നിക്ഷേപത്തട്ടിപ്പ്: കേസ് റദ്ദാക്കണമെന്ന ഭാസുരാംഗന്‍റെ ഹരജി ഹൈകോടതി തള്ളി
text_fieldsകൊച്ചി: നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കണ്ടല സഹകരണ ബാങ്ക് പ്രസിഡന്‍റായിരുന്ന എസ്. ഭാസുരാംഗൻ നൽകിയ ഹരജി ഹൈകോടതി തള്ളി. നിക്ഷേപത്തുക തിരികെ നൽകിയില്ലെന്ന കണ്ടല സ്വദേശി അയ്യപ്പൻ നായരുടെ പരാതിയിൽ മാറനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെയായിരുന്നു ഹരജി.
ബാങ്കിനെ തകർച്ചയിലേക്ക് നയിച്ച 100 കോടിയിലധികം രൂപയുടെ ക്രമക്കേടാണ് നടന്നതെന്ന സർക്കാർ വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹരജി തള്ളുകയായിരുന്നു. 2023 നവംബറിൽ ഇ.ഡി അറസ്റ്റ് ചെയ്ത ഭാസുരാംഗൻ അന്നു മുതൽ ജയിലിലാണ്.
വിശ്വാസവഞ്ചന, ചതി തുടങ്ങിയ വകുപ്പുകൾ പ്രകാരം തനിക്കെതിരെ ചുമത്തിയ കേസുകൾ നിലനിൽക്കുന്നതല്ലെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. എന്നാൽ, ഉയർന്ന തുകയാണ് പലരിൽ നിന്നും നിക്ഷേപമായി സ്വീകരിച്ചതെന്നായിരുന്നു സർക്കാർ വാദം. മതിയായ ഈടില്ലാതെ ഈ തുക തന്റെ ബന്ധുക്കൾക്ക് വായ്പയായി നൽകുകയും ചെയ്തു.
അഴിമതി തടയൽ നിയമപ്രകാരം ഡയറക്ടർ ബോർഡ് അംഗങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിന് പുറമെ ഇ.ഡിയും അന്വേഷണം നടത്തുന്നുണ്ട്. സുപ്രീംകോടതിയുടെ വിലക്കുള്ളതിനാൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസിനായിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.