‘പ്രിയ സഖാവെ ലാൽസലാം, രാജേട്ടാ ലാൽസലാം’ ചിതക്കരികിൽ മുദ്രാവാക്യം മുഴക്കി പൊട്ടിക്കരഞ്ഞ് മന്ത്രി പ്രസാദ്
text_fieldsകോട്ടയം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ സംസ്കാരച്ചടങ്ങിനിടെ പൊട്ടിക്കരഞ്ഞ് മന്ത്രി പി. പ്രസാദ്. ചിതക്ക് തീകൊളുത്തുന്നതിന് മുമ്പായി ‘പ്രിയ സഖാവെ ലാൽസലാം, രാജേട്ടാ ലാൽസലാം’ മുദ്രാവാക്യങ്ങൾ മന്ത്രി പി. പ്രസാദ് മുഴക്കി.
ഇത് പ്രവർത്തകർ ഏറ്റുവിളിച്ചു. ഏറെനേരം മുദ്രാവാക്യം മുഴക്കിയതിനൊടുവിൽ മന്ത്രി കണ്ണീർ വാർത്തു. ചിതക്ക് തീകൊടുക്കാൻ തുടങ്ങിയതോടെ പൊട്ടിക്കരച്ചിലായി. ഒപ്പമുണ്ടായിരുന്ന മന്ത്രി കെ. രാജൻ ചേർത്തുനിർത്തി ആശ്വസിപ്പിച്ചു. ഇതിനിടെ രാജന്‍റെ കണ്ണുകളും നിറഞ്ഞു.
മൃതദേഹം വീട്ടിലെത്തിച്ചതുമുതൽ പ്രിയ നേതാവിന് അരികിൽതന്നെയായിരുന്നു ഇരുവരും. മുഴുവൻ സമയം ഒപ്പംനിന്ന ഇവർ ചിത കത്തിച്ചതിനുശേഷവും ഏറെനേരം സംസ്കാരച്ചടങ്ങ് നടന്ന സ്ഥലത്തുതന്നെ തുടർന്നു.
പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കാനം രാജേന്ദ്രന്‍റെ ചിതക്ക് മകന്‍ സന്ദീപ് ചിതക്ക് തീകൊളുത്തി. സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, മുഖ്യമന്ത്രി പിണറായി വിജയൻ, മുതിർന്ന സി.പി.ഐ നേതാവ് കെ.ഇ. ഇസ്മാഈൽ എന്നിവർ ചിതക്കരികിലെത്തിയും അന്തിമാഭിവാദ്യം അർപ്പിച്ചു.
വെള്ളിയാഴ്ച അന്തരിച്ച കാനം രാജേന്ദ്രന്‍റെ ഭൗതികശരീരം 12 മണിക്കൂറിലേറെ നീണ്ട വിലാപയാത്രക്കൊടുവിൽ ഞായറാഴ്ച പുലർച്ച 2.45നാണ് വാഴൂർ കാനത്തെ വീട്ടിലെത്തിച്ചത്. നൂറുകണക്കിനു പ്രവർത്തകരായിരുന്നു പ്രിയനേതാവിനെ അവസാനമായി കാണാൻ ഉറങ്ങാതെ വീട്ടിൽ കാത്തിരുന്നത്. വിലാപയാത്ര കടന്നുവന്ന വഴികളിലും വൻ ജനാവലി പ്രിയ നേതാവിനായി കാത്തുനിന്നിരുന്നു. വീട്ടുമുറ്റത്ത് ഭൗതികശരീരം പൊതുദർശനത്തിന് വെച്ചപ്പോഴും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധിപേരെത്തി കണ്ണീരഭിവാദ്യം അർപ്പിച്ചു. രാവിലെ 8.30ഓടെ വീട്ടകവും മുറ്റവും പാതയോരവും പ്രവർത്തകരാലും നേതാക്കളാലും നിറഞ്ഞു. പ്രിയനേതാവിനെ അവസാനമായി കാണാനെത്തിയവരുടെ നീണ്ട നിരയും വീടിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു.
ഒമ്പതോടെ സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ വീട്ടിലെത്തി. 10.15ന് മന്ത്രിമാരായ വി.എൻ. വാസവനും കെ. രാധാകൃഷ്ണനുമൊപ്പം മുഖ്യമന്ത്രി പിണറായി വിജയനുമെത്തി. 10.45ന് മൃതദേഹം പന്തലിൽനിന്ന് ചിതയിലേക്കെടുത്തു.
ഡി. രാജ, പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരും സി.പി.ഐ നേതാക്കളും അനുഗമിച്ചു. വീടിന്‍റെ തെക്കുവശത്തെ പുളിമരച്ചുവട്ടില്‍ അച്ഛന്‍ വി.കെ. പരമേശ്വരന്‍ നായര്‍, അമ്മ വി.കെ. ചെല്ലമ്മ എന്നിവരെ സംസ്‌കരിച്ച സ്ഥലത്തോട് ചേര്‍ന്നായിരുന്നു ചിതയൊരുക്കിയത്. കർമങ്ങൾ ഒഴിവാക്കിയ സംസ്കാരച്ചടങ്ങ് 11.15ഓടെ പൂർത്തിയായി. തുടർന്ന് വീട്ടുമുറ്റത്തെ പന്തലിൽ അനുശോചനയോഗവും ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.