഫ് നേതൃനിര ഒന്നാകെയെത്തി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കുമൊപ്പം എൽ.ഡി.എഫ് നേതാക്കളെല്ലാം കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, സജി ചെറിയാൻ, കെ. രാധാകൃഷ്ണൻ, ഡോ. ആർ. ബിന്ദു, പി. പ്രസാദ്, ജി.ആർ. അനിൽ, ജെ. ചിഞ്ചു റാണി എന്നിവർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു. സി.പി.ഐ മന്ത്രിമാർ ആദ്യവസാനം മൃതദേഹത്തിനൊപ്പമുണ്ടായിരുന്നു.
സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, സെക്രട്ടേറിയറ്റ് അംഗം കെ. നാരായണ, എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ചീഫ് വിപ് ഡോ. എൻ. ജയരാജ്, എം.പിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, ആന്റോ ആന്റണി, എ.എം. ആരിഫ്, പി. സന്തോഷ് കുമാർ, എം.എൽ.എമാരായ വാഴൂർ സോമൻ, അനൂപ് ജേക്കബ്, കടന്നപ്പള്ളി രാമചന്ദ്രൻ, പി.പി. ചിത്തരഞ്ജൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി. വിഷ്ണുനാഥ്, സി.കെ. ആശ, മാണി സി. കാപ്പൻ, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പി.ജെ. ജോസഫ്, തോമസ് കെ. തോമസ്, മുഹമ്മദ് മുഹ്സിൻ, നേതാക്കളായ ആനി രാജ, വൈക്കം വിശ്വൻ, പന്ന്യൻ രവീന്ദ്രൻ, എ. വിജയരാഘവൻ, വി.എസ്. സുനിൽകുമാർ, എം.എ. ബേബി, പി.സി. ചാക്കോ, കാസിം ഇരിക്കൂർ, പി.സി. തോമസ്, സി.കെ. ശശിധരൻ, വിനോയ് വിശ്വം, പി.പി. സുനീർ, പ്രകാശ് ബാബു, ഇ.എസ്. ബിജിമോൾ, ടി.ജെ. ആഞ്ചലോസ്, ഷാനിമോൾ ഉസ്മാൻ, ജോയ്സ് ജോർജ്, പി.സി. ജോർജ്, കെ.പി. രാജേന്ദ്രൻ, എളമരം കരീം, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ. അബ്ദുൽ ഹക്കീം, കോട്ടയം ജില്ല ട്രഷറർ നിസാർ അഹമ്മദ്, സംവിധായകൻ വിനയൻ, ബിനീഷ് കോടിയേരി, എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ടവിമലാദിത്യ, കോട്ടയം ജില്ല കലക്ടർ വി. വിഘ്നേശ്വരി, ജില്ല പൊലീസ് മേധാവി കെ. കാർത്തിക് എന്നിവരടക്കം നിരവധിപേർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
കാനം ഉറച്ച നിലപാടുള്ള കമ്യൂണിസ്റ്റ് -ഡി. രാജ
വാഴൂർ: കാനം രാജേന്ദ്രന്റെ വേർപാട് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടമാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ. കാനം ഉറച്ച നിലപാടുകളുള്ള കമ്യൂണിസ്റ്റും പ്രതിബദ്ധതയുള്ള നേതാവുമായിരുന്നെന്നും ഡി. രാജ അനുസ്മരിച്ചു. കാനം രാജേന്ദ്രന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം കാനത്തെ വീട്ടുമുറ്റത്ത് ചേർന്ന സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാനത്തിന്റെ വേർപാട് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും മടങ്ങിവരുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെച്ചിരുന്നതായും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരോടും നല്ല ബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു കാനമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഓർമിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. വി.ബി. ബിനു അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.