കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്നം: വയനാട് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി
text_fieldsകല്‍പറ്റ: വനംവകുപ്പ് പിടിച്ചെടുത്ത ഭൂമി തിരിച്ചു കിട്ടാൻ വയനാട് കലക്ടറേറ്റ് പടിക്കൽ വർഷങ്ങളായി സത്യഗ്രഹം നടത്തുന്ന കുടുംബത്തിന് പ്രതീക്ഷയേകി ജില്ല കലക്ടര്‍ ഡോ.രേണുരാജ് റവന്യുവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടിക്ക് റിപ്പോര്‍ട്ട് നൽകി. അടിയന്തരാവസ്ഥക്കാലത്ത് വനംവകുപ്പ് അന്യായമായി തട്ടിയെടുത്ത 12 ഏക്കര്‍ ഭൂമി തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് 2015 ആഗസ്റ്റ് 15 മുതല്‍ സത്യാഗ്രഹ സമരം 3080 ദിവസങ്ങൾ പിന്നിട്ടു. 1996ലാണ് കാഞ്ഞിരത്തിനാല്‍ ജോര്‍ജും സഹോദരന്‍ ജോസും വയനാട്ടിലെത്തി ഭൂമി വാങ്ങിയത്. 1983 വരെ ഈ സ്ഥലത്ത് കൃഷി ചെയ്തു. സ്ഥലത്തിന് റവന്യു വകുപ്പ് നികുതിയും സ്വീകരിച്ചു. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി നിക്ഷിപ്ത വനഭൂമിയാണെന്നു പറഞ്ഞ് പിന്നീട് വനംവകുപ്പ് രംഗത്തെത്തുകയായിരുന്നു. സ്ഥലത്തെ കൃഷികള്‍ വനപാലകര്‍ വെട്ടിനശിപ്പിച്ചു. ഇതിനെതിരേ ജോര്‍ജ് നിയമയുദ്ധമാരംഭിച്ചു. ഇതിനിടയില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് 12 ഏക്കര്‍ ഭൂമിയുടെ അവകാശം നല്‍കാന്‍ മന്ത്രിസഭയില്‍ തീരുമാനമെടുത്തു.എന്നാല്‍, വനം വകുപ്പ് ഇവിടെയും തടസ്സവാദവുമായി വന്നതോടെ സ്വപ്നങ്ങള്‍ക്കെല്ലാം തിരിച്ചടിയായി. നീതിലഭിക്കാനുള്ള പോരാട്ടത്തിനിടയില്‍ 2012 ല്‍ ജോര്‍ജ്ജ് മരണപ്പെട്ടു. അതിന് മുമ്പ് 2009 ല്‍ ഭാര്യ ഏലിക്കുട്ടിയും യാത്രയായി. തുടര്‍ന്നും മരുമകന്‍ ജെയിംസ് പോരാട്ടം ഏറ്റെടുത്തു. കാഞ്ഞിരത്തിനാല്‍ കുടുംബം ഇതിനകം നീതിക്കായി മുട്ടാത്ത വാതിലുകളില്ല.
സമര്‍പ്പിച്ചത് സമഗ്ര റിപ്പോര്‍ട്ട്
ഭൂമിയുടെ അവകാശികളായ കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങളുമായി നേരില്‍ ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ ഭൂമി പ്രശ്‌നം സംബന്ധിച്ച സമഗ്രമായ റിപ്പോര്‍ട്ട് ജില്ല കലക്ടര്‍ തയാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചത്. ഭൂമിയുമായി ബന്ധപ്പെട്ട് തുടക്കം മുതലുള്ള നാള്‍വഴികളും കണ്ടെത്തലുകളും റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമീഷന്റെ 31.07.2023 ലെ ഉത്തരവ് പ്രകാരം 1985 ലെ ഫോറസ്റ്റ് ട്രൈബ്യൂണലിന്റെ വിധി റദ്ദ് ചെയ്യാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സാധ്യാമകുമോ എന്ന് പരിശോധിക്കാനും കുടുംബത്തിന് നീതി ലഭ്യമാക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു. വനംവകുപ്പിന്റെ ഭാഗത്ത് നിന്നുമുള്ള വീഴ്ചയാണ് നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും കമീഷന് ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍നടപടികളും റിപ്പോര്‍ട്ടില്‍ പരമാര്‍ശിച്ചിട്ടുണ്ട്. ഫോറസ്റ്റ് ട്രൈബ്യൂണലിന്റെ ഉത്തരവില്‍ പറയുന്ന വനഭൂമിയുടെ അതിരും കാഞ്ഞിരത്തിനാല്‍ കുടുംബം കൈവശം വെക്കുന്ന ഭൂമിയുടെ അതിരും പൊരുത്തപ്പെടുന്നതല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ജോര്‍ജ് ഹൈകോടതിയില്‍ ഫയല്‍ ചെയ്ത എം.എഫ്.എ 492.85 കേസില്‍ ഹൈകോടതിയില്‍ ആള്‍മാറാട്ടം നടന്നിട്ടുണ്ടെന്നും ജോര്‍ജിന്റെ പേരില്‍ മറ്റാരോ ഒപ്പിട്ട വക്കാലത്ത് കോടതിയില്‍ ഹാജരാക്കി കോടതിയെ തെറ്റിധരിപ്പിച്ചതായും കക്ഷികള്‍ ആരോപിച്ച സാഹചര്യത്തില്‍ ഈ വിഷയത്തില്‍ പരിശോധന ആവശ്യമാണെന്നും കലക്ടര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. നിയമസഭ ഹരജികള്‍ സംബന്ധിച്ച സമിതി 2019 ല്‍ സ്ഥല പരിശോധന നടത്തിയിരുന്നു ഇതിന്റെ തുടര്‍നടപടികളും പ്രശ്‌ന പരിഹാരങ്ങള്‍ക്ക് വേഗതകൂട്ടും. മുമ്പ് നിരവധി തവണ റവന്യുവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം നല്‍കിയ റിപ്പോര്‍ട്ടുകളെല്ലാം കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അനുകൂലമാണെന്നും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഭൂമി പ്രശ്‌നം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ഒരു കമീഷനെ നിയോഗിക്കുകയോ അല്ലെങ്കില്‍ വിജിലന്‍സ് പോലുള്ള ഏജന്‍സിയെ നിയോഗിക്കുകയോ ഇതിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നീതി വൈകരുത്; പൊരുത്തക്കേടുകള്‍ നിരത്തി കുടുംബാംഗങ്ങള്‍
1985 ലെ കോഴിക്കോട് ഫോറസ്റ്റ് ട്രീബ്യൂണലിന്റെ വിധി കോടതിയെയും സര്‍ക്കാരിനെയും തെറ്റിധരിപ്പിച്ചിട്ടുള്ളതാണ്. ഈ വിധി പ്രസ്താവിക്കുമ്പോള്‍ പ്രസ്തുതഭൂമി വനഭൂമിയായി വിജ്ഞാപനം ചെയ്തിരുന്നില്ല. ഭൂമി കുട്ടനാടന്‍ കാര്‍ഡമം കമ്പനിയില്‍ നിന്നും ജന്മം തിരാധാരം വിലക്ക് വാങ്ങിയതാണ്. മേല്‍ ഭൂമിയുടെ രേഖകളാണ് ഫോറസ്റ്റ് ട്രിബ്യൂണല്‍ അന്യായമായി 1985 ല്‍ റദ്ദുചെയ്തത്. 2009 ലെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള വനഭൂമി തൊണ്ടര്‍നാട് വില്ലേജിലാണ്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി കാഞ്ഞിരങ്ങാട് വില്ലേജിലുമാണ് സ്ഥിതിചെയ്യുന്നത്. ഈ ഭൂമി വനഭൂമിയല്ലെന്നും കൂടാതെ പരിസരത്തൊന്നും വനഭൂമിയല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഈ വിവരങ്ങള്‍ 2016 ല്‍ മാനന്തവാടി സബ്കലക്ടര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലും പരാമര്‍ശിച്ചിട്ടുളളതാണ്. ജന്മാവകാശ ഭൂമിയായതിനാല്‍ നികുതി സ്വീകരിക്കുന്നതിനും തടസ്സമുണ്ടായിരുന്നില്ല. ഈ ഭൂമി എം.പി.പി.എഫ് ആക്ടില്‍പ്പെട്ട ഭൂമിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ വനംവകുപ്പിന് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. 17.08.2009 ലെ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ 19-ാമത്തെ പേജില്‍ 01-12-1982 ലെ ഉ.5066/73 വിജ്ഞാപന പ്രകാരമുള്ള വനഭൂമി തൊണ്ടര്‍നാട് വില്ലേജിലാണെന്ന് വ്യക്തമായി പറയുന്നുണ്ട്. 28.09.2007 ല്‍ ജില്ല കലക്ടറും വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരും ഭൂമി പരിശോധിക്കുകയും 19.04.2007 ലെ ഉത്തരവില്‍ പറയുന്ന ഭൂമി കാഞ്ഞിരങ്ങാട് വില്ലേജില്‍ അല്ലെന്നും ജില്ല കലക്ടര്‍ക്കും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ബോധ്യപ്പെട്ടതാണ്.
ഈ സാഹചര്യത്തില്‍ ഫോറസ്റ്റ് 356/76 നമ്പര്‍ വിധി ദുര്‍ബലപ്പെടുത്തി റദ്ദാക്കിയ രേഖകള്‍ പുനസ്ഥാപിച്ച് ഭൂമി അവകാശികള്‍ക്ക് വിട്ടുനല്‍കണം. കോടതിയിലെ ആള്‍ മാറാട്ടങ്ങള്‍ അന്വേഷിക്കണം. റവന്യവകുപ്പ് അനുകൂല റിപ്പോര്‍ട്ടുകള്‍ നല്‍കിയെങ്കിലും നീതി വൈകുകയാണ്. ഒന്നുകില്‍ അര്‍ഹതപ്പെട്ട ഭൂമി എല്ലാ വ്യവഹാരങ്ങളും അവസാനിപ്പിച്ച് തിരികെ നല്‍കണം. അല്ലെങ്കില്‍ കുടുംബം ആവശ്യപ്പെടുന്ന വില നല്‍കണം. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് ജീവിതമാണ്. ഇതിന് പകരമാകില്ല ഒരു നഷ്ടപരിഹാരങ്ങളും. ഇതിന് കമ്പോള വില നിശ്ചയിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും കലക്ടറേറ്റിന് മുന്നിലെ സമര പന്തലില്‍ നിന്നും കാഞ്ഞിരത്തിനാല്‍ ജെയിംസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.