ഇ.ഐ.എ: കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് കാനം; പ്രധാനമന്ത്രിക്ക് കത്തയച്ചു
text_fields
തിരുവനന്തപുരം: പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇ.ഐ.എ) 2020 കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർക്കും കാനം കത്തയച്ചു. നിയമഭഭേദഗതി ചെയ്യാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
പരിസ്ഥിതി ആഘാത വിലയിരുത്തൽ എന്ന നിലവിലെ പരിസ്ഥിതി ചട്ടങ്ങളെ ദുർബലപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കും. പരിസ്ഥിതി സംരക്ഷണം കൂടുതൽ ശക്തിപ്പെടുത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കോർപറേറ്റുകളെ സഹായിക്കുന്ന നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും കാനം ആവശ്യപ്പെടുന്നു.
പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുമോ എന്ന പരിശോധന കൂടാതെ നിക്ഷേപം നടത്താൻ സാധിക്കുന്നതാണ് പുതിയ വിജ്ഞാപനം. ഭാവിയിൽ ഇത് രാജ്യത്തിന് ഗുണകരമാവില്ല. പുതിയ വിജ്ഞാപനത്തിൽ കൂടുതൽ പിഴവുകളുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇ.ഐ.എ.) 2020 കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാനുള്ള അവസരം ഇന്ന് അവസാനിക്കാനിരിക്കെ പുതിയ നിയമത്തിന്‍റെ കരടിൽ പ്രതിഷേധം ശക്തമാണ്. നിയമത്തോട് വിയോജിപ്പ് അറിയിച്ചു കൊണ്ട് പൊതുജനങ്ങളുടെ നാലര ലക്ഷത്തിലധികം കത്തുകളാണ് പരിസ്ഥിതി മന്ത്രാലയത്തിന് കിട്ടിയത്.
പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ അതിനെയെല്ലാം തൃണവൽഗണിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി വലിയ ആപത്ത് ക്ഷണിച്ചു വരുത്തുമെന്നാണ് പ്രതിഷേധക്കാരുടെ അഭിപ്രായം. ഡൽഹിയിൽ പരിസ്ഥിതി മന്ത്രാലയത്തിന് മുന്നിൽ ഇ.ഐ.എ ഭേദഗതിക്കെതിരെ ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടു. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ബിൽഡേഴ്സ് അസോസിയേഷനും പരിസ്ഥിതി മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.