കാനത്തിന് വിട; വിലാപയാത്ര ജന്മനാടായ കോട്ടയത്തേക്ക്
text_fieldsതിരുവനന്തപുരം: അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ മൃതദേഹവുമായുള്ള വിലാപയാത്ര കൊല്ലം ജില്ലയിലെത്തി. കെ.എസ്.ആർ.ടി.സിയുടെ പ്രത്യേകം അലങ്കരിച്ച ബസിലാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ടു വരുന്നത്.
രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. തുടർന്ന് വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ആംബുലൻസിൽ ഇടപ്പഴിഞ്ഞി വിവേകാനന്ദ നഗറിലെ മകന്‍റെ വസതിയിൽ എത്തിച്ചു.
ഉച്ചക്ക് രണ്ടുവരെ സി.പി.ഐ ആസ്ഥാനമായ പട്ടം പി.എസ്. സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു. അതുകഴിഞ്ഞ് വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു. സി.പി.ഐ കോട്ടയം ജില്ല കമ്മിറ്റി ഓഫിസിൽ പൊതുദര്‍ശനത്തിന് വെക്കും. തുടർന്ന് കാനത്തുള്ള വസതിയിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച രാവിലെ പത്തിന് നടക്കുന്ന സംസ്കാര ചടങ്ങിൽ പാർട്ടിയുടെ ദേശീയ നേതാക്കളടക്കം പങ്കെടുക്കും.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനം രാജേന്ദ്രന്‍റെ അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളും പ്രമേഹത്തെ തുടർന്നുള്ള വൃക്കരോഗവും മൂലം കുറച്ചുനാളായി ചികിത്സയിലായിരുന്നു. പ്രമേഹം കടുത്തതോടെ വലത് പാദം അടുത്തിടെ മുറിച്ചുമാറ്റി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു.
സി.പി.ഐ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രൻ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എ.ഐ.ടി.യു.സി ദേശീയ വൈസ് പ്രസിഡന്‍റുമായിരുന്നു. 53 വർഷമായി പാർട്ടി സംസ്ഥാന കൗൺസിൽ അംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.