എഴുത്തുകാരൻ കണ്ണൻ കരിങ്ങാട് അന്തരിച്ചു
text_fieldsകുറ്റ്യാടി: എഴുത്തുകാരൻ കണ്ണന് കരിങ്ങാട് (66) അന്തരിച്ചു. കുറ്റ്യാടിക്കടുത്ത ചങ്ങരംകുളത്തായിരുന്നു താമസം. പൂര്‍വ്വാപരം, പ്രതിലോകം എന്നീ രണ്ടു നോവല്‍കൊണ്ട് എഴുത്തുകാരെയും വായനലോകത്തെയും വിസ്മയിപ്പിച്ച എഴുത്തുകാരനായിരുന്നു കണ്ണൻ കരിങ്ങാട്.
സാധാരണ തൊഴിലാളിയായിരുന്നു. എഴുത്തിെൻറ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ മടിക്കുകയോ അരികുചേര്‍ന്നു ജീവിക്കുകയോ ചെയ്യുന്നവരെ കണ്ടെത്താന്‍ ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച 10 പുസ്തകങ്ങളിലൊന്നായിരുന്നു 'പൂര്‍വ്വാപരം'. തുടര്‍ന്ന് പൂർണ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച 'പ്രതിലോകം' മഹാഭാരതകഥയിലെ മൗനത്തെ ചികഞ്ഞെടുത്ത കൃതിയായിരുന്നു. പ്രതിലോകത്തിന് പൂർണ അവാര്‍ഡ് ലഭിച്ചു.
താനൊരു ഏകലവ്യനാണെന്നും അദൃശ്യഗുരു ഒ.വി. വിജയനാണെന്നും കണ്ണന് കരിങ്ങാട് പറഞ്ഞിട്ടുണ്ട്. 'ഗോമറയിലെ കാമധേനുക്കള്‍'എന്ന ചെറുകഥയാണ് കഥാജീവിതത്തിന് വഴിത്തിരിവായത്. തെക്കേയിന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസില്‍ പലതവണ പ്രബന്ധമവതരിപ്പിച്ചിട്ടുണ്ട് കണ്ണന് കരിങ്ങാട്. തിരമാലകളില്‍നിന്ന് വൈദ്യുതി, കാട്ടാനകളെ വിരട്ടാനുള്ള യന്ത്രം, ഭൂമികുലുക്കം മുന്‍കൂട്ടി അറിയാനുള്ള യന്ത്രം തുടങ്ങിയവ അദ്ദേഹം സ്വന്തമായി നിർമിച്ചു. സി.പി.എം കരിങ്ങാട് ബ്രാഞ്ച് സെക്രട്ടറിയായും പുരോഗമന കലാ സാഹിത്യ സംഘത്തിലും പ്രവർത്തിച്ചിട്ടുണ്ട്. തോട്ടക്കാട് മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. ഭാര്യ: സരോജിനി. മക്കൾ: ജിനീഷ്, ജിഷ. മരുമകന്: മനോജന് (കൈവേലി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.