കാഞ്ഞങ്ങാട് കൊലപാതകം: രണ്ട് പ്രതികളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി
text_fieldsകാസർകോട്: കാഞ്ഞങ്ങാട് അബ്ദുറഹ്മാൻ ഔഫ് കൊല്ലപ്പെട്ട കേസിൽ രണ്ട് പ്രതികളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. യൂത്ത് ലീഗ് പ്രവർത്തകരായ ഹസന്‍, ആഷിര്‍ എന്നിവരുടെ അറസ്റ്റ് ആണ് പൊലീസ് രേഖപ്പെടുത്തിയത്. ഔഫിനെ കൊല്ലപ്പെടുത്താൻ ഇർഷാദിനെ ഹസനും ആഷിറും സഹായിച്ചെന്ന് പൊലീസ് അറിയിച്ചു.
കേസില്‍ യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ സെക്രട്ടറി ഇര്‍ഷാദ് അടക്കം മുഴുവൻ പ്രതികളും പിടിയിലായിട്ടുണ്ട്. പ്രതികളെ ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുത്തേക്കും. റിമാൻഡിലായ ഇർഷാദിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ കോടതി നിർേദശിച്ചിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതോടെ ഇർഷാദിനെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റും. മന്ത്രി കെ.ടി. ജലീൽ ഇന്ന് കൊല്ലപ്പെട്ട ഔഫിന്‍റെ വീട് സന്ദർശിക്കും.
അതേസമയം, ഔഫ് കൊല്ലപ്പെട്ട കേസിന്‍റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ സർക്കാർ തീരുമാനിച്ചതായാണ് റിപ്പോർട്ട്. കൃത്യം നടത്തിയത് താനാണെന്ന് ഇര്‍ഷാദ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അബ്ദുറഹ്മാനെ കുത്തിയത് ഇർഷാദ് ആണെന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇസ്‍ഹാഖും മൊഴി നൽകിയിട്ടുണ്ട്.
ബുധനാഴ്ച രാത്രി പത്ത് മണിയോടെ മുണ്ടത്തോട് ബാവ നഗർ റോഡിലുണ്ടായ സംഘർഷത്തിലാണ് അബ്ദുറഹ്മാൻ ഔഫ് കൊല്ലപ്പെട്ടത്. വോട്ടെണ്ണല്‍ ദിവസം ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലൂരാവിയിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഈ സംഭവമെന്നാണ് പൊലീസ് പറയുന്നത്.
ഹൃദയധമനിയിൽ കുത്തേറ്റതാണ് അബ്ദുറഹ്മാന്‍റെ മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക വിവരം. വേഗത്തിൽ രക്തം വാർന്നത് മരണം കാരണമായെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം, മുഖ്യപ്രതിയായ മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ സെക്രട്ടറി ഇർഷാദിനെ സംഘടനയിൽ നിന്ന് പുറത്താക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.