കണ്ടല സർവിസ് സഹകരണബാങ്ക്: 57.24 കോടിയുടെ തട്ടിപ്പെന്ന് റിപ്പോർട്ട്; മുൻ പ്രസിഡൻറ് ഭാസുരാംഗനിൽനിന്ന് 5.11 കോടി ഈടാക്കണമെന്ന് ശിപാർശ
text_fieldsതിരുവനന്തപുരം: കാട്ടാക്കടയിൽ സി.പി.ഐ നിയന്ത്രണത്തിലുള്ള കണ്ടല സർവിസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പെന്ന് സഹകരണ വകുപ്പിന്റെ സ്ഥിരീകരണം. നിയമവിരുദ്ധ പ്രവൃത്തികളിലൂടെ സംഘത്തിനുണ്ടായ നഷ്ടം 57.24 കോടി രൂപയാണെന്ന് മലയിൻകീഴ് യൂനിറ്റിലെ സഹകരണ സംഘം ഇൻസ്പെക്ടർ സഹകരണ വകുപ്പ് ജോയന്റ് രജിസ്ട്രാർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. നിക്ഷേപ ചോർച്ചക്ക് കാരണം സഹകരണ നിയമങ്ങൾ കാറ്റിൽ പറത്തി ഭരണം നടത്തിയ ഭരണസമിതിയും ജീവനക്കാരുമാണ്. മുഖ്യ സൂത്രധാരനും പ്രസിഡന്റുമായിരുന്ന ഭാസുരാംഗനിൽനിന്ന് 5.11 കോടി രൂപ ഈടാക്കണമെന്നും നഷ്ടത്തിന്റെ തോത് തിട്ടപ്പെടുത്തി 21 ഭരണസമിതി അംഗങ്ങൾക്കും സെക്രട്ടറിമാർക്കുമായി നിശ്ചിത തുക ബാധ്യത ചുമത്തണമെന്നും ശിപാർശയുണ്ട്.
ബാങ്കിന്റെ നിക്ഷേപ മൂല്യശോഷണം 101 കോടിയാണ്. 2005 മുതൽ 2021 വരെ ചട്ടം ലംഘിച്ച് മുൻ പ്രസിഡന്റിനും ബന്ധുക്കൾക്കും ബാങ്ക് ജീവനക്കാർക്കും അവരുടെ ബന്ധുക്കൾക്കും അനധികൃതമായി നൽകിയത് 34.43 കോടി രൂപയുടെ വായ്പയാണ്. മതിയായ ജാമ്യം സ്വീകരിച്ചില്ല. സർക്കാർ നിശ്ചയിച്ച പലിശയെക്കാൾ ഉയർന്ന പലിശ നൽകി നിക്ഷേപം സ്വീകരിച്ചു. നിക്ഷേപം പലയിടത്തേക്കും വകമാറ്റി. ഒരേ ഭൂമിക്കു ഒന്നിലധികം വായ്പകൾ, ഓരോ വായ്പയിലും തോന്നുംപടി മൂല്യനിർണയം, വായ്പ കുടിശ്ശികയിൽ ആർബിട്രേഷൻ നടത്താതെ ബാങ്കിന് നഷ്ടം, കമ്പ്യൂട്ടർവത്കരണത്തിന്റെയും വാഹനങ്ങളുടെ ക്രയവിക്രയങ്ങളുടെയും മറവിൽ വകമാറ്റൽ എന്നിവയും കണ്ടെത്തി.
ഭാസുരാംഗൻ ഭാരവാഹിയായ മാറനല്ലൂർ ക്ഷീര സഹകരണ സംഘത്തിന് ക്രമവിരുദ്ധമായി പണം നൽകി, സംഘത്തിൽ സഹകരണ ബാങ്ക് അഞ്ചു ലക്ഷം രൂപയുടെ ഓഹരിയെടുത്തു എന്നിവയും റിപ്പോർട്ടിലുണ്ട്. ബാങ്കിന്റെ തന്നെ ആശുപത്രിയിലേക്കും പല നിക്ഷേപകരുടെ പണം വക മാറ്റിയതായി കണ്ടെത്തി. കുറ്റക്കാർക്കെതിരെ സഹകരണ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അല്ലാത്ത പക്ഷം സഹകരണ മേഖല അപകടത്തിലാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുവരെ 58 പരാതികൾ നിക്ഷേപകർ പൊലീസിൽ നൽകിയിട്ടുണ്ട്.
സാമൂഹികസുരക്ഷ പെൻഷൻ തുകയും വകമാറ്റി
തിരുവനന്തപുരം: കണ്ടല സർവിസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പുണ്ടെന്ന് രേഖപ്പെടുത്തിയ റിപ്പോർട്ടിൽ തദ്ദേശ സ്ഥാപനങ്ങൾ സംഘങ്ങൾ വഴി വിതരണം ചെയ്യുന്ന സാമൂഹികസുരക്ഷ പെൻഷനിൽ തിരിച്ചടക്കാനുള്ള 38,18,600 രൂപ വകമാറ്റിയതായും കണ്ടെത്തി.
മറ്റു പ്രധാന കണ്ടെത്തലുകൾ:
- അനധികൃത നിയമനം നടത്തി
- അനധികൃത പ്രമോഷനും ശമ്പളവും നൽകി
- നിക്ഷേപം സ്വീകരിക്കാൻ കമീഷൻ നൽകി
- കൂടിയ തുകക്ക് നിർമാണ/പ്രവർത്തന സാമഗ്രികൾ വാങ്ങി
- സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ സംഭാവനകളും പരസ്യങ്ങളും നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.