ശ്രദ്ധിക്കണേ, നോ പാർക്കിങ്ങാണുപോലും!
text_fieldsകാഞ്ഞങ്ങാട്: നഗരത്തിൽ ഒരുസ്ഥലത്തുമാത്രം പ്രത്യേകമായി നോ പാർക്കിങ് കേന്ദ്രമാക്കിയത് വിവാദത്തിൽ. നഗരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ലാതെ ജനങ്ങൾ ദുരിതമനുഭവിക്കുമ്പോഴാണ് നോ പാർക്കിങ് ഏരിയയായി നിർദേശിക്കാത്ത സ്ഥലത്ത് ഹോസ്ദുർഗ് പൊലീസ് നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചത്. കോട്ടച്ചേരി പെട്രോൾ പമ്പിന് മുൻവശത്താണ് യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ബോർഡ് സ്ഥാപിച്ചത്.
ദൂരസ്ഥലങ്ങളിൽനിന്ന് വാഹനത്തിലെത്തുന്നവർ പലപ്പോഴും ബോർഡ് കണ്ട് മടങ്ങുകയാണ്. പൊലീസ് തന്നെ പ്രദേശം നോ പാർക്കിങ് ഏരിയ അല്ലെന്ന് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടി നിലനിൽക്കെയാണ് ബോർഡ്. കാഞ്ഞങ്ങാട്ടെ അഭിഭാഷകനാണ് പൊലീസ് കൺട്രോൾ റൂമിൽനിന്ന് വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ശേഖരിച്ചത്. അഭിഭാഷകനും കുടുംബവും ഇവിടെ കാർ പാർക്ക് ചെയ്തപ്പോൾ പൊലീസുകാരൻ നോ പാർക്കിങ് ഏരിയ ആണെന്ന് പറഞ്ഞ് പിഴ ചുമത്തി സ്റ്റിക്കർ പതിച്ചിരുന്നു.
പൊലീസിന്റെ അമിത താൽപര്യപ്രകാരം ഇവിടെ ഒരേ സ്ഥലത്തുതന്നെ നാല് പാർക്കിങ് ബോർഡുകളാണുള്ളത്. നഗരത്തിന്റെ മറ്റ് പ്രധാന പ്രദേശങ്ങളിലെല്ലാം വഴിവാണിഭവവും ഓട്ടോ, ടാക്സി സ്റ്റാൻഡുകളും സ്വകാര്യ വാഹനങ്ങളും പാർക്ക് ചെയ്യുമ്പോഴാണ് ഒരുസ്ഥലത്തുമാത്രം പൊലീസ് ഇരുചക്ര വാഹനംപോലും നിർത്തിയിടാൻ അനുവദിക്കാതെ യുദ്ധസമാന ജാഗ്രതപുലർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.