വരുന്നവരെയും പോകുന്നവരെയും ചേർത്തല്ല മുന്നണി ശക്തിപ്പെടുത്തേണ്ടത്, സി.പി.എം ചരിത്രം പരിശോധിക്കട്ടെ -കാനം
text_fieldsതിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് എൽ.ഡി.എഫിൽ പ്രവേശനം നൽകുന്നത് സംബന്ധിച്ച് തങ്ങൾക്കുള്ള എതിർപ്പ് ശക്തമാക്കി സി.പി.ഐ. വരുന്നവരെയും പോകുന്നവരെയും ചേർത്തല്ല മുന്നണി ശക്തിപ്പെടുത്തേണ്ടതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കോടിയേരി ബാലകൃഷ്ണൻ ചരിത്രം പരിശോധിക്കണമെന്നും കാനം ആവശ്യപ്പെട്ടു.
സി.പി.എമ്മിന്‍റെ വിശ്വാസം അവരെ രക്ഷിക്കട്ടെ. ജോസ് കെ. മാണി വിഭാഗത്തിന് എൽ.ഡി.എഫിൽ പ്രവേശനം നൽകുന്നത് സംബന്ധിച്ച് സി.പി.ഐ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതിൽ കൂടുതലൊന്നും പറയാനില്ല.
1965ൽ എല്ലാവരും ഒറ്റക്കാണ് മത്സരിച്ചതെന്ന് ആരാണ് പറഞ്ഞത്. ആ ചരിത്രം കോടിയേരി ബാലകൃഷ്ണൻ ഒന്നുകൂടി വായിച്ചുനോക്കട്ടെ. 1965ൽ മുസ്ലിം ലീഗ് ഉൾപ്പടെ കക്ഷികളുമായി ധാരണയുണ്ടാക്കിയാണ് സി.പി.എം മത്സരിച്ചതെന്നും കാനം ഓർമിപ്പിച്ചു.
എൽ.ഡി.എഫിന്‍റെ അടിത്തറ വിപുലീകരിക്കുന്നത് ജനാധിപത്യ കക്ഷികളെ സ്വീകരിച്ചുകൊണ്ടാണ്. അല്ലാതെ വരുന്നവർക്കും പോകുന്നവർക്കും ഇടംനൽകിക്കൊണ്ടല്ലെന്നും കാനം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സി.പി.ഐക്കെതിരെ വിമർശനമുന്നയിച്ചിരുന്നു. ഒറ്റയ്ക്ക് നിന്നാൽ ആരും ശക്തരല്ലെന്ന് സി.പി.ഐ ഓർക്കണമെന്നും കോടിയേരി പറഞ്ഞിരുന്നു. ഇതിനാണ് കാനം മറുപടി നൽകിയിരിക്കുന്നത്. ഇതോടെ, ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.