ജലീലിനും മക്കൾ വിവാദങ്ങൾക്കും പ്രതിരോധം ഉയർത്തി കാനം
text_fieldsതിരുവനന്തപുരം: ആരോപണങ്ങളിൽ മന്ത്രി കെ.ടി. ജലീലിനും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സി.പി.എം നേതാക്കളുടെയും കുടുംബാംഗങ്ങൾക്കും പ്രതിരോധം ഉയർത്തി സി.പി.െഎ സംസ്ഥാന നിർവാഹക സമിതിയിൽ കാനം രാജേന്ദ്രൻ. പ്രതിനിധികളിൽനിന്നുള്ള വിമർശനസ്വരത്തിലുള്ള അഭിപ്രായങ്ങൾക്കാണ് മറുപടി ചർച്ചയിൽ സംസ്ഥാന സെക്രട്ടറിയുടെ പ്രതിരോധം.
എൻ.െഎ.എ ചോദ്യംചെയ്യാൻ വിളിച്ചപ്പോൾ കെ.ടി. ജലീൽ സ്റ്റേറ്റ് കാർ ഉപേക്ഷിച്ചുപോയതടക്കം ചൂണ്ടിക്കാട്ടി ഇരുത്തംവന്ന രാഷ്ട്രീയനേതാക്കളുടെ സമീപനമല്ല മന്ത്രിയിൽ നിന്നുണ്ടായതെന്നായിരുന്നു വിമർശനങ്ങളിൽ ചിലത്. പക്ഷേ, അന്വേഷണ ഏജൻസികൾ തെളിവ് ഹാജരാക്കുേമ്പാൾ മാത്രമേ നടപടി വേണമെന്നാവശ്യപ്പെടാൻ സി.പി.െഎക്ക് കഴിയൂവെന്ന് കാനം മറുപടിയിൽ വ്യക്തമാക്കി. ഏജൻസികൾ ചോദ്യം ചെയ്യുന്നുണ്ട്. തെളിവെടുപ്പ് നടത്തുന്നുണ്ട്. പക്ഷേ, നമ്മുടെ മുന്നിൽ ഉറച്ച തെളിവില്ല. ആ സ്ഥിതിക്ക് മുഖ്യമന്ത്രിയുടെയും സർക്കാറിെൻറയും നിലപാടിനൊപ്പം നിൽക്കാനേ സാധിക്കൂ. കൃത്യമായ തെളിവ് വരുേമ്പാൾ അഭിപ്രായം പറയാമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാർക്കും നേതാക്കളുടെ കുടുംബാംഗങ്ങൾക്കുമെതിരെ ഉയരുന്ന വിവാദങ്ങൾ സർക്കാറിന് ജനങ്ങൾക്കിടയിലുള്ള നല്ല പ്രതിച്ഛായ ഇല്ലാതാക്കിയെന്നായിരുന്നു നേതാക്കളുടെയും മന്ത്രിമാരുടെയും കുടുംബാംഗങ്ങളും വിവാദത്തിൽപെടുന്നതിൽ ഉയർന്ന വിമർശം. ജനമനസ്സിൽ സർക്കാറിെൻറ വികസനനേട്ടങ്ങൾ പതിയാൻ ഇത്തരം വിവാദങ്ങൾ തടസ്സമായെന്നും പ്രതിനിധികൾ ചൂണ്ടികാട്ടി.
എന്നാൽ, ഇപ്പോഴുള്ളത് ആരോപണങ്ങൾ മാത്രമാണെന്ന് കാനം വിശദീകരിച്ചു. അവർ അതിൽ പങ്കാളികളായെന്നും അധികാര ദുർവിനിയോഗം നടത്തിയെന്നും തെളിവില്ല. വിവാദത്തിൽ ഘടകകക്ഷികൾ അഭിപ്രായം പറഞ്ഞാൽ സർക്കാറിെൻറ വികസന പ്രതിച്ഛായക്ക് കോട്ടമാകും. എന്നാൽ, ഇടതുനയത്തിൽ വ്യതിയാനം സംഭവിച്ചാൽ തിരുത്താൻ ആവശ്യപ്പെടും. പക്ഷേ, വിവാദത്തിൽ പറയുന്ന അഭിപ്രായം നയപരമായ നിലപാടാകില്ല.
ഇടതുപക്ഷത്തിൽ ഭിന്നത ഉണ്ടാക്കാനുള്ള ബോധപൂർവമായ ഇടപെടൽ കേരളത്തിലും പുറത്തും ഉണ്ടാകുന്നു. അതിൽ സി.പി.െഎ എന്തിന് തലവെക്കണം? -കാനം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.