മൂന്നാമൂഴത്തിന് കരുത്തുകൂട്ടി കാനം; ജില്ലകളിൽ സ്വാധീനം ഉറപ്പിച്ച കാനം വീണ്ടും സംസ്ഥാന സെക്രട്ടറി പദത്തിലേക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിന് രണ്ടാഴ്ചമാത്രം ശേഷിക്കെ വീണ്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറിയാകാനുള്ള കരുത്താർജിച്ച് കാനം രാജേന്ദ്രൻ. കഴിഞ്ഞ മലപ്പുറം സമ്മേളനത്തിന് മുമ്പ് എതിർചേരി ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ചതിന് സമാനമാണ് ഇക്കുറിയും നീക്കങ്ങൾ.
ഭൂരിപക്ഷം ജില്ലകളിലും സ്വാധീനം ഉറപ്പിച്ച കാനം വീണ്ടും സെക്രട്ടറിയായി എത്തുമെന്നാണ് പാർട്ടി വൃത്തങ്ങളും പറയുന്നത്. പാർട്ടിക്ക് സ്വീകാര്യമെങ്കിൽ അടുത്തതവണയും സെക്രട്ടറി സ്ഥാനത്തുണ്ടാകുമെന്ന് കാനം രാജേന്ദ്രനും വ്യക്തമാക്കിക്കഴിഞ്ഞു. 'താൻ സെക്രട്ടറിയായി തുടരുന്നത് ദഹിക്കാത്തവർക്കുള്ള മരുന്ന് നൽകാനറിയാം'എന്ന കാനത്തിന്റെ വാക്കുകൾ ശരിവെക്കുന്നനിലയിലാണ് കാര്യങ്ങൾ. കെ.ഇ. ഇസ്മയിൽ പക്ഷത്തിന്റെ സെക്രട്ടറി സ്ഥാനാർഥിയായേക്കുമെന്ന് പ്രചാരണമുള്ള അസി. സെക്രട്ടറി കെ. പ്രകാശ് ബാബുവും ചേരിമാറിയെന്നനിലയിലാണ് ഒടുവിലെ വിവരങ്ങൾ.
എന്നാൽ, പാർട്ടിയുടെ ഔദ്യോഗിക വിശദീകരണത്തെ 'ചേരിമാറൽ'എന്ന നിലയിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. പ്രകാശ് ബാബു ഒരു ചേരിയുടെയും ഭാഗമല്ലെന്നും അവർ വിശദീകരിക്കുന്നു. പാർട്ടി ശത്രുക്കളുമായി ചേർന്ന് ചിലർ നടത്തുന്ന നീക്കം ശക്തമായി നേരിടുമെന്ന് അദ്ദേഹം പരസ്യമായിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിഭാഗീയതക്ക് തടയിടാനുള്ള നീക്കവും കാനത്തിന്റെ നേതൃത്വത്തിൽ ഔദ്യോഗികപക്ഷം ആരംഭിച്ചിട്ടുണ്ട്.
പ്രായപരിധി നിര്‍ബന്ധമാക്കുന്നതിനെതിരെ സംസ്ഥാന കൗൺസിലിൽ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞതാണ് പ്രകാശ് ബാബുവിന്റെ ചേരിമാറ്റമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, സംസ്ഥാന കൗൺസിലിൽ മറുപടി പറയാനുള്ള ചുമതലയാണ് പ്രകാശ് ബാബു നിർവഹിച്ചതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്നത്. 12 ജില്ല സമ്മേളനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബഹുഭൂരിപക്ഷം ജില്ലകളിലും കാനം രാജേന്ദ്രന് സ്വാധീനം ഉറപ്പിച്ചത് ഇസ്മയില്‍ പക്ഷത്ത് വിള്ളലിന് കാരണമായിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ല സമ്മേളനങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.
കൊല്ലത്ത് ഇസ്മയിലിനും പ്രകാശ് ബാബുവിനും ഒപ്പം നിന്ന പി.എസ്. സുപാലിനെ സ്വന്തം ക്യാമ്പിലെത്തിച്ച് സെക്രട്ടറിയാക്കിയാണ് കാനം ഇക്കുറി തന്റെ സ്വാധീനം ഉറപ്പിച്ചുള്ള നീക്കം ആരംഭിച്ചത്.
സി.പി.ഐയുടെ ശക്തികേന്ദ്രങ്ങളായ കോട്ടയത്തും ഇടുക്കിയിലും ഔദ്യോഗിക പക്ഷത്തെ തോല്‍പ്പിച്ചെങ്കിലും സംസ്ഥാന സമ്മേളനത്തില്‍ ഏറ്റുമുട്ടാനുള്ള ഇസ്മയില്‍ പക്ഷത്തിന്റെ കരുത്ത് കുറയുകയാണെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.