ജലീൽ പ്രസ്ഥാനമല്ല, വ്യക്തി മാത്രമാണെന്ന് കാനം രാജേന്ദ്രൻ
text_fieldsതിരുവനന്തപുരം: ലോകായുക്തക്കെതിരായ മുൻ മന്ത്രി കെ.ടി. ജലീലിന്റെ വിമർശനങ്ങളെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ലോകായുക്തക്കെതിരെ ഉയരുന്ന അക്ഷേപങ്ങൾക്ക് പരിഹാരം കാണാനുള്ള വ്യവസ്ഥ ആ നിയമത്തിൽ തന്നെയുണ്ട്. ജലീലിന്‍റെ അനുഭവത്തിൽ നിന്നായിരിക്കും അത് പറഞ്ഞതെന്നും കാനംരാജേന്ദ്രൻ പറഞ്ഞു.
ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായമായിരിക്കാം. ജലീൽ ഒരു പ്രസ്ഥാനമല്ല, വ്യക്തി മാത്രമാണെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. ജലീൽ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ പ്രതിപക്ഷത്ത് നിന്നുള്ള വിമർശനം ശക്തമായിരിക്കുകയാണ്.അതേസമയം, ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ പരാമർശത്തിൽ ജലീലിന് സി.പി.എം പിന്തുണ നൽകില്ല. വിവാദം കെ.ടി. ജലീൽ തനിച്ച് നേരിടട്ടെയെന്നാണ് സി.പി.എം തീരുമാനം.
നിലവിലെ ലോകായുക്ത സിറിയക് ജോസഫിനെതിരെ ഗുരുതര ആരോപണങ്ങളാണ് ജലീൽ ഉന്നയിച്ചത്. തക്ക പ്രതിഫലം കിട്ടിയാൽ എന്തു കടുംകൈയ്യും ചെയ്യുമെന്ന് ജലീൽ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ കുറിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന ജലീലിന് ബന്ധുനിയമന കേസിലെ ലോകായുക്ത വിധിയെ തുടർന്ന് സ്ഥാനമൊഴിയേണ്ടി വന്നിരുന്നു.
മൂന്നരവർഷം സുപ്രീംകോടതിയിൽ ഇരുന്നിട്ട് ആറ് കേസിൽ മാത്രം വിധി പറഞ്ഞയാൾ പന്ത്രണ്ട് ദിവസം കൊണ്ട് കേസ് ഫയലിൽ സ്വീകരിച്ച് വാദം കേട്ട് എതിർ കക്ഷിയെ വിസ്തരിക്കുക പോലും ചെയ്യാതെ വെളിച്ചത്തെക്കാളും വേഗതയിൽ വിധി പറഞ്ഞുകൊണ്ടാണ് ചരിത്രം കുറിച്ചത്. എത്തേണ്ടത് മുൻകൂറായി എത്തിയത് കൊണ്ടാണ് ഇത്തരത്തിൽ വേഗത്തിൽ വിധി വന്നതെന്നുമായിരുന്നു ജലീലിന്റെ ആരോപണം. അഭയ കേസ് അട്ടിമറിച്ചത് സിറിയക് ജോസഫാണെന്നും കെ.ടി ജലീൽ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.