കാഞ്ഞങ്ങാട് ട്രെയിൻ ദുരന്തം; ആലീസിന്റെയും എയ്ഞ്ചലയുടെയും സംസ്കാരം ഇന്ന്
text_fieldsകോട്ടയം: കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടിയുണ്ടായ അപകടത്തിൽ മരിച്ച ചിന്നമ്മക്ക് നാട് വിടചൊല്ലി. തിരുവോണത്തലേന്നുണ്ടായ അപകടത്തിൽ ബന്ധുക്കളായ മൂന്ന് കോട്ടയം സ്വദേശികളാണ് മരിച്ചത്. ചിങ്ങവനം സായ്പുകവല പാലക്കുടി പി.എ. ഉതുപ്പായുടെ ഭാര്യ ചിന്നമ്മ (73), നീലംപേരൂർ ഈര പരപ്പൂത്തറ പി.എ. തോമസിന്റെ ഭാര്യ ആലീസ (61), കുഴിമറ്റം മാങ്ങാട്ടയം റോബർട്ട് കുര്യാക്കോസിന്റെ ഭാര്യ എയ്ഞ്ചല എബ്രഹാം (30) എന്നിവരാണ് മരിച്ചത്. ഉത്രാടദിനത്തിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ഗുഡ്സ് ട്രെയിൻ ഇടിച്ചാണ് ഇവർ മരിച്ചത്.
കാഞ്ഞങ്ങാട് കള്ളാറിൽ താമസിക്കുന്ന ചിന്നമ്മയുടെ ഇളയമകൾ ലിനുവിന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു ഇവർ. ചടങ്ങിൽ പങ്കെടുത്തശേഷം തിരികെ കോട്ടയത്തേക്ക് മടങ്ങവേയാണ് ദുരന്തം. ചിങ്ങവനത്തുനിന്ന് ചിന്നമ്മയടക്കം 50 പേരാണ് വിവാഹത്തിന് പോയത്.
മൃതദേഹങ്ങൾ തിരുവോണദിവസം കോട്ടയത്ത് എത്തിച്ച് കളത്തിപ്പടി കാരിത്താസ് മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ചിന്നമ്മയുടെ മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ ഭവനത്തിലെത്തിച്ചു. നൂറുകണക്കിനുപേരാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. തുടർന്ന് വൈകീട്ട് അഞ്ചോടെ ചിങ്ങവനം സെന്റ് ജോൺസ് ദയറാപ്പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ആലീസിന്റെ സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് നീലംപേരൂർ സെന്റ് ജോൺസ് പള്ളി സെമിത്തേരിയിലും എയ്ഞ്ചലയുടെ സംസ്കാരം വൈകീട്ട് നാലിന് ചിങ്ങവനം സെന്റ് ജോൺസ് ദയറ പള്ളി സെമിത്തേരിയിലും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.