യാത്രയയപ്പിലെ 'കാർ റേസിങ്': നാല് വിദ്യാർഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും
text_fieldsകൽപറ്റ: യാത്രയയപ്പ് ചടങ്ങിനിടെ കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥികൾ 'കാർ റേസിങ്' നടത്തിയ സംഭവത്തിൽ നാലു പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് ആർ.ടി.ഒ അധികൃതർ അറിയിച്ചു. അപകടകരമായ രീതിയിൽ വണ്ടിയോടിച്ച വിദ്യാർഥികളെ തിരിച്ചറിഞ്ഞ് അവരുടെ ലൈസൻസിന്‍റെ പകർപ്പ് എടുത്തിട്ടുണ്ട്.
ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വണ്ടിയോടിച്ച രണ്ടു വിദ്യാർഥികൾക്കെതിരെ കമ്പളക്കാട് പൊലീസ് കേസെടുത്തിരുന്നു. അമിത വേഗതയിൽ വാഹനമോടിക്കൽ, അശ്രദ്ധമായി മനുഷ്യജീവൻ അപകടപ്പെടുത്തുന്ന രീതിയിൽ വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചാർത്തിയാണ് കേസെടുത്തത്.
കാറിലും ബൈക്കിലുമായി സ്കൂൾ ഗ്രൗണ്ടിൽ പൊടിപാറ്റി നടത്തിയ അഭ്യാസ പ്രകടനങ്ങൾ വിദ്യാർഥികൾതന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. കാറിന്‍റെ ഡോറിലിരുന്ന് യാത്രചെയ്യുന്നതടക്കമുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലുള്ളത്. അധ്യാപകരുടെയും പൊലീസിന്‍റെയും മുന്നറിയിപ്പും എതിർപ്പുകളുമൊന്നും ഗൗനിക്കാതെയായിരുന്നു അഭ്യാസങ്ങൾ. കഴിഞ്ഞദിവസം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ അഭ്യാസപ്രകടനം നടത്തി വാഹനം അപകടത്തിൽപെടുത്തിയ മൂന്നുപേരുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു. കാർ റേസിങ് നടത്തിയതിന് നാലായിരം രൂപ വീതം പിഴയും ഈടാക്കിയിരുന്നു. നടക്കാവ് പൊലീസ് ഇവർക്കെതിരെ കേസും എടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.