കണ്ണോത്ത് മല ദുരന്തം; അപകടകാരണം അന്വേഷിക്കും - മന്ത്രി എ.കെ. ശശീന്ദ്രൻ
text_fieldsമാനന്തവാടി: കണ്ണോത്ത് മല വാഹന അപകട ദുരന്തകാരണം വിശദമായി അന്വേഷിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. കണ്ണോത്ത് മല ദുരന്ത സ്ഥലത്ത് സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച അപകടത്തിൽ മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ട നടപടികൾ വയനാട് മെഡിക്കൽ കോളജിൽ വിലയിരുത്തിയതിന് ശേഷമാണ് മന്ത്രി കണ്ണോത്ത് മലയിലെത്തിയത്.
റോഡിൻ്റെ നിർമിതിയും പരിശോധിക്കും. ജില്ല കലക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. റോഡിൻ്റെ അപാകതകൾ ശ്രദ്ധയിൽപ്പെട്ടാൽ അത് ഉടനടി പരിഹരിക്കാനുള്ള നിർദേശങ്ങൾ നൽകും. സുരക്ഷ വർധിപ്പിക്കാൻ ക്രാഷ് ഗാർഡ് അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിന് ദൃക്സാക്ഷികളായവരിൽ നിന്നും മന്ത്രി എ.കെ.ശശീന്ദ്രൻ വിവരങ്ങൾ ചോദിച്ചറിഞ്ഞു.
അപകടം നടന്നയുടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ മന്ത്രി അഭിനന്ദിച്ചു. റോഡിൻ്റെ സുരക്ഷ വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ മന്ത്രിയോട് ആവശ്യപ്പെട്ടു. വിശദമായി റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ഇതു സംബന്ധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഒ.ആർ.കേളു എം.എൽ.എ, ജില്ലാ പൊലീസ് മേധാവി പദം സിങ്ങ്, ജനപ്രതിനിധികൾ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.