കാഞ്ഞൂർ സാബുവധം: ഒന്നാം പ്രതിയുടെ ജീവപര്യന്തം ശരിവെച്ചു, രണ്ടാം പ്രതിയുടെ ശിക്ഷ റദ്ദാക്കി
text_fieldsകൊച്ചി: കാഞ്ഞൂർ കിഴക്കുംഭാഗം സാബു വധക്കേസിലെ ഒന്നാം പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി ശരിവെച്ചു. രണ്ടാം പ്രതിയെ വെറുതെവിട്ടു. 2011 ഒക്ടോബര്‍ 19ന് പുതിയേടം കരയില്‍ പാലാട്ടി വീട്ടില്‍ സാബുവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി കൊങ്ങോര്‍പ്പിള്ളി കുറുപ്പത്ത് വീട്ടില്‍ ഹെന്‍ട്രി ജോസിന് എറണാകുളം അഡീ. സെഷൻസ് കോടതി വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് എ.എം. ഷെഫീഖ്, ജസ്റ്റിസ് എന്‍. അനില്‍കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശരിവെച്ചത്.
ആലപ്പുഴ പട്ടണക്കാട് വെളുത്തേടത്ത് വീട്ടില്‍ സുജിത്ത് എന്ന വെളുമ്പെൻറ ജീവപര്യന്തം തടവുശിക്ഷയാണ് റദ്ദാക്കിയത്.വൈകീട്ട് ഏഴിന് കൂട്ടുകാരുമൊത്ത് വഴിയരികില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന സാബുവിനെ മോട്ടോര്‍ സൈക്കിളിലെത്തിയ സംഘം വാക്കത്തികൊണ്ട് വെട്ടിക്കൊന്നെന്നാണ് കേസ്. മൂന്ന് ദൃക്സാക്ഷികളടക്കം 39 സാക്ഷികളെയാണ് വിസ്തരിച്ചത്. എം.എൽ.എയെ വധിക്കാൻ ഗൂഢാലോചന നടത്തിയതടക്കം 13 കേസിലെ പ്രതിയാണ് ഹെൻട്രി ജോസ്.
2015 മാര്‍ച്ച് 27നാണ് രണ്ട് പ്രതികൾക്കും കീഴ്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഒന്നാം പ്രതിക്കെതിരായ കുറ്റങ്ങൾ തെളിയിക്കാനായെങ്കിലും രണ്ടാം പ്രതിയെ കേസുമായി ബന്ധിപ്പിക്കുന്ന തരത്തിൽ തെളിവുകൾ നിരത്താൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് ഒന്നാം പ്രതിയുടെ ശിക്ഷ ശരിെവച്ചും രണ്ടാം പ്രതിയെ വെറുതെവിട്ടും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.