യോഗ ദിനചര്യ; പാപ്പച്ചി ഡബ്ൾ ഹാപ്പി
text_fieldsമുണ്ടക്കയം: നാലുപതിറ്റാണ്ടായി യോഗ ദിനചര്യയായ പാപ്പച്ചി ചേട്ടൻ ഡബ്ൾ ഹാപ്പി. 40ാം വയസ്സിലാണ് കൂട്ടിക്കൽ ചപ്പാത്ത് കണ്ണംകുളം ജോസഫ് എന്ന പാപ്പച്ചി യോഗയുമായി കൂട്ടുകൂടിയത്. വയസ്സ് 83ൽ എത്തിയിട്ടും യോഗ ഉപേക്ഷിച്ചിട്ടില്ല.
രാവിലെ എഴുന്നേറ്റാൽ വെറുംവയറ്റിൽ 30 മിനിറ്റ് നീളുന്ന യോഗ രീതികൾ ചെയ്യും. 40ാമത്തെ വയസ്സിൽ പത്രത്തിൽനിന്നുള്ള അറിവിലൂടെയാണ് യോഗ എന്താണെന്ന് മനസ്സിലാക്കിയത്. വ്യായാമരീതികൾ ചിത്രങ്ങൾ നോക്കി അതേപോലെ ചെയ്തുതുടങ്ങിയതാണ്. പിന്നീട് യോഗ സംബന്ധിച്ച പുസ്തകം വാങ്ങി രീതികൾ സ്വയം പഠിച്ചെടുത്തു.
നാടാകെ യോഗ പരിശീലന കേന്ദ്രങ്ങൾ കൂണുപോലെ മുളച്ചിട്ടും ഈ തലമുറ അവഗണിക്കുമ്പോഴും പാപ്പച്ചി ഒരു യോഗ പരിശീലന സെൻററിലും പോയിട്ടിെല്ലന്ന് സന്തോഷത്തോടെ പറയുന്നു. ആദ്യമൊക്കെ വീട്ടുകാരും നാട്ടുകാരും കളിയാക്കുമായിരുന്നെങ്കിലും പാപ്പച്ചിയുടെ ശീലം നാട്ടുകാർക്കും ശീലമായി. പിന്നീടത് അഭിമാനമായി.
യോഗ ചെയ്യുന്നതിനാൽ പ്രമേഹവും രക്തസമ്മർദവും ഒന്നും വന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പമ്പ ഫെർട്ടിലൈസേഴ്സ് എന്ന വളംവിതരണ കമ്പനിയുടെ പ്രതിനിധിയായി ജോലി ചെയ്തിരുന്നു. യോഗ ഇനിയുള്ള കാലം നിർബന്ധമാക്കണം. ജീവിതശൈലീരോഗം തടയാൻ മരുന്നല്ല വേണ്ടത്, വേണ്ടത് യോഗ തന്നെയെന്ന് പാപ്പച്ചി ചേട്ടൻ യുവതലമുറയെ ഉപദേശിക്കുന്നു. 83 ആയില്ലേയെന്ന് ആരെങ്കിലും ചോദിച്ചാൽ ''പ്രായത്തിലല്ലല്ലോ കാര്യം, യോഗ ചെയ്യുന്നതിനല്ലേ കാര്യം'' -ചിരിയോടെ പാപ്പച്ചി ചേട്ടൻ ചോദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.