സി.പി.ഐ: മാറിയ കാനവും മാറാത്ത ഇസ്മാഈലും
text_fieldsതിരുവനന്തപുരം: മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമെന്ന തത്ത്വം ഏറ്റവും നന്നായി ഉൾക്കൊണ്ട നേതാവായി കാനം രാജേന്ദ്രൻ കഴിഞ്ഞ മൂന്നു വർഷത്തിനിടെ മാറിയപ്പോൾ തുടങ്ങിയിടത്തുനിന്ന് ഒരിഞ്ച് മുന്നോട്ട് പോകാൻ കഴിയാത്ത കെ.ഇ. ഇസ്മാഈലിന് പുറത്തേക്കുള്ള വഴിയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. തെന്‍റ തണൽപറ്റി വളർന്ന പഴയകാല യുവതുർക്കികൾ അടക്കം സംസ്ഥാന നേതൃത്വമെന്ന അധികാര കേന്ദ്രത്തിലേക്ക് കാന്തം പോലെ ആകർഷിക്കപ്പെട്ട് പോകുന്നത് നിരായുധനായി അദ്ദേഹത്തിനും ഒപ്പം അവശേഷിച്ചവർക്കും കണ്ടുനിൽക്കേണ്ടി വന്നു. താൻ വളർത്തിയ വി.പി. ഉണ്ണിക്കൃഷ്ണൻ ക്രെഡൻഷ്യൽ കമ്മിറ്റി അധ്യക്ഷൻ എന്ന നിലയിൽ ഇസ്മയിലിന് 83 വയസ്സായെന്ന് ഉറക്കെ വായിച്ചതോടെ ഇസ്മാഈലിന്‍റെ ദുരന്തം പൂർത്തിയായി.
സംസ്ഥാന സെക്രട്ടറി പദവിയിലെത്തും മുമ്പ് സി.കെ. ചന്ദ്രപ്പന് പിന്നിൽ കാമ്പുള്ള സി.പി.എം വിമർശനമായിരുന്നു കാനം രാജേന്ദ്രന്‍റെ മുഖമുദ്ര. 1964 ലെ പിളർപ്പിന്‍റ ശേഷിപ്പ് മനസ്സിൽ എന്നും തികട്ടി വരുന്ന സാധാരണ പ്രവർത്തകരെ കാനം ആകർഷിക്കുമ്പോൾ അസിസ്റ്റന്‍റ് സെക്രട്ടറി പദവിയിലിരുന്ന് കെ.ഇ. ഇസ്മാഈൽ നേതൃത്വത്തെ ന്യായീകരിച്ചു. അണികളുടെ വികാരവും ഗ്രൂപ് ശക്തിയും അന്ന് ഈസ്മയിലിന് ഒപ്പമായിരുന്നു.
എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറിയായി നവ ഉദാരീകരണ ലോകം തുറന്നിട്ട വെല്ലുവിളിയെ സ്വീകരിച്ച് പുതിയ തൊഴിലാളി സംരക്ഷണ നടപടികളിലേക്കും കാനം കടന്നു. ഒടുവിൽ സെക്രട്ടറി പദവിയിലെത്തിയപ്പോഴും ഇടതു മുന്നണി സർക്കാറിന്‍റെയും സി.പി.എമ്മിന്‍റെയും ഇടതു നയവ്യതിയാനത്തിന് എതിരെ പോരാട്ട മുഖം തുറന്ന കാനത്തിന്‍റെ ലക്ഷ്യം പക്ഷേ, എതിരാളികൾ തിരിച്ചറിഞ്ഞില്ല. ആദ്യം മറുപക്ഷം ഉയർത്തിയ വെല്ലുവിളികളെ നയവ്യതിയാനമായി ചിത്രീകരിക്കുന്നതിലും കാനം പക്ഷം വിജയിച്ചു. അപ്പോഴും സംഘടനാ തെരഞ്ഞെടുപ്പ് കാലത്ത് അല്ലാതെ സംഘടനാരംഗത്തും പൊതുബോധത്തിലും ഒന്ന് പ്രത്യക്ഷമാകാൻ പോലും ഇസ്മാഈൽ ഉൾപ്പെടെയുള്ളവർക്ക് ആയില്ല. കോട്ടയം സമ്മേളനത്തിൽ ആദ്യം സെക്രട്ടറിയായപ്പോഴും മലപ്പുറത്ത് രണ്ടാം ഊഴം ലഭിച്ചപ്പോഴും ഒരു 'തിരുത്തൽ'കാരൻ എന്ന പ്രതിച്ഛായ ആണ് കാനത്തിന് ഉണ്ടായിരുന്നത്.
എന്നാൽ, പിണറായി വിജയൻ സർക്കാറിന്‍റെ ആദ്യനാളുകൾ കഴിഞ്ഞ് വെല്ലുവിളി നേരിട്ടപ്പോൾ സി.പി.എമ്മിനെക്കാൾ വീറോടെ സർക്കാറിനെയും മുന്നണിയെയും സംരക്ഷിക്കാൻ കാനം രംഗത്തിറങ്ങി. സി.പി.എം- സി.പി.ഐ നേതൃത്വം തമ്മിൽ മുമ്പൊരിക്കലും ഇല്ലാത്ത കൂടിച്ചേരലുകളും ഐക്യവും ദൃശ്യമായി. തുടർഭരണത്തിൽ സി.പി.ഐക്ക് നല്ല വിജയം നേടാൻ എന്നതിലുപരി സി.പി.എം പ്രവർത്തകർക്ക് ഉണ്ടായിരുന്ന അകൽച്ച ഒരുപരിധി കവിഞ്ഞ് കുറയാനും അത് ഇടയാക്കി. ഈ സമതുലിതാവസ്ഥ ഇല്ലാതാക്കാൻ സി.പി.എമ്മും ആഗ്രഹിക്കുന്നില്ല. ആ ചുവരെഴുത്ത് കാണാതെ കാനത്തിന്‍റെ സി.പി.എം ചായ്വുമായി വന്ന ഇസ്മാഈലിന് സമ്മേളനത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.