കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: സി.പി.ഐ മുൻ നേതാവ് ഭാസുരാംഗന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടി
text_fieldsകൊച്ചി: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ മുൻ പ്രസിഡന്റും സി.പി.ഐ മുൻ നേതാവുമായ എൻ. ഭാസുരാംഗന്റെ 1.02 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. കള്ളപ്പണ വിനിയോഗ നിരോധന നിയമപ്രകാരമാണ് നടപടി.
സ്ഥലം, സ്വർണാഭരണങ്ങൾ, ഒരു കാർ എന്നിവയാണ് കണ്ടുകെട്ടിയത്. ബാങ്കിലെ തട്ടിപ്പിൽ ഭാസുരാംഗനും കുടുംബാംഗങ്ങളും പങ്കാളികളാണെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. ഭാസുരാംഗൻ, മകൻ അഖിൽജിത്ത് എന്നിവരെ അറസ്റ്റ് ചെയ്ത് പ്രാഥമിക കുറ്റപത്രവും സമർപ്പിച്ചിരുന്നു. പ്രസിഡന്റെന്ന നിലയിൽ ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ച ഭാസുരാംഗന് തട്ടിപ്പിൽ മുഖ്യപങ്കുണ്ടെന്ന് ഇ.ഡി അറിയിച്ചു.
മക്കൾക്കും കടുംബാംഗങ്ങൾക്കും നിയമവിരുദ്ധമായ വായ്പകൾ അനുവദിച്ചു. ഒരേ വസ്തു പരസ്‌പരം ഈടുവച്ച് ഒന്നിലേറെ വായ്‌പകൾ അനുവദിച്ചതായും ഇ.ഡി കണ്ടെത്തിയിരുന്നു. ഇതുവരെ 57 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തി. നിയമവിരുദ്ധമായും ബാങ്കിന്റെ ആസ്തികൾ നഷ്ടമാക്കിയുമാണ് തട്ടിപ്പുകൾ നടന്നത്. അന്വേഷണം തുടരുകയാണെന്ന് ഇ.ഡി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.