സെക്രട്ടേറിയറ്റിലെ ഭരണപരിഷ്കാരങ്ങൾക്കെതിരെ കാനം; ജീവനക്കാരെ തടങ്കലിൽ വെച്ചല്ല പരിഷ്കാരങ്ങൾ നടത്തേണ്ടത്
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പുതുതായി ഏർപ്പെടുത്തിയ അക്സസ് കൺട്രോൾ സിസ്റ്റത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജീവനക്കാരെ തടങ്കലിൽ വെച്ചല്ല പരിഷ്കാരങ്ങൾ നടത്തേണ്ടത്. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കാൻ സർക്കാർ തയാറാകണം. കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ (കെ.എസ്.എസ്.എ) 36ാംവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്തകാലത്തായി സെക്രട്ടേറിയറ്റിൽ നടത്തിയ പരിഷ്കാരങ്ങൾക്കെതിരെ ജീവനക്കാർക്കിടയിൽനിന്ന് ഉയരുന്ന വിമർശനങ്ങൾ സമൂഹത്തിന്‍റെ ശ്രദ്ധയിലുണ്ട്. പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുമ്പോൾ സംഘടനകളുമായി ചർച്ച ചെയ്യുന്നരീതിയാണ് അഭിമാക്യം. സിവിൽ സർവിസിലേക്ക് ശാസ്ത്രസാങ്കേതിക വളർച്ചയുടെ ഭാഗമായുള്ള മാറ്റങ്ങൾ കടന്നുവരണമെന്നതിൽ തർക്കമില്ല.
ഇത്തരം പരിഷ്കാരങ്ങൾ നടപ്പാക്കുമ്പോൾ ജോലി ചെയ്യുന്നതിന്‍റെ ഔട്ട് പുട്ട് വർധിക്കുമെന്ന് ചിലർ ആവശ്യപ്പെടുന്നു. ആളിനെ ബന്ദിയാക്കിയാൽ ഔട്ട് പുട്ട് വർധിക്കുമോ. കുറേ വർഷങ്ങളായി ലോകബാങ്കിന്‍റെയും അതുപോലുള്ള ഏജൻസികളുടെയും ഭാഷയിലാണ് സെക്രട്ടേറിയറ്റിലെ സെക്രട്ടറിമാർ സംസാരിക്കുന്നത്. സർക്കാർ ഉദ്ദേശിക്കുന്നതിന് വിരുദ്ധമായി പരിഷ്കാരങ്ങൾ നടപ്പാക്കിയാൽ ചെറുക്കാനുള്ള ശക്തി ജീവനക്കാരുടെ സംഘടനകൾക്ക് ഉണ്ടാകണമെന്നും കാനം ചൂണ്ടിക്കാട്ടി.
ജീവനക്കാരെ അടിമകളാക്കാതെ സ്വതന്ത്ര സാഹചര്യമുണ്ടാക്കിയാൽ മാത്രമേ ഏതൊരു ജനകീയ പദ്ധതിയും വിജയിക്കൂവെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ടി.കെ. അഭിലാഷ് അധ്യക്ഷതവഹിച്ചു. മാങ്കോട് രാധാകൃഷ്ണൻ, ജയചന്ദ്രൻ കല്ലിംഗൽ, ഡോ.കെ.എസ്. സജികുമാർ, ഒ.കെ. ജയകൃഷ്ണൻ, വി. വിനോദ്, ആർ. മനീഷ്, പി.ജി. അനന്തകൃഷ്ണൻ, എസ്. സുധികുമാർ, എസ്. സാജു സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.