വലതുകാൽപാദം മുറിച്ചുമാറ്റിയെങ്കിലും സെക്രട്ടറി സ്ഥാനത്ത് കാനത്തിന് പകരക്കാരൻ വേണ്ടെന്ന് സി.പി.ഐ
text_fieldsതിരുവനന്തപുരം: പ്രമേഹ രോഗവും അണുബാധയും കാരണം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ വലതുകാൽപാദം മുറിച്ചു മാറ്റിയ സാഹചര്യത്തിൽ അവധി അപേക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമതീരുമാനമെടുക്കാനുള്ള ചുമതല ദേശീയനേതൃത്വത്തിന് വിട്ടു. എന്നാൽ, സെക്രട്ടറി സ്ഥാനത്തിന് തല്‍ക്കാലം പകരക്കാരന്‍ വേണ്ടെന്ന് സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവിൽ ധാരണയായി. അസിസ്റ്റൻറ് സെക്രട്ടറിമാര്‍ കൂട്ടായി ചുമതല നിര്‍വഹിക്കാനാണ് തീരുമാനം.
മൂന്നുമാസത്തേക്കാണ് കാനം അവധിക്ക് അപേക്ഷ നല്‍കിയത്. വിഷയം വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്‌തെങ്കിലും കാനത്തിെൻറ ഘടകം ദേശീയ സെക്രട്ടേറിയേറ്റ് ആയതിനാല്‍ അവിടെനിന്ന് തീരുമാനം ഉണ്ടാകട്ടെയെന്ന് തീരുമാനിക്കുകയായിരുന്നു.
കാനത്തിന് രണ്ടുമാസത്തിനുള്ളിൽ പൂര്‍ണാര്‍ഥത്തില്‍ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ കഴിയും. ഈ സാഹചര്യത്തിൽ തല്‍ക്കാലം സെക്രട്ടറിയുടെ ചുമതല മറ്റാര്‍ക്കും നല്‍കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. പകരം ഇപ്പോള്‍ ചെയ്യുന്നതുപോലെ പാര്‍ട്ടി സെൻറർ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അസിസ്റ്റൻറ് സെക്രട്ടറിമാരും മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ഈ ചുമതല വഹിക്കട്ടെയെന്നാണ് സംസ്ഥാന എക്സിക്യൂട്ടിവിെൻറ നിർദേശം.
നവംബർ 21നാണ് കാനത്തിെൻറ വലുകാൽപാദം മുറിച്ച് മാറ്റിയത്. കാനത്തിെൻറ ഇടതു കാലിന് മുൻപ് ഒരു അപകടം വരുത്തിയ പ്രയാസങ്ങളുണ്ട്. അടുത്തിടെയാണ് ഇത്തരം പ്രശ്നങ്ങെളാന്നുമില്ലാത്ത വലതു കാലിെൻറ അടിഭാഗത്തു മുറിവുണ്ടാകുന്നത്. പ്രമേഹം കാരണം അത് ഉണങ്ങിയില്ല.
രണ്ടു മാസമായിട്ടും ഉണങ്ങാതെ വന്നതോടെയാണ് ആശുപത്രിയിലെത്തിച്ചത്. പഴുപ്പ് വ്യാപിക്കുകയായിരുന്നു. തുടർന്നാണ്, രണ്ടു വിരലുകൾ മുറിച്ചുകളയണമെന്ന് ഡോക്ടർമാർ നിർദേശിച്ചത്. എന്നാൽ, ശസ്ത്രക്രിയ വേളയിൽ മൂന്നു വിരലുകൾ മുറിച്ചു. എന്നിട്ടും മാറ്റം കാണാതെ വന്നതോടെയാണ് പാദം തന്നെ മുറിച്ചു മാറ്റിയത്. കൃത്രിമ പാദവുമായി പൊരുത്തപ്പെട്ട ശേഷം രാഷ്ട്രീയ രംഗത്ത് സജീവമാകാനാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ കാനം.
ഇതിനിടെ, കണ്ടല സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയവും ഇന്ന് എക്സിക്യൂട്ടീവിൽ ചര്‍ച്ചയായി. ഇക്കാര്യത്തിൽ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ സമീപനം ശരിയായില്ലെന്നാണ് വിലയിരുത്തല്‍. ബാങ്കുമായി ബന്ധപ്പെട്ട് ധാരാളം ആരോപണങ്ങള്‍ വര്‍ഷങ്ങളായി ഉയര്‍ന്നിരുന്നു. അച്ചടക്ക സമിതി അന്വേഷണം നടത്തിയെങ്കിലും ആ റിപ്പോര്‍ട്ടിന്മേല്‍ നടപടി കൈക്കൊണ്ടിരുന്നില്ല. ഭാസുരാംഗനെ എന്‍ഫോഴ്‌സ്‌മെൻറ് ഡയറക്ടടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്തതിന് പിന്നാലെയാണ് എന്തെങ്കിലും വിധത്തിലുള്ള നടപടി കൈക്കൊണ്ടത്. ഇത് പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കിയെന്ന് യോഗം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.