അന്ത്യകൂദാശ അടുത്ത പാർട്ടികളുടെ വെൻറിലേറ്റർ അല്ല എൽ.ഡി.എഫ് -കാനം
text_fieldsവടകര: സംസ്ഥാനത്ത് ഇടതുമുന്നണി കൂടുതൽ ശക്തിപ്പെടണമെന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ലെങ്കിലും അന്ത്യകൂദാശ അടുത്ത പാർട്ടികൾക്ക് വെൻറിലേറ്ററായി പ്രവർത്തിക്കേണ്ട സാഹചര്യം മുന്നണിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐ കോഴിക്കോട് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്നണിയുടെ ജനകീയ അടിത്തറ ശക്തിപ്പെടുത്തുന്നതിന് സി.പി.ഐ ഒരിക്കലും എതിരല്ല. അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങൾ തുറന്നുപറയുകയാണ് സി.പി.ഐയുടെ ശീലം. മുന്നണിക്കുള്ളിൽ കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ അത് അവിടെ പറയും. സി.പി.എം ദുർബലമായാൽ എൽ.ഡി.എഫ് ശക്തിപ്പെടുമെന്ന അഭിപ്രായം സി.പി.ഐക്കില്ല. സി.പി.ഐ ദുർബലമായാൽ എൽ.ഡി.എഫ് ശക്തിപ്പെടുമെന്ന ധാരണ സി.പി.എമ്മിനുണ്ടാകുമെന്നും കരുതുന്നില്ല. രണ്ട് ഇടതുപക്ഷ പാർട്ടികൾ എന്ന നിലയ്ക്ക് അതിെൻറ ഐക്യത്തിനാണ് പ്രാധാന്യം കൽപിക്കുന്നത്. എല്ലാ മുന്നണികളും ജനപിന്തുണ വർധിപ്പിക്കാനാണ് പരിശ്രമിക്കേണ്ടത്.
എറണാകുളത്ത് സി.പി.എം സമ്മേളനത്തിെൻറ ഭാഗമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രസംഗിച്ചത്, മുന്നണി വിപുലീകരിക്കുന്നത് പരിപാടികളുടെ അടിസ്ഥാനത്തിലാണെന്നാണ്. യോജിക്കാൻ കഴിയുന്ന കക്ഷികളാണ് മുന്നണിയിൽ എപ്പോഴും ഉണ്ടാവുക. അദ്ദേഹത്തിെൻറ അഭിപ്രായത്തെ പൂർണമായും മാനിക്കുന്നു. അല്ലാതെ, നയ നിലപാടുകൾ ഉണ്ടെന്നറിയാതെ വാതിൽ തുറന്നിട്ടിരിക്കുന്നുവെന്നല്ല ആ പറഞ്ഞതിെൻറ അർഥം.
കൊല്ലം സമ്മേളനത്തിെൻറ പ്രമേയത്തിൽ നമ്മൾ പറഞ്ഞത് മുന്നണി വിട്ടുപോയവർ തിരിച്ചു വരണമെന്നാണ്. അനുകൂലമായ പുതിയ സാഹചര്യം വരുന്നുണ്ട്. മുന്നണി വിട്ട് യു.ഡി.എഫിനൊപ്പം പോയ പാർട്ടികൾക്ക് അവരുടെ നിലപാടുകൾ പുനഃപരിശോധിച്ച് തിരിച്ചുവരുന്നതിന് ഇവിടെ ആരും തടസ്സമല്ല. അതിനപ്പുറം എൽ.ഡി.എഫ് ആലോചിച്ചിട്ടില്ല. അങ്ങനെ ചില പ്രചാരണങ്ങൾ നടത്തുന്നത് ശരിയല്ലെന്നും കാനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.