കണ്ടല സഹ. ബാങ്ക്: ഭാസുരാംഗന്‍റെ മകനും സംശയ നിഴലിൽ
text_fieldsതിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ഭാസുരാംഗന്റെ മകന്‍ അഖില്‍ജിത്തും ഇ.ഡിയുടെ അന്വേഷണ നിഴലിൽ. അഖിൽജിത്തിന്‍റെ വാഹനത്തിന്റെ ആര്‍.സി ബുക്ക് ഇ.ഡി പിടിച്ചെടുത്തു. കഴിഞ്ഞദിവസം ഭാസുരാംഗനെ ഇ.ഡി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു.
ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാസുരാംഗനെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അഖില്‍ജിത്തിനെ ഇ.ഡി ബാങ്കിലേക്ക് വിളിച്ചുവരുത്തിയത്. ബാങ്കിലെ ലോക്കര്‍ തുറക്കാന്‍ പറ്റാതിരുന്നതിനാലാണ് അഖില്‍ജിത്തിനെ വിളിച്ചത്. ലോക്കര്‍ തുറന്നശേഷം കണ്ടല സഹകരണ ആശുപത്രിയിലേക്കും കണ്ടലയിലെ വീട്ടിലേക്കും ഇയാളെ കൊണ്ടുപോയി. പിന്നാലെ അഖില്‍ജിത്തിന്റെ ആര്‍.സി ബുക്ക് പിടിച്ചെടുത്തു.
മാറനല്ലൂര്‍ ബാങ്കിലെ നാല് ജീവനക്കാരെയും ഇ.ഡി ചോദ്യംചെയ്യും. ബാങ്കിലെ രജിസ്റ്ററുകളില്‍ തിരിമറി നടന്നതായ സംശയത്തെതുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.
ക്രമക്കേട് കണ്ടെത്തിയത് ഇ.ഡിയല്ല -വാസവൻ
കണ്ണൂർ: കണ്ടല സർവിസ് സഹകരണ ബാങ്കിൽ ക്രമക്കേട് കണ്ടെത്തിയത് ഇ.ഡിയല്ലെന്നും സഹകരണ വകുപ്പ് തന്നെയാണെന്നും മന്ത്രി വി.എൻ. വാസവൻ. കണ്ടലയായാലും കരുവന്നൂരായാലും പുൽപള്ളിയായാലും സഹകരണ വകുപ്പ് നേരത്തേ അന്വേഷണം നടത്തിയതാണ്. ഇതിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണവും നടത്തിയിട്ടുണ്ട്. ഇതെല്ലാം കഴിഞ്ഞ ശേഷമാണ് ഇ.ഡി അവിടെ റെയ്ഡ് നടത്തിയതെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
സഹകരണ മേഖലയിൽ ഇ.ഡി തുടർച്ചയായി റെയ്ഡ് നടത്തുന്നത് രാഷ്ട്രീയപ്രേരിതമാണ്. ഇന്ത്യയിൽ 282 ബാങ്കുകളിൽ ക്രമക്കേട് നടന്നിട്ടുണ്ട്. ഗുജറാത്തിൽ മുപ്പതും മധ്യപ്രദേശിൽ നാൽപതും മഹാരാഷ്ട്രയിൽ തൊണ്ണൂറും ഉത്തർപ്രദേശിൽ നാൽപത്തിരണ്ടും ബാങ്കുകളിലാണ് ക്രമക്കേട് നടന്നത്. ഇവിടെയൊന്നുമില്ലാത്ത നടപടിയാണ് കേരളത്തിൽ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
കരുവന്നൂർ: രേഖകൾ തേടി ക്രൈംബ്രാഞ്ച് കോടതിയിൽ
കൊച്ചി: കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് ഇ.ഡി പിടിച്ചെടുത്ത രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി. ഇ.ഡി ബാങ്കിൽനിന്നും മറ്റുമായി പിടിച്ചെടുത്ത രേഖകളും മറ്റും ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയാണ് കലൂരിലെ പി.എം.എൽ.എ കോടതിയിൽ അപേക്ഷ നൽകിയത്. ഇ.ഡിയുടെ ഭാഗം കേട്ട ശേഷം രേഖകൾ നൽകുന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കും. നേരത്തേ ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത രേഖകൾ ഇ.ഡി ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് ആരോപണമുണ്ടായിരുന്നു.
റിസർവ് ബാങ്കിന്റെ പുതിയ വിജ്ഞാപനം പരിശോധിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: സഹകരണ സംഘങ്ങൾ ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന റിസർവ് ബാങ്കിന്റെ പുതിയ വിജ്ഞാപനം സഹകരണ വകുപ്പ് പരിശോധിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. സമാന നിർദേശം ആർ.ബി.ഐ നേരത്തേ നൽകിയിരുന്നു. അതിൽ കോടതിയെ സമീപിക്കുകയും സ്റ്റേ ലഭിക്കുകയും ചെയ്തു. സംഘങ്ങളിൽ അംഗങ്ങൾക്കല്ലാതെ വായ്പയോ നിക്ഷേപമോ ഇല്ല. പുതിയ വിജ്ഞാപനം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.