കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം: ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി
text_fieldsകോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസിൽ ശിക്ഷ വിധിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി. ശിക്ഷാവിധിയിൽ പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെ വാദം വെള്ളിയാഴ്ച കേട്ട കോടതി, തുടർന്ന് കേസ് നാളത്തേക്ക് മാറ്റുകയായിരുന്നു.
സ്വത്തുതർക്കത്തെ തുടർന്ന് സഹോദരൻ കാഞ്ഞിരപ്പള്ളി കരിമ്പനാൽ രഞ്ജു കുര്യൻ (50), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്‌കറിയ (പൂച്ചക്കല്ലിൽ രാജു -78) എന്നിവരെ വെടിെവച്ചുകൊന്ന കേസിൽ കാഞ്ഞിരപ്പള്ളി കരിമ്പനാൽപടി കരിമ്പനാൽ വീട്ടിൽ ജോർജ് കുര്യൻ (പാപ്പൻ -54) കുറ്റക്കാരനാണെന്ന് വ്യാഴാഴ്ച കോടതി കണ്ടെത്തിയിരുന്നു.
അപൂർവങ്ങളിൽ അപൂർവമായ കേസായി കണക്കാക്കി പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അപ്രതീക്ഷിത പ്രകോപനത്തിന്‍റെ പേരിലായിരുന്നില്ല കൊലപാതകം. നേരത്തേ തന്നെ തയാറെടുപ്പുകൾ നടത്തിയാണ് പ്രതി എത്തിയത്.
ഉന്നതനിലവാരമുള്ള സ്ഥാപനങ്ങളിൽ പഠിച്ച പ്രതിയുടെ ജീവിത സാഹചര്യങ്ങളും ഉയർന്ന നിലയിലായിരുന്നു. എന്നിട്ടും ക്രൂരകൊലപാതകമാണ് നടത്തിയത്. ഇത് കണക്കിലെടുത്താൽ പ്രതിക്ക് മാനസാന്തരം വരാനുള്ള സാധ്യതയില്ല. പ്രതി ദയ അർഹിക്കുന്നില്ലെന്നും സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. സി.എസ് അജയൻ വാദിച്ചു.
അര മണിക്കൂറോളം നീണ്ട വാദത്തിനിടെ സമാന സംഭവങ്ങളിൽ വധശിക്ഷയടക്കം നൽകിയ മുൻ വിധിന്യായങ്ങളും ചൂണ്ടിക്കാട്ടി. പരമാവധി ശിക്ഷയായ വധശിക്ഷ പ്രതിക്ക് നൽകണം. ഇതിന് കഴിയുന്നില്ലെങ്കിൽ ഇരട്ട ജീവപര്യന്തത്തിന് പ്രതി അർഹനാണ്. കൊല്ലപ്പെട്ട രഞ്ജി കുര്യന്‍റെ കുടുംബം സാമ്പത്തികമായി തകർന്നു. അതിനാൽ, ഉന്നത സാമ്പത്തികനിലയുള്ള പ്രതിയിൽ നിന്ന് ഉയർന്ന നഷ്ടപരിഹാരം ഈടാക്കി വാദിഭാഗത്തിന് നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ജോർജ് കുര്യന് സംഭവത്തിൽ പശ്ചാത്താപമുണ്ടെന്നും മാനസാന്തരത്തിനുള്ള അവസരം നൽകണമെന്നും പ്രതിഭാഗം പറഞ്ഞു. ഇതിനായി കരിക്കിൻവില്ല കൊലക്കേസും പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി. മാനസാന്തരം വന്ന ഈ കേസിലെ പ്രതി ഇപ്പോൾ ആത്മീയരംഗത്ത് സജീവമാണ്. ഇരുവിഭാഗത്തിന്‍റെയും വാദങ്ങൾ പൂർത്തിയായതിനു പിന്നാലെ വിധി പറയാനായി കേസ് ശനിയാഴ്ചത്തേക്ക് മാറ്റിയതായി കോട്ടയം അഡീഷനൽ സെഷൻസ് ജഡ്ജി ജെ. നാസർ അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.