കണ്ടല ബാങ്ക് തട്ടിപ്പ്; എൻ.ഭാസുരാംഗനെ സി.പി.ഐയിൽ നിന്ന് പുറത്താക്കി, ഇ.ഡി പരിശോധന 24 മണിക്കൂർ പിന്നിട്ടു
text_fieldsതിരുവനന്തപുരം: സഹകരണവകുപ്പ് 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും സി.പി.ഐ നേതാവും നിലവിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറുമായ എൻ.ഭാസുരാംഗനെ പാർട്ടിയിൽ നിന്നും പുറത്താക്കി. പ്രാഥമി അംഗത്വത്തിൽ നിന്നും നീക്കം ചെയ്തതതായി സി.പി.ഐ ജില്ല സെക്രട്ടറി അറിയിച്ചു. സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഇ.ഡി അന്വേഷണം നേരിട്ടതോടെ കടുത്ത നടപടിക്ക് സംസ്ഥാന നേതൃത്വവും നിർദേശിച്ചിരുന്നു.
നിലവിൽ, ഭാസുരാംഗന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന 24 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭാസുരാംഗനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ, ഭാസുരാംഗൻ ഇ.ഡി കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്.
ബുധനാഴ്ച പുലർച്ചെയാണ് ഭാസുരാംഗന്റെയും സെക്രട്ടറിമാരുടെയും വീടുകളിൽ ഉൾപ്പെടെ ഏഴിടത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന തുടങ്ങിയത്. എൻ.ഭാസുരാംഗൻ, മുൻ സെക്രട്ടറിമാരായ എസ്. ശാന്തകുമാരി, എം. രാജേന്ദ്രൻ, കെ മോഹനചന്ദ്ര കുമാർ, മാനേജർ എസ്. ശ്രീഗാർ, അപ്രൈസർ കെ.അനിൽകുമാർ എന്നിവരുടെ വീടുകളിലാണു പരിശോധന.
അനധികൃതമായി ജീവനക്കാർക്കു ശമ്പളം നൽകി, മതിയായ ഈടില്ലാതെയും ക്രമവിരുദ്ധമായും കോടികൾ വായ്പ നൽകി തുടങ്ങിയ ഗുരുതര ക്രമക്കേടുകളിലൂടെ 101 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ബാങ്കിനുണ്ടായെന്നാണു സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. 173 കോടി രൂപ നിക്ഷേപകർക്കു നൽകാനുണ്ട്. 69 കോടി രൂപ മാത്രമാണ് വായ്പയിനത്തിൽ കുടിശികയായിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇ.ഡി അന്വേഷണം നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.